

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നു ഘട്ടങ്ങളായി നടത്തിയ എസ്‌ഐആര്‍ എന്ന പ്രത്യേക തീവ്ര പുനഃപരിശോധനയിലൂടെ ഇതുവരെ 13.37 കോടിയിലധികം പേരുകളാണ് കരട് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഡല്‍ഹിയില്‍ 32.8 ശതമാനം പേരും മഹാരാഷ്ട്രയില്‍ 21.1 ശതമാനം പേരും കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതപ്പെടാതെ വയ്യ. ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, എസ്‌ഐആറിന് മുന്‍പുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഡല്‍ഹിയില്‍ 1.45 കോടിയില്‍ നിന്ന് 97.53 ലക്ഷമായും, മഹാരാഷ്ട്രയില്‍ 9.78 കോടിയില്‍ നിന്ന് 7.71 കോടിയുമായായാണ് കുറഞ്ഞത്. തിങ്കളാഴ്ച ആയിരുന്നു ഇലക്ഷന്‍ കമീഷന്‍ ഈ കണക്ക് പുറത്തുവിട്ടത്. ഇതോടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന എസ്‌ഐആറിന്റെ മൂന്നാം ഘട്ടത്തില്‍ മാത്രം ഇതുവരെ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 6.15 കോടിയായി. ഈ ശുദ്ധീകരണ പ്രക്രിയയില്‍ പുറത്താക്കപ്പെട്ടതിനെതിരെയുള്ള അപേക്ഷകള്‍ ട്രിബ്യൂണലുകളില്‍ കെട്ടിക്കിടക്കുകയാണ്. വളരെ പതുക്കെയാണ് പല സംസ്ഥാനങ്ങളിലും അപ്പീല്‍ പരിശോധന നടക്കുന്നത്. മാത്രമല്ല, വോട്ടവകാശമില്ലാത്ത വലിയ വിഭാഗം പൗരന്മാരെ സൃഷ്ടിക്കാന്‍ ഈ നടപടി വഴിവെക്കുമെന്നുറപ്പാണ്. ഉത്തരാഖണ്ഡ് എസ്‌ഐആറില്‍ 6500 മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യാനുള്ള ബി.ജെ.പി ബിഎല്‍എമാരുടെ അപേക്ഷയും ട്രിബ്യൂണലുകളിലും കോടതികളിലും എത്തുന്ന പുറത്താക്കലിനെതിരെയുള്ള ഹര്‍ജികളും വോട്ടര്‍ പട്ടിക ശുദ്ധീകരണമാണോ അതോ പൗരരുടെ അന്യവല്‍ക്കരണമോ നടക്കുന്നതെന്ന സംശയം ഉയര്‍ത്തുന്നു.
പുറത്താക്കപ്പെട്ട 13.37 കോടി പേര്‍ പൗരത്വ ഭീഷണിയിലോ?
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിഹാറില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചത്. ഒമ്പത് സംസ്ഥാനങ്ങളെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി രണ്ടാം ഘട്ടം 2025 ഒക്ടോബറില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് മൂന്നാം ഘട്ടത്തില്‍ കമ്മീഷന്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നടപടികള്‍ വ്യാപിപ്പിച്ചു. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കുന്നതുവരെ എസ്‌ഐആര്‍ നടത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലുമായി ഇതുവരെ നീക്കം ചെയ്യപ്പെട്ട 13.37 കോടി പേരുകള്‍, എസ്‌ഐആറിന് മുന്‍പുള്ള പട്ടികയിലെ ആകെ വോട്ടര്‍മാരുടെ 14.1% വരും. ഏറ്റവും കൂടുതല്‍ പേര്‍ ഒഴിവാക്കപ്പെട്ടത് ഡല്‍ഹിയിലാണ്-32.80%. തൊട്ടുപിന്നില്‍ ദാദ്ര നാഗര്‍ ഹവേലി- ദാമന്‍ ദിയു, തെലങ്കാന, മഹാരാഷ്ട്ര എന്നിവയാണ്. രണ്ടാം ഘട്ടത്തില്‍ കേരളം, യു.പി. അടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടത് 5.18 കോടി പേരാണ്. അതായത് 10.2 ശതമാനം പേര്‍. കഴിഞ്ഞ ഇരുപത് വര്‍ഷമായി നടക്കാതിരുന്ന വോട്ടര്‍പട്ടിക പൂര്‍ണ്ണമായി പുതുക്കുന്ന 'പ്രത്യേക തീവ്ര പുനഃപരിശോധന' തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നടപ്പിലാക്കിയതോടെ രാജ്യത്താകെ 13 കോടിയിലധികം പേര്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എല്ലാ വോട്ടര്‍മാരും പുതിയ ഫോമുകള്‍ സമര്‍പ്പിക്കാനും, 2000 ത്തിന്റെ തുടക്കത്തിലെ പഴയ പട്ടികയുമായി വിവരങ്ങള്‍ മാപ്പ് ചെയ്യാനും, യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചതാണ് ഇത്രയധികം പേരുകള്‍ നീക്കം ചെയ്യപ്പെടാന്‍ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ നിബന്ധനകള്‍ തന്നെയാണ് പ്രശ്‌നത്തിന്റെ കാതലും. ഇരുപതു വര്‍ഷമായി അയഞ്ഞ നടപടിക്രമം പിന്തുടര്‍ന്ന ശേഷം, പെട്ടെന്ന് കര്‍ശനമായ 'മാപ്പിങും രേഖകളും ആവശ്യപ്പെടുന്നത് സാധാരണക്കാരെ, പ്രത്യേകിച്ച് കുടിയേറ്റക്കാരെയും, അനൗപചാരിക മേഖലയിലുള്ളവരെയും, പ്രായമായവരെയും, രേഖകള്‍ ലഭ്യമല്ലാത്തവരെയും ബാധിക്കും എന്നുറപ്പാണല്ലോ.
അപ്പീല്‍ നടപടികളിലെ മെല്ലെപ്പോക്ക്
പശ്ചിമബംഗാളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ എസ്‌ഐആര്‍ എന്ന പ്രക്രിയയുടെ മറ്റൊരു മുഖം വ്യക്തമാകും. പശ്ചിമബംഗാളില്‍ SIR വഴി വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെതിരെ 38 ലക്ഷം അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ വെറും 2% അതായത് ഏകദേശം 79,000 പേരുടെ ഹര്‍ജികള്‍ മാത്രമേ ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയിട്ടുള്ളൂ. തീര്‍പ്പാക്കിയവയില്‍ 91% ത്തിലധികവും അര്‍ഹരായ വോട്ടര്‍മാരായിരുന്നതിനാല്‍ പേര് തിരികെ ചേര്‍ക്കേണ്ടിവന്നു. 37 ലക്ഷത്തിലധികം അപ്പീലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ഈ വേഗത്തില്‍ തുടര്‍ന്നാല്‍ വോട്ടവകാശ പ്രതിസന്ധി തീരാന്‍ വര്‍ഷങ്ങളെടുക്കും. അതിനിടയില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് ആശങ്ക. ഇത് SIRന്റെ 'ഉദ്ദേശ്യശുദ്ധി'യെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. വോട്ടര്‍ പട്ടിക ശുദ്ധീകരണമെന്ന പേരില്‍ നടന്നത് ബഹുഭൂരിപക്ഷം യഥാര്‍ത്ഥ പൗരന്മാരുടെ വോട്ടവകാശ നിഷേധമാണെന്ന് ഈ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, മതന്യൂനപക്ഷങ്ങള്‍, വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണ ജനത എന്നിവരെയാണ് നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത്. നഗരവാസികളെപ്പോലെ എല്ലാ രേഖകളും കൈവശമില്ലാത്തവര്‍, തൊഴിലാവശ്യാര്‍ഥം സ്ഥലം മാറിയവര്‍, ചെറിയ വിലാസവ്യത്യാസമുള്ളവര്‍ ഇവരെല്ലാം സാങ്കേതികതയുടെ പേരില്‍ പുറന്തള്ളപ്പെട്ടു.
ഇരകള്‍ക്ക് എന്ത് സംഭവിക്കും?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് എന്ത് സംഭവിക്കും? ഇത് വെറും വോട്ടവകാശ നഷ്ടമാണോ, അതോ പൗരത്വത്തിന്റെ അടിസ്ഥാന അവകാശങ്ങളെ തന്നെ ഭീഷണിപ്പെടുത്തുന്ന പ്രക്രിയയാണോ? എസ്.ഐ.ആര്‍ പ്രക്രിയയുടെ തുടക്കം മുതല്‍ ഈ ചോദ്യം ഉയരുന്നുണ്ട്. SIR വഴി വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് പൗരത്വ നിര്‍ണയ നടപടിയല്ല എന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍പട്ടിക തയ്യാറാക്കാനുള്ള പരിമിതമായ അന്വേഷണാധികാരം മാത്രമേയുള്ളൂ. പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനും സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരമുള്ള അധികാരസ്ഥാനങ്ങള്‍ക്കുമാണെന്ന് സുപ്രീംകോടതി പറയുന്നു. പൗരത്വ പട്ടികയിലേക്കുള്ള പിന്‍വാതില്‍ പ്രവേശനമാണ് എന്നതാണ് എസ്.ഐ.ആര്‍ നടപടികളില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. മാത്രമല്ല, 'സംശയകരമായ പൗരത്വം' എന്ന വിഭാഗത്തില്‍പെട്ടവരെ കേന്ദ്രസര്‍ക്കാരിലേക്ക് റഫര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വോട്ട് നഷ്ടപ്പെടുന്നത് ആദ്യ ചുവട് മാത്രമാണ്. റേഷന്‍, ബാങ്ക് അക്കൗണ്ട്, പാസ്പോര്‍ട്ട്, ജോലി എന്നിവയിലേക്ക് ഇത് വ്യാപിക്കുമ്പോള്‍ അത് പൗരത്വത്തിന്റെ പ്രായോഗിക നഷ്ടമായി മാറ്റപ്പെടാന്‍ സാധ്യത ഏറെയാണ്. അപ്പീലുകള്‍ കെട്ടിക്കിടക്കുമ്പോള്‍, അടുത്ത തിരഞ്ഞെടുപ്പുകളിലും ക്ഷേമപദ്ധതികളിലും അവര്‍ക്ക് സ്ഥാനമില്ലാതാകുന്നു. വൈകുന്ന നീതി, നീതിനിഷേധം തന്നെയാണ്. പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കപ്പെട്ടവരെ ക്ഷേമപദ്ധതികളില്‍ നിന്ന് ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് നിര്‍ജീവമാക്കല്‍, പെന്‍ഷന്‍, സ്ത്രീകള്‍ക്കുള്ള ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതികള്‍, മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുന്നു. പാസ്പോര്‍ട്ട് പുതുക്കല്‍ തടസ്സപ്പെട്ട കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് വോട്ടവകാശ നിഷേധം ഇവിടെ നിലയ്ക്കുന്നില്ല. ഭരണകൂടത്തിന്റെ കണ്ണില്‍ അവര്‍ ഇന്ത്യന്‍ പൗരന്മാരല്ലാതായി തീരുകയും പട്ടിണിയിലേക്ക് തള്ളപ്പെടുകയുമാണ്. ഇത് കേവലം രാഷ്ട്രീയ വിഷയമല്ല. ഒരു ജനതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന മനുഷ്യാവകാശ ലംഘനമാണ്. ഇവിടെയാണ് വോട്ട് നഷ്ടപ്പെടുന്നത് വെറും ഒരു പേര് മായ്ക്കലല്ല, പൗരത്വത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തലാണെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനം.
13.37 കോടി പേരുടെ ''ഒഴിവാക്കല്‍'' വെറും വോട്ട് നഷ്ടമല്ല
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. വോട്ടിന് അര്‍ഹനായ ഓരോ പൗരന്റെയും അവകാശം ഉറപ്പാക്കുകയാണ് അതിന്റെ ബാധ്യത. ധൃതിപിടിച്ച്, ശരിയായ അന്വേഷണമില്ലാതെ യഥാര്‍ത്ഥ വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റുന്നത് കമ്മീഷനിലുള്ള ജനവിശ്വാസം തകര്‍ക്കും. കൂടുതല്‍ ട്രൈബ്യൂണലുകളും ഉദ്യോഗസ്ഥരെയും നിയമിച്ച് അപ്പീലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ട്. അപ്പീല്‍ തീരുമാനമാകുന്നതുവരെ ആര്‍ക്കും വോട്ടവകാശം നിഷേധിക്കരുത്. തെറ്റായി പേര് നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയാണ് വേണ്ടത്. എസ്.ഐ.ആര്‍ വോട്ടര്‍പട്ടികയുടെ ശുദ്ധീകരണമാണോ, അതോ ലക്ഷക്കണക്കിന് പൗരന്മാരെ നിശബ്ദരാക്കുന്ന പ്രക്രിയയാണോ എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. പൗരത്വം നിയമപരമായ ഒരു സ്ഥാനമാണ്. അത് വോട്ടര്‍പട്ടികയിലെ ഒരു പേരിന്റെ സാന്നിധ്യത്തെ മാത്രം ആശ്രയിച്ചാവരുത്. ഒഴിവാക്കപ്പെട്ടവരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അല്ലെങ്കില്‍ 13.37 കോടി പേരുടെ ''ഒഴിവാക്കല്‍'' വെറും വോട്ട് നഷ്ടമല്ല. ജനാധിപത്യത്തിന്റെയും പൗരത്വത്തിന്റെയും അടിത്തറക്ക് ഭീഷണിയായി മാറും എന്നുറപ്പാണ്.