മലപ്പുറം: ഓണം പരമാവധി കളറാക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് നമ്മൾ മലയാളികൾ. അതിനായി എത്ര കാശുവേണേലും നമ്മൾ പൊട്ടിക്കും! എത്ര കൊടിയ സാഹസം വേണമെങ്കിലും കാണിക്കുകയും ചെയ്യും.
മലപ്പുറത്ത് കോളേജിലെ ഓണാഘോഷ പരിപാടിക്കായി ക്യാമ്പസിലെത്തിയ മാവേലിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്യാമ്പസിലെ പിള്ളേരും നാട്ടുകാരും.
പാതാളത്ത് നിന്ന് അപ്രതീക്ഷിതമായി കിട്ടിയ ഹെലികോപ്റ്ററിൽ ഓണം കളറാക്കാൻ മഹാബലി തമ്പുരാൻ എഴുന്നള്ളിയത് കിടിലനൊരു ഹെലികോപ്റ്ററിൽ ആയിരുന്നു.
മലപ്പുറത്ത് രാമപുരം ജെംസ് കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മാവേലിക്ക് വിദ്യാർഥികളും പൂർവ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വമ്പൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
3.5 ലക്ഷം രൂപ വാടക നൽകിയാണ് ജോയ് ആലുക്കാസിന്റെ ഹെലികോപ്റ്റർ ക്യാമ്പസിൽ എത്തിച്ച് വിദ്യാർഥികൾ ഓണാഘോഷം കളറാക്കിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
പിള്ളേരുടെ ഓണ വൈബ് കൊള്ളാമെന്നും സംഗതി വെറൈറ്റിയായെന്നും ഒരു വിഭാഗം ആളുകൾ കമൻ്റിടുമ്പോൾ, കാണം വിറ്റും ഓണമുണ്ണണമെന്ന പഴഞ്ചൊല്ലിൽ നിന്ന് മലയാളക്കര അതിവേഗം ബഹുദൂരം മുന്നോട്ട് പോയെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ പ്രതികരണം. അനാവശ്യമായ പാഴ് ചെലവാണിതെന്നാണ് മറ്റൊരു കൂട്ടരുടെ പ്രതികരണങ്ങൾ.