

കാരക്കാസ്: തങ്ങളുടെ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും യുഎസ് ബന്ദികളാക്കിയെങ്കിൽ അവർ ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവ് ഹാജരാക്കണമെന്ന് വെനസ്വേലൻ വൈസ് പ്രസിഡൻ്റ് ആവശ്യപ്പെട്ടു. വെനസ്വേലൻ പ്രസിഡൻ്റ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും രാജ്യത്തിന് പുറത്തെത്തിച്ചുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷം പ്രസിഡൻ്റും ഭാര്യയും എവിടെയാണെന്ന് സർക്കാരിന് അറിയില്ലെന്ന് വെനസ്വേലയുടെ വൈസ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് ദേശീയ ചാനലിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.
"വെനസ്വേലയ്ക്ക് നേരെയും അവിടുത്തെ ജനങ്ങൾക്കും നേരെയും യുഎസ് സർക്കാർ നടത്തുന്ന അങ്ങേയറ്റം ഗുരുതരമായ സൈനിക ആക്രമണങ്ങളെ വെനസ്വേല ശക്തമായ ഭാഷയിൽ അപലപിച്ചു. സംഭവത്തെ അന്താരാഷ്ട്ര സമൂഹം ഒന്നാകെ അപലപിക്കണമെന്ന് വെനസ്വേലൻ സർക്കാർ അഭ്യർഥിച്ചു.
വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ യുഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവിടെ ക്രിമിനൽ വിചാരണ നേരിടേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. യൂട്ടാ സെനറ്റർ മൈക്ക് ലീയെ ഉദ്ധരിച്ചാണ് ഈ വാർത്ത അവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും യുഎസിൽ വിചാരണ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ശനിയാഴ്ച തന്നെ അറിയിച്ചെന്നും മൈക്ക് ലീ എക്സിൽ കുറിച്ചു.