

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തില്‍ തിരിച്ചെത്തിയ വി.ഡി. സതീശന് സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉയരുന്നത് അധികാരസ്ഥാനങ്ങള്‍ വീതംവയ്ക്കുന്നതിനെച്ചൊല്ലിയുള്ള കടുത്ത കലഹങ്ങളാണ്. സര്‍ക്കാരിന്റെ ആദ്യഘട്ടത്തിലെ രാഷ്ട്രീയ മധുവിധുകാലം അവസാനിക്കുമ്പോള്‍, ബോര്‍ഡ് കോര്പ്പറേഷന് അധ്യക്ഷ പദവികളുടെ വിഭജനത്തെച്ചൊല്ലി യു.ഡി.എഫിലും കോണ്‍ഗ്രസിനുള്ളിലും ഉരുണ്ടുകൂടിയ അതൃപ്തി പരസ്യമായ പ്രതിഷേധങ്ങളിലേക്ക് വഴിമാറുന്നു. ഈ കോലാഹലങ്ങള്‍ക്കിടയില്‍ മറക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. രാഷ്ട്രീയ നിയമനങ്ങള്‍ക്കായി മാത്രം കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ളത് ബോര്‍ഡും കോര്‍പ്പറേഷനും കമ്മീഷനും കമ്പനിയുമെല്ലാമായി 419 സ്ഥാപനങ്ങളാണ്. ഇവിടെ ആയിരക്കണക്കിന് രാഷ്ട്രീയ നിയമനങ്ങളാണ് നടക്കാന്‍ പോകുന്നത്.
എന്തിനീ രാഷ്ട്രീയ പുനരധിവാസ ബോര്‍ഡുകള്‍
മുന്നണിയിലെ തര്‍ക്കങ്ങള്‍ക്കൊപ്പം തന്നെ കോണ്‍ഗ്രസിനുള്ളിലും കലാപക്കൊടി ഉയര്‍ന്നിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് ശേഷം ശിഥിലമായിരുന്ന 'എ' ഗ്രൂപ്പ് ഇപ്പോള്‍ വീണ്ടും സംഘടിച്ചു കളത്തിലിറങ്ങിയിരിക്കുന്നു. ബോര്‍ഡ്-കോര്പ്പറേഷന് വീതംവയ്പ് ചര്‍ച്ചകള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്, കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരില്‍ മാത്രമായി ഒതുങ്ങുന്നതിലാണ് എ ഗ്രൂപ്പിന്റെ കടുത്ത പ്രതിഷേധം. ബോര്‍ഡ്-കോര്പ്പറേഷന് നിയമനം വൈകുന്നത് മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച പൂര്‍ത്തിയാകാത്തത് കൊണ്ടെന്ന് കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫും എം.ലിജുവും വ്യക്തമാക്കിക്കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് ഘടകകക്ഷികളില്‍ നിന്ന് ഇത്രയും രൂക്ഷമായ പരസ്യപ്രതികരണം ഉണ്ടാകുന്നത് ഇതാദ്യമാണ്. യു.ഡി.എഫ്. അധികാരത്തിലിരിക്കുമ്പോള്‍ എല്‍.ഡി.എഫ്. നിയമിച്ച ചെയര്മാന്മാര് തന്നെ ഇപ്പോഴും സ്ഥാനത്ത് തുടരുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്ന് ആര്.എസ്.പി. സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ തുറന്നടിച്ചു. 2011-16 കാലത്ത് ഒരൊറ്റ എം.എല്‍.എ. മാത്രമുണ്ടായിരുന്നപ്പോള്‍ ഒമ്പത് പദവികള്‍ ലഭിച്ച ആര്.എസ്.പിക്ക്, ഇന്ന് മൂന്ന് എം.എല്‍.എമാരുണ്ടായിട്ടും ചോദിച്ച പതിനഞ്ച് സ്ഥാനങ്ങള്‍ക്ക് പകരം വെറും നാല് എണ്ണം മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സമാനമായ നിരാശയിലാണ് മറ്റ് ഘടകകക്ഷികളും.
പരാതിയില്ലാത്തത് ലീഗിന് മാത്രം
ഏഴ് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ വൈകുന്നതില്‍ കടുത്ത അസംതൃപ്തിയിലാണ്. ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നില്ലെന്നും, തീരുമാനങ്ങള്‍ നീളുന്നതിന്റെ തടസ്സം എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മന്ത്രി മോന്‍സ് ജോസഫ് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനിടെ മൂന്ന് കോര്‍പ്പറേഷനുകളുള്ള കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അഞ്ച് പദവികള്‍ക്കായി അവകാശവാദം ഉന്നയിക്കുമ്പോള്‍, ക്യാബിനറ്റ് റാങ്കോടെയുള്ള നോര്‍ക്ക വൈസ് ചെയര്മാന് സ്ഥാനം പ്രതീക്ഷിച്ച് മാണി സി. കാപ്പനും രംഗത്തുണ്ട്. കൂടാതെ, കെ.ടി.ഡി.സി. ചെയര്മാന് പദവിയടക്കം നാല് സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് പി.വി. അന്‍വര്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയതോടെ മുന്നണിക്കുള്ളിലെ വിലപേശലുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. എന്നാല്‍, മുന്നണിയില്‍ യാതൊരു പരാതിയും ഇല്ലാത്ത ഒരേയൊരു കക്ഷി മുസ്ലിം ലീഗ് മാത്രമാണ്. കോണ്‍ഗ്രസിലും മറ്റ് ഘടകകക്ഷികളിലും അനിശ്ചിതത്വം തുടരുമ്പോള്‍, മുസ്ലിം ലീഗിന് ഇരുപത്തി രണ്ട് ചെയര്മാന് സ്ഥാനങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തിമൂന്ന് പദവികള്‍ നല്കാന് ധാരണയായിക്കഴിഞ്ഞു. കെഡെല്, കെല്, ട്രാക്കോ കേബിള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ലീഗ് പ്രതിനിധികള്‍ ചുമതലയേല്‍ക്കുകയും, പി.എം.എ. സലാം, സി.കെ. സുബൈര്‍ തുടങ്ങിയ നേതാക്കള്‍ക്കായി സില്‍ക്ക്, കെ.എസ്.ഐ.ഇ. പോലുള്ള സുപ്രധാന സ്ഥാപനങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തു.
അധികാര വീതംവയ്പിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍
ഇത്രയധികം കലഹങ്ങള്‍ക്കും വിലപേശലുകള്‍ക്കും കാരണമാകുന്ന ആ സ്ഥാപനങ്ങളുടെ എണ്ണം കേട്ടാല്‍ ഏതൊരാളും ഞെട്ടിപ്പോകും. രാഷ്ട്രീയ നിയമനങ്ങള്‍ക്കായി മാത്രം കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ളത് ബോര്‍ഡും കോര്‍പ്പറേഷനും കമ്മീഷനുമെല്ലാമായി 419 സ്ഥാപനങ്ങളാണ്. വ്യവസായ വകുപ്പില്‍ മാത്രം 70 സ്ഥാപനങ്ങള്‍. സാംസ്കാരിക വകുപ്പില്‍ 33. ആരോഗ്യ-കുടുംബക്ഷേമ വകുപ്പില്‍ 27. സഹകരണ വകുപ്പില്‍ 22. തൊഴില്‍ വകുപ്പില്‍ 18. ഐടി വകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലും 15 വീതം.. ഈ സ്ഥാപനങ്ങളുടെ ചെയര്മാന് സ്ഥാനം മാത്രമല്ല, ഇവയുടെ ഡയറക്ടര്‍ ബോര്‍ഡുകളിലേക്കും പത്തിലധികം പേരെ വീതം രാഷ്ട്രീയ താല്പര്യത്തില് നിയമിക്കാം. അതായത്, ആയിരക്കണക്കിന് രാഷ്ട്രീയ നിയമനങ്ങളാണ് പൊതുഖജനാവിന്റെ ചെലവില്‍ നടക്കാന്‍ പോകുന്നത്. ഏറ്റവും വലിയ വിരോധാഭാസം, ഈ സ്ഥാപനങ്ങളില്‍ പലതും ഒരേ സ്വഭാവമുള്ളതും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമാണ് എന്നതാണ്. കൃഷിവകുപ്പില്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ഉള്ളപ്പോള്‍ത്തന്നെ അഗ്രോ മെഷിനറി കോര്‍പ്പറേഷനും വേറെയുണ്ട്. വ്യവസായ വകുപ്പില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സമാന്തരമായി പ്രവര്‍ത്തിക്കുന്നു. ടൂറിസം രംഗത്ത് കെ.ടി.ഡി.സിയും ജില്ലാ കൗണ്‍സിലുകളും ഉള്ളപ്പോള്‍ വര്‍ക്കലയ്ക്കും തെന്മലയ്ക്കും ബേക്കലിനുമെല്ലാം പ്രത്യേക കോര്‍പ്പറേഷനുകള്‍ വേറെയും. ഒരേ ജോലി ചെയ്യാന്‍ പല പേരുകളില്‍ ഓഫീസുകളും, ഉദ്യോഗസ്ഥരും, ഔദ്യോഗിക കാറുകളും. ഈ ധൂര്‍ത്തിലൂടെ ഇരട്ടിക്കുന്നത് സാധാരണക്കാരന്റെ നികുതിപ്പണമാണ്.
അഴിമതി അവകാശമാകുന്നുവോ ?
പൊതുഖജനാവില്‍ നിന്ന് കോടികള്‍ ഒഴുക്കി തീറ്റിപ്പോറ്റുന്ന പല ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഇന്ന് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി മാറിക്കഴിഞ്ഞു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും നിയമസഭാ സമിതികളുടെയും റിപ്പോര്‍ട്ടുകള്‍ ഓരോ തവണ പുറത്തുവരുമ്പോഴും ഞെട്ടിക്കുന്ന കണക്കുകളാണ് വെളിപ്പെടുന്നത്. നൂറിലധികം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത സാമ്പത്തിക നഷ്ടത്തിലാണ്. എന്നാല്‍, ഈ നഷ്ടക്കണക്കുകള്‍ക്കിടയിലും ചെയര്മാന്മാര്ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും വേണ്ടി ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും, ഓഫീസ് മോടിപിടിപ്പിക്കുന്നതിനും, വിദേശയാത്രകള്‍ നടത്തുന്നതിനും യാതൊരു കുറവുമില്ല. കൃത്യസമയത്ത് കണക്കുകള്‍ ഓഡിറ്റിംഗിന് പോലും സമര്‍പ്പിക്കാതെ, വര്‍ഷങ്ങളോളം കോടികളുടെ ക്രമക്കേടുകള്‍ മറച്ചുവെക്കുന്ന പ്രവണതയ്ക്കെതിരെ സി.എ.ജി തന്നെ പലതവണ കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി, കണ്‍സ്യൂമര്‍ഫെഡ്, ബെവ്കോ, കെ.എസ്.എഫ്.ഇ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളിലെല്ലാം പലപ്പോഴായി പുറത്തുവന്ന പര്‍ച്ചേസിംഗ് അഴിമതികളും ഫണ്ട് തിരിമറികളും ഇതിന് ഉദാഹരണമാണ്. ഇതിനെല്ലാം പുറമെയാണ്, പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍. രാഷ്ട്രീയ പുനരധിവാസ കേന്ദ്രങ്ങളായി ഈ സ്ഥാപനങ്ങള്‍ മാറുമ്പോള്‍, അനധികൃത നിയമനങ്ങളിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സ്ഥാപനങ്ങളുടെ അടിത്തറ തന്നെ തകര്‍ക്കുന്നതായി ധനകാര്യ പരിശോധനാ വിഭാഗവും ചൂണ്ടിക്കാണിക്കുന്നു.
ഫയലിലൊതുങ്ങിയ ശുപാര്‍ശകള്‍
ബോര്‍ഡ്, കോര്‍പറേഷനുകളിലെ ധൂര്‍ത്തും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ ആരും നിര്‍ദേശങ്ങള്‍ നല്കിയിട്ടില്ലേ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്നതാണ് ഉത്തരം. കേരളത്തിന്റെ ഭരണചരിത്രത്തോളം പഴക്കമുണ്ട് ഈ ശുപാര്‍ശകള്‍ക്ക്. 1957-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സര്‍ക്കാര്‍ നിയോഗിച്ച ഭരണപരിഷ്കാര കമ്മീഷന് തന്നെ, വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആവര്‍ത്തനം ഒഴിവാക്കണമെന്ന് വ്യക്തമായി ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് 1997-ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്തും, 2001-ല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്തും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ ലയിപ്പിക്കാന്‍ നീക്കമുണ്ടായി. ഏറ്റവുമൊടുവില്‍, 2016-ലെ പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ നാലാം ഭരണപരിഷ്കാര കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ഭരണച്ചെലവ് കുറയ്ക്കാന്‍ ഈ സ്ഥാപനങ്ങള്‍ സംയോജിപ്പിക്കണമെന്ന് അടിവരയിട്ട് പറഞ്ഞു. ഇതിനുപുറമെ സി.എ.ജി റിപ്പോര്‍ട്ടുകളും ധനകാര്യ കമ്മീഷനുകളും ഓരോ വര്‍ഷവും ഇത് ആവര്‍ത്തിക്കുന്നു. പക്ഷേ, ഒരു സര്‍ക്കാരും ഈ ശുപാര്‍ശകള്‍ നടപ്പാക്കിയില്ല.
എന്തുകൊണ്ട് നടപ്പാകുന്നില്ല?
ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ ലയനം നടക്കാത്തതിന്റെ കാരണം ലളിതമാണ്. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്ത നേതാക്കളെയും, പരാജയപ്പെട്ട പ്രമുഖരെയും, മുന്നണിയിലെ ഘടകകക്ഷികളെയും തൃപ്തിപ്പെടുത്താനുള്ള എളുപ്പവഴിയാണ് ഈ സ്ഥാപനങ്ങള്‍. ഇവ ലയിപ്പിച്ചാല്‍ പദവികളുടെ എണ്ണം കുറയും. പദവികള്‍ കുറഞ്ഞാല്‍ ഘടകകക്ഷികള്‍ പിണങ്ങും; മുന്നണിയില്‍ കലഹമുണ്ടാകും. അതുകൊണ്ടുതന്നെ, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സാധാരണക്കാരന്റെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുമ്പോഴും, ഈ വെള്ളാനകളെ മാറിവരുന്ന സര്‍ക്കാരുകള്‍ തീറ്റിപ്പോറ്റിക്കൊണ്ടേയിരിക്കുന്നു. യുഡിഎഫിലും ഇതിന്റെ പേരില്‍ ഇപ്പോള്‍ തുടരുന്ന അധികാര വടംവലി ഇനിയും കുറച്ചുനാളുകള്‍ കൂടി തുടര്‍ന്നേക്കുമെന്നാണ് അറിയുന്നത്. അതായത്, മുന്നണികള്‍ മാറാം, മുഖ്യമന്ത്രിമാര്‍ മാറാം. പക്ഷേ, ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള ഈ രാഷ്ട്രീയ വീതംവയ്പിന് മാത്രം കേരളത്തില്‍ ഒരു മാറ്റവുമില്ല.