

അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഭരണത്തില്‍ തലമുറ മാറ്റത്തിന്റെ കേളികൊട്ടാണ്. ബംഗ്ലാദേശ് സ്വതന്ത്ര്യ സമരത്തിലെ പ്രമുഖനായ മുന്‍ പ്രസിഡന്റ് സിയവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്‌മാന്‍ പുതിയ പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുത്തുകഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം ബംഗ്ലാദേശിന്റെ ഭാഗദേയം നിര്‍ണയിച്ച ചരിത്ര വനിതകളായ ഖാലിദ സിയ അടുത്തിടെ അന്തരിക്കുകയും ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയാര്‍ഥിയായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 2024ല്‍ ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ ജെന്‍സി പ്രക്ഷോഭാനന്തര സംഭവങ്ങളെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
ഇതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം തെരഞ്ഞെടുപ്പില്‍ പ്രകടമായപ്പോള്‍ 297ല്‍ 212 സീറ്റ് നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ടി (ബിഎന്‍പി) സഖ്യം വന്‍ തിരിച്ചുവരവാണ് നടത്തി. അവാമി ലീഗിനെ മാറ്റിനിര്‍ത്തി നടന്ന തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി സഖ്യം 68 സീറ്റോടെ മുഖ്യപ്രതിപക്ഷ കക്ഷിയായി. അതായത് മതേതര ഭരണഘടയില്‍ രൂപീകൃതമായ നമ്മുടെ അയല്‍ സംസ്ഥാനത്ത് ബംഗ്ലാദേശി ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ബി.എന്‍.പി അധികാരത്തിലും മുസ്ലിം സ്വത്വവാദികളായ ഇസ്ലാമിക രാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമി പ്രധാന പ്രതിപക്ഷ കക്ഷിയും ആയിരിക്കുന്നു. ഇന്ത്യയോട് അടുപ്പം പുലര്‍ത്തിയിരുന്ന ഷെയ്ഖ് ഹസീനയാകട്ടെ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഇന്ത്യയില്‍ രാഷ്ട്രീയ അഭയത്തിലുമാണ്. തന്ത്രപരമായി ഇന്ത്യക്ക് അവശ്യം അടുപ്പം പുലര്‍ത്തേണ്ട ബംഗ്ലാദേശിലെ ഈ രാഷ്ട്രീയ മാറ്റം ഇന്ത്യക്ക് ഗുണകരമാകുമോ?
പിറവിയെടുത്തിട്ട് 55 വര്‍ഷം തികയാന്‍ പോകുന്ന ബംഗ്ലാദേശ് തുടക്കം മുതല്‍ രക്തരൂഷിതമായ അധ്യായങ്ങളിലൂടെയാണ് കടന്നുപോയത്. രാഷ്ട്രപിതാവും അവാമി ലീഗ് സ്ഥാപകനുമായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാനും ഭൂരിപക്ഷം കുടുംബാംഗങ്ങളും നാലുവര്‍ഷത്തിനകം പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടു. അട്ടിമറിക്കാലത്ത് സൈന്യത്തിന്റെ ഉപമേധാവിയായിരുന്ന സിയ ഉര്‍ റഹ്‌മാന്‍ പിന്നീട് പ്രസിഡന്റായിരിക്കെ ആറുവര്‍ഷത്തിനകം അടുത്ത പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെട്ടു. പിന്നീട് പതിറ്റാണ്ടോളം നീണ്ട പട്ടാളവാഴ്ചയ്ക്കുശേഷം 1991ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതുമുതല്‍ സിയയുടെ ഭാര്യ ഖാലിദ സിയ നയിച്ച ബിഎന്‍പിയും മുജിബിന്റെ മകള്‍ ഷെയ്ഖ് ഹസീന നയിക്കുന്ന അവാമി ലീഗുമാണ് മാറിമാറി ഭരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് ധാക്കയില്‍ 60 കാരനായ താരിഖ് റഹ്‌മാന്‍ ചെരിപ്പ് അഴിച്ചുവെച്ച് മാതൃഭൂമിക്ക് അഭിവാദ്യം അര്‍പ്പിച്ച് നടന്നിറങ്ങുമ്പോള്‍ രണ്ട് മാസത്തിനിപ്പുറമുള്ള പ്രധാനമന്ത്രി പദം പ്രതീക്ഷിച്ചിരിക്കണം. ആ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 2006ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടഞ്ഞവരോടുള്ള താരിഖിന്റെ മധുര പ്രതികാരമാണ് ഈ വിജയം. ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തിയ 2006ലായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താരിഖിനെ ഭരണകൂടം തടഞ്ഞത്. പിന്നീട് ഷെയ്ഖ് ഹസീനയുടെ ഭരണത്തില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. വീട്ടുതടങ്കലിലാക്കി, കൊടിയ മര്‍ദനത്തിന് വിധേയനാക്കി, ചികിത്സക്കായി വീല്‍ ചെയറില്‍ കൊണ്ടുപോകുന്ന താരിഖിന്റെ ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല.
ഇരുണ്ട ഭൂതകാലങ്ങളിലെ രാജകുമാരന്‍ എന്നാണ് 2005ല്‍ അമേരിക്കന്‍ നയതന്ത്ര രേഖകളില്‍ ഒരിടത്ത് താരിഖിനെ സൂചിപ്പിച്ചത്. മാതാവിന്റെ ഭരണത്തില്‍ സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ലെങ്കിലും തിരശ്ശീലക്ക് പിന്നിലെ ശക്തനായിരുന്നു താരിഖ്. ധാക്കയില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹവാ ഭബാന്‍ എന്ന അദ്ദേഹത്തിന്റെ ഭവനം സമാന്തര അധികാരകേന്ദ്രമായി പ്രവര്‍ത്തിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദശകങ്ങളായി ബംഗ്ലാദേശിന്റെ രാഷ്ട്രീയം ചലിച്ചിരുന്നത് അവാമി ലീഗിനെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെയും കേന്ദ്രീകരിച്ചായിരുന്നു. സെക്യുലര്‍ രാഷ്ട്രീയമാണ് അവാമി ലീഗ് ഉയര്‍ത്തിപ്പിടിച്ചതെങ്കില്‍ ബി.എന്‍.പി ഉയര്‍ത്തിയത് ബംഗ്ലാദേശ് ദേശീയതയില്‍ ഊന്നിയുള്ള രാഷ്്രടീയമായിരുന്നു. ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ പട്ടാള ഭരണത്തിലും തുടര്‍ന്ന് ജനാധിപത്യ പ്രക്രിയയിലേക്കുള്ള ചുവടുമാറ്റത്തിലും ഈ നയം വ്യക്തമായിരുന്നു. പാകിസ്ഥാന്‍ അനുകൂല ഇന്ത്യ വിരുദ്ധ നിലപാടുള്ള ജമാഅത്തെ ഇസ്ലാമി ഇടക്കാലത്ത് ഖാലിദ സിയയുടെ ഭരണത്തില്‍ സഖ്യകക്ഷിയായിരുന്നു. താരിഖിനെതിരെയുള്ള കേസുകള്‍ റദ്ദാക്കിയതിലും അദ്ദേഹത്തെ തിരികെ എത്തിക്കുന്നതിലും ജമാഅത്തെയുടെ പിന്തുണ ഉണ്ടായിരുന്നു. 2024 ജൂലൈയിലാണ് ജെന്‍സി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഭരണം ഉപേക്ഷിച്ച് ഷെയ്ഖ് ഹസീനക്ക് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടേണ്ടിവന്നത്. ഈ പ്രക്ഷോഭകാലത്താണ് ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ സമരം നയിച്ച വിദ്യാര്‍ഥികള്‍ പുതുതായി രൂപീകരിച്ച തസ്‌നിം ജാരയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സിറ്റിസണ്‍ പാര്‍ട്ടി ഉയര്‍ന്നുവന്നതും ജമാ അത്തെ ഇസ്ലാമിയുമൊപ്പം കൈകോര്‍ത്ത് പ്രക്ഷോഭം നയിച്ചതും.
ഷെയ്ഖ് ഹസീന അധികാരം വിട്ട് ഇന്ത്യയില്‍ അഭയം തേടിയത് മുതല്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. അതേസമയം പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്തു. ബംഗ്ലാദേശ് പ്രത്യേക കോടതി വധശിക്ഷ വിധിച്ച ശൈഖ് ഹസീനയെ വിട്ടു നല്‍കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹസീനയെ വിട്ടുനല്‍കാന്‍ ഇന്ത്യ തയ്യാറാകുമെന്നും തോന്നുന്നില്ല. ബിഎന്‍പി ഈ വിഷയം വീണ്ടും ഉയര്‍ത്തും എന്നുറപ്പാണ്. അതുതന്നെയാകും അദ്ദേഹത്തിനുള്ള വെല്ലുവിളികളില്‍ ഒന്ന്. വ്യക്തിപരമായി താരിഖിനും ഇതേ വിഷയം സജീവമാക്കുന്നതില്‍ താത്പര്യക്കുടുതലുണ്ടാകും. റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയും മതതീവ്രവാദികളുടെയും ചട്ടുകമായി മാറിയ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാരിന്റെ നടപടികളില്‍ ഇന്ത്യ കടുത്ത അമര്‍ഷത്തിലായിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകര ഗ്രൂപ്പുകള്‍ക്ക് നേരെ അക്കാലത്ത് കണ്ണടച്ചെന്നും വടക്കുകിഴക്കന്‍ കലാപകാരികള്‍ക്ക് ബംഗ്ലാദേശില്‍ അഭയം നല്‍കിയെന്നും ഇന്ത്യ ആരോപിച്ചിരുന്നു. 2004ലെ ചിറ്റഗോംഗ് ആയുധക്കടത്തിന് പിന്നില്‍ താരിഖാണെന്ന ആരോപണം ഇന്ത്യ ഉയര്‍ത്തിയിരുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഉള്‍ഫാ തീവ്രവാദികള്‍ക്കായി കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന, ചൈനീസ് നിര്‍മിത വന്‍ ആയുധശേഖര കടത്തായിരുന്നു അന്ന് തടയപ്പെട്ടത്. ഇതേ സമീപനമാകുമോ പുതിയ സര്‍ക്കാരും തുടരുക എന്ന ആശങ്ക ഇന്ത്യക്കുണ്ട്.
ഇന്ത്യയും ബംഗ്ലാദേശും നാലായിരം കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ 94 ശതമാനവും ഇന്ത്യയോട് ചേര്‍ന്നാണ്. അതുകൊണ്ട് സൗഹൃദം തുടരേണ്ടത് ഇരുരാജ്യങ്ങളുടെയും സുരക്ഷക്ക് ആവശ്യവുമാണ്. ഈ അതിര്‍ത്തി പ്രദേശങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്ക് മേല്‍കൈ നല്‍കിയ പ്രദേശങ്ങളാണെന്നതാണ് ശ്രദ്ധേയം. കടുത്ത ഇന്ത്യ വിരുദ്ധ മനോഭാവം തുടരുന്ന വിദ്യാര്‍ഥി നേതാക്കളെയും കൈകാര്യം ചെയ്യുക എന്നത് താരിഖിന് എളുപ്പമാകില്ല. ചൈനയുടെയും പാകിസ്ഥാന്റെയും സമ്മര്‍ദങ്ങള്‍ക്ക് സ്വാധീനിക്കപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റ വിഷയത്തിലെ നിലപാടുകളും നിര്‍ണായകമാണ്. രാജ്യത്തിന്റെ അതിര്‍ത്തി പങ്കിടുന്ന സിലിഗുരി ഇടനാഴിയും അതിലെ ചൈനീസ് ഇടപെടലും നയതന്ത്ര വിഷയമാണ്.
ഊര്‍ജം, വെള്ളം വിഷയത്തില്‍ ഇന്ത്യയുടെ സഹകരണം ബംഗ്ലാദേശിന് അനിവാര്യമാണ്. കാരണം ടീസ്റ്റ, പത്മ തുടങ്ങിയ നദികളില്‍ നിന്നുള്ള ന്യായമായ ജലം ഉറപ്പാക്കുക എന്നത് ബംഗ്ലാദേശിന്റെ ആവശ്യമാണ്. ബംഗ്ലാദേശിന്റെ ജനാധിപത്യത്തിന് കരുത്ത് പകരുന്ന പല പരിഷ്‌കാരങ്ങള്‍ക്കും വോട്ടര്‍മാര്‍ അംഗീകാരം നല്‍കി എന്നത് ശുഭസൂചന നടല്‍കുന്നു. പ്രസിഡന്റിന് കൂടുതല്‍ അധികാരം, രണ്ട് തവണയില്‍ കൂടുതല്‍ പ്രധാനമന്ത്രിപദ തുടര്‍ച്ച പാടില്ല, പാര്‍ലമെന്റില്‍ ദ്വിമണ്ഡല സംവിധാനം തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലെ ബിഎന്‍പിയുടെ വിജയത്തില്‍ ആദ്യം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം തുടരുന്ന നടപടികള്‍ അത്യാവശ്യം തന്നെ. ജനാധിപത്യത്തില്‍ നിന്ന് നമ്മുടെ അയല്‍രാജ്യം വ്യതിചലിച്ചാല്‍ അത് കൂടുതല്‍ ബാധിക്കുക ഇന്ത്യക്ക് തന്നെയായിരിക്കും.