

വാഷിങ്ടൺ: അമേരിക്കൻ സൈന്യം ബന്ദിയാക്കിയ വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്ത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് വാഷിങ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വച്ച് കൈവിലങ്ങണിഞ്ഞ് നിൽക്കുന്ന മഡൂറോയുടെ ചിത്രം പുറത്തുവിട്ടത്.
നിക്കോളാസ് മഡൂറോയുടെ കണ്ണുകളും മറച്ചിട്ടുണ്ട്. ഔദ്യോഗിക വേഷത്തിൽ ആയിരുന്നില്ല അദ്ദേഹം. തണുപ്പ് കാലത്ത് ധരിക്കുന്ന ട്രാക്ക് സ്യൂട്ടായിരുന്നു അദ്ദേഹത്തിൻ്റെ വേഷം. മഡൂറോയേയും ഭാര്യയേയും ഉടനെ ന്യൂയോർക്കിലേക്ക് എത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
2026 ജനുവരി മൂന്നിനാണ് വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ യുഎസ് സേനയിലെ പ്രത്യേക ദൗത്യസംഘമായ ഡെൽറ്റ ഫോഴ്സ് ആണ് കസ്റ്റഡിയിൽ എടുത്തതെന്ന് യുഎസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഓപ്പറേഷൻ്റെ വിശദാംശങ്ങളൊന്നും ഇതേവരെ പുറത്തുവിട്ടിട്ടില്ല. മഡൂറോയേയും ഭാര്യയേയും രാജ്യത്തിന് പുറത്തേക്ക് സുരക്ഷിതമായി മാറ്റിയെന്ന വിവരം മാത്രമാണ് ലഭിക്കുന്നത്.