

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് 2020 സെപ്റ്റംബർ മുതൽ വിചാരണ കൂടാതെ ഇപ്പോഴും ജയിലിൽ തുടരുകയാണ് ജെഎൻയു വിദ്യാര്‍ഥി ഉമർ ഖാലിദ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമെന്നും നിയമനടപടികളുടെ നീണ്ടുപോകൽ നീതിനിഷേധമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്റെ മോചനത്തിനായി നിരന്തരം വാദിച്ചിട്ടും അനുകൂലമായ ജാമ്യ ഉത്തരവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് യുഎപിഎ കുറ്റാരോപണക്കേസിലെ പ്രതി അമേരിക്കൻ സ്വദേശിയായ മാത്യു ആരൺ വാൻഡൈക്ക്, ആറ് മാസത്തെ ജയിൽവാസത്തിനു ശേഷം ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി അമേരിക്കയിലേക്ക് തിരിച്ചുപറന്നത്.
കുറ്റപത്രം വൈകിയും വിചാരണ നീണ്ടുപോയിട്ടും ആയിരക്കണക്കിന് വിചാരണത്തടവുകാർ രാജ്യത്തുടനീളം ജയിലുകളിൽ ദുരിത ജീവിതം തുടരുമ്പോഴാണ് കുടുംബത്തെ കാണാനായി ഒരു മാസത്തേക്ക് അമേരിക്കയിലേക്ക് മടങ്ങാൻ എൻഐഎ പ്രത്യേക കോടതി അദ്ദേഹത്തിന് അനുമതി നൽകിയത്. ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ ആറ് യുക്രേനിയൻ പൗരന്മാർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ വടക്കുകിഴക്കൻ മേഖലകളിലും മ്യാൻമാർ അതിർത്തികളിലും അശാന്തി പടർത്താൻ സായുധ വംശീയ വിഭാഗങ്ങൾക്ക് ഡ്രോൺ ഉപയോഗിച്ചുള്ള യുദ്ധമുറകൾ പരിശീലിപ്പിക്കുന്ന സംഘത്തലവനാണ് മാത്യു ആരോൺ വാൻഡൈക്ക് എന്നായിരുന്നു എൻഐഎയുടെ വിലയിരുത്തൽ. ഇന്ത്യയിലെത്തിയ ഇവർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ പ്രവേശിക്കാൻ ആവശ്യമായ പ്രത്യേക അനുമതിയില്ലാതെ അവിടേക്ക് യാത്ര ചെയ്യുകയും പിന്നീട് മിസോറം വഴി മ്യാൻമറിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് എൻഐഎ പറയുന്നത്.
യു.എസിന്‍റെ കനത്ത സമ്മർദത്തിനൊടുവിലാണ് വാൻഡൈക്കിന് ജാമ്യം ലഭിച്ചത് എന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട കേസുകളിൽ പ്രതികളായ വിദേശ പൗരന്മാർക്ക്, തിരികെ വരുമെന്ന ഉറപ്പിന്മേലോ പ്രതീക്ഷയിലോ രാജ്യം വിട്ടുപോകാൻ ഇന്ത്യ അനുമതി നൽകുന്നത് ഇതാദ്യമായല്ല. വിദേശികളെ പോകാൻ അനുവദിക്കുകയും എന്നാൽ ഇന്ത്യൻ നിയമവ്യവസ്ഥയെ നേരിടാനായി അവർ പിന്നീട് ഒരിക്കലും തിരിച്ചെത്താതിരിക്കുകയും ചെയ്ത മൂന്ന് കേസുകൾ നിലവിലുണ്ട് താനും. എന്നാൽ അത്യന്തം ആപൽക്കര യുദ്ധപോരാളി എന്ന് പേരുകേട്ട വാൻഡൈക്കിന് ലഭിച്ച ശിക്ഷ ഇളവ് രാജ്യസുരക്ഷ മുൻനിറുത്തി ചർച്ചചെയ്യപ്പെടേണ്ടത് തന്നെയാണ്. വാർ സോൺ ജേണലിസ്റ്റായും ബൈക്ക് റൈഡറായും ഡോക്യുമെന്ററി ഫിലിം മേക്കറായും യുദ്ധ പോരാളിയായും ലോകത്ത് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിലായി നമ്മളറിയുന്ന മിക്ക ആഭ്യന്തര യുദ്ധങ്ങളിലും വാൻഡേക്കിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ഉമർ ഖാലിദിന് ലഭിക്കാത്ത നീതി അമേരിക്കൻ കൂലിപ്പട്ടാളക്കാരനോ?
മാത്യു ആരൺ വാൻഡൈക്ക് എന്ന അമേരിക്കന്‍ പൗരനും ആറ് യുക്രെയ്ന്‍ പൗരന്മാരും കൊല്‍കത്ത, ഡെല്‍ഹി, ലക്നൗ വിമാനത്താവളങ്ങളില്‍ വെച്ചാണ് മാര്‍ച്ച് 13ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയോട് ശത്രുത പുലർത്തുന്ന മ്യാൻമാറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകിയതിന് യുഎപിഎ പ്രകാരമായിരുന്നു അറസ്റ്റ്. ഇന്ത്യയുടെ അതിര്‍ത്തി കടന്ന് മ്യാന്‍മാര്‍ കടക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ വരവ്. മ്യാൻമറിലെ സായുധ വംശീയ വിഭാഗങ്ങൾക്ക് ഡ്രോൺ ഉപയോഗിച്ചുള്ള യുദ്ധമുറകൾ, ഡ്രോൺ നിർമാണം, ഡ്രോൺ ജാമിംഗ് തുടങ്ങിയവയിൽ ഇവർ പരിശീലനം നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനുവേണ്ട ഡ്രോൺ ഉൾപ്പെടെ ഉപകരണങ്ങളും സംഘത്തിൽ നിന്ന് പിടികൂടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതു മുതൽ യുഎസ് കോൺസുലേറ്റിന്റെ ഇടപെടൽ വിഷയത്തിൽ ഉണ്ടായിരുന്നു.
എന്നാൽ സെപ്റ്റംബർ എട്ടിന് ഡൽഹിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച എൻഐഎ കുറ്റപത്രത്തിൽ യുഎപിഎ കുറ്റങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും കുറ്റംചുമത്തപ്പെട്ട യുഎപിഎ ഭീകരവാദ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം സജീവമായി തുടരുന്നുവെന്ന് എൻഐഎ വൃത്തങ്ങൾ എടുത്തുപറഞ്ഞിരുന്നു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുക, അനുവദിച്ചതിലും കൂടുതൽ കാലം വിസ കാലാവധി കഴിഞ്ഞ് തങ്ങുക തുടങ്ങിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്റ്റിലെ 21, 23 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ മാത്രം ഉൾപ്പെടുത്തിയ കേസ് മാത്രമായി ചുരുക്കി എന്ന ആരോപണം ഉയർന്നപ്പോഴാണ് ഇവർക്കെതിരെയുള്ള ഭീകരവാദ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പിൻവലിച്ചതായി കുറ്റപത്രം സൂചിപ്പിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കിയത്. നിയമം നിശ്ചയിച്ചിട്ടുള്ള 180 ദിവസത്തിനുള്ളിൽ എൻഐഎയ്ക്ക് പ്രാഥമിക കുറ്റാരോപണങ്ങളിന്മേലുള്ള അന്വേഷണം പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ, വാൻഡൈക്കിനും മറ്റുള്ളവർക്കും സ്വാഭാവിക ജാമ്യ' ത്തിന് വഴിയൊരുങ്ങിയതിന് പിന്നിലും ദുരൂഹതാ ആരോപണവും ഉയരുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോൾ സ്വാഭാവികമായി ലഭിക്കുന്ന അവകാശമാണ് സ്വാഭാവിക ജാമ്യം.
ആരാണ് മാത്യു ആരൺ വാൻഡൈക്ക്
സ്വാതന്ത്ര്യം എന്നത് ഏതൊരു ജനതയുടെയും അവകാശമാണ്. പോരാട്ടത്തിലൂടെയാണ് സ്വതന്ത്ര്യത്തിന്റെ ചരിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ചരിത്രം വായിക്കാനല്ല, അവരുടെ പോരാട്ട ചരിത്രത്തിനൊപ്പം നില്‍ക്കാനാണ് എനിക്ക് താല്‍പര്യം''- മാത്യു ആരൺ വാൻഡൈക്ക് തന്റെ ഒരു വീഡിയോയിൽ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യൻ മിലീഷ്യയെ ലോകമെമ്പാടും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമിട്ട് 2014ലാണ് സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ' അഥവാ SOLI എന്ന യുദ്ധപരിശീലനം നൽകുന്ന സ്വകാര്യ സൈനിക സംഘടന സ്ഥാപിച്ചത്. അതിനാൽ വാൻഡൈക്കിന്റെ ജീവിതം സോളി എന്ന സംഘടനക്ക് മുമ്പും ശേഷവും എന്ന് വേർതിരിച്ചുപറയേണ്ടിവരും. തികച്ചും അതിശയകരവും ദുരൂഹവുമായിരുന്നു യുദ്ധമുനമ്പുകളിലെ വാൻഡൈക്ക്കിന്റെ ജീവിതഘട്ടങ്ങൾ.
ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് സെക്യൂരിറ്റി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം പഠനത്തിനിടെയാണ് അയാൾ യുദ്ധമുഖങ്ങൾ തേടിയിറങ്ങിയത്. 2008 മുതൽ 2010 വരെ ഇറാഖിൽ താമസിച്ച് യുദ്ധ ലേഖകനായും യാത്രക്കാരനായും പ്രവർത്തിച്ച വാൻഡൈക്ക്, SOLI സ്ഥാപിച്ചതിനു ശേഷം നിനെവ സമതലത്തിലെ അസീറിയൻ ക്രിസ്ത്യൻ സായുധ സേനയായ Nineveh Plain Protection Units-ന് ഐസിസിനെതിരെ സൈനിക പരിശീലനം നൽകി.
ചാരവൃത്തി ആരോപിച്ച് ഇറാഖി സേന വാന്‍ഡൈക്കിനെ 20 തവണയാണ് കസ്റ്റഡിയിലെടുത്തത്. ഇറാന്‍ അതിര്‍ത്തിയില്‍ സംശയാസ്പദമായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂത ചാരന്‍ എന്ന വിശേഷണവും വാൻഡൈക്കിന് ഇറാഖ് ചാർത്തിനൽകി. 2011 മാര്‍ച്ചില്‍ മുഅമ്മര്‍ ഗദ്ദാഫിക്കെതിരെയുള്ള വിമത പോരാളികളിലൊരാളായി ലിബിയയിലും വാൻഡൈക്ക് എത്തി. ബ്രെഗ എന്ന സ്ഥലത്തുവെച്ച് ഗദ്ദാഫി സൈന്യം പതിയിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ഭീകരൻ എന്ന വിശേഷണം ലഭിച്ചത് അവിടെ വെച്ചാണ്. ഇതേത്തുടർന്ന് 165 ദിവസത്തെ ഏകാന്ത തടവ് അനുഭവിക്കേണ്ടിവന്നു.
2011 ഓഗസ്റ്റ് 24ന് ട്രിപ്പോളിയിലെ അബു സലിം ജയില്‍ കെട്ടിട മതില്‍ ലിബിയന്‍ വിമതര്‍ തകര്‍ത്തപ്പോൾ വാന്‍ഡേയ്ക്ക് അന്ന് രക്ഷപ്പെട്ടവരിൽ പ്രമുഖനായി. പിന്നീട് തോക്ക് മാറ്റിവെച്ച് വീഡിയോ കാമറയുമായി മാധ്യമപ്രവര്‍ത്തകനായി സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ വാന്‍ഡൈക്ക് ഇടംപിടിച്ചു. ബഷാര്‍ അല്‍ അസദ് ഭരണകൂടം ഭീകരവാദി എന്ന് മുദ്രകുത്തിയ ഘട്ടത്തില്‍ വാന്‍ഡേക്കിന്റെ അവിടെ നിന്നുള്ള രക്ഷപ്പെടൽ അതി സാഹസികമായായിരുന്നു.
ആഭ്യന്തര യുദ്ധങ്ങളിലെ വാൻഡൈക്ക് സാന്നിധ്യം
ഉന്നതതല അമേരിക്കൻ ബന്ധം ആയിരുന്നു ഈ കാലയളവിലൊക്കെ വാൻഡൈക്കിനെ തുണച്ചത് എന്ന ആക്ഷേപം മുമ്പ്തൊട്ടേ ഉയർന്നിരുന്നു. വാൻഡൈക്കിന്റെ സൈനിക സംഘത്തിൽ അമേരിക്കന്‍ പ്രതിരോധ പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. 2022 മുതല്‍ 2025 വരെ റഷ്യ ഉക്രെയിനെ ആക്രമിച്ച ആദ്യഘട്ടങ്ങളിൽ യുക്രെന്‍ സായുധസേനയില്‍ ആധുനിക യുദ്ധ മുറയില്‍ പരിശീലകനായി വാൻഡൈക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇപ്പോള്‍ ഇന്ത്യയില്‍ അറസ്റ്റിലായ ഉക്രൈനിയന്‍ പൗരന്മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അന്ന് മുതലാണ് തുടങ്ങിയത്. ഇവർ ഇന്ത്യൻ അതിർത്തി വഴി അവിടെക്കും 2026 മാർച്ചിൽ അനധികൃത പ്രവേശന കവാടത്തിലൂടെ തിരികെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി തിരികെ കടന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രകൃതിവാതക-എണ്ണ നിക്ഷേപവും മരതക-സ്വർണ ഖനികളെയും ലക്ഷ്യമിട്ടുള്ള ചൈനയുടെയും അമേരിക്കയുടെയും മ്യാൻമാറിലെ ഇടപെടലുകളുടെ ഭാഗമാണ് അവിടെ കാലങ്ങളായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾ. ഇന്ത്യൻ അതിർത്തിയോട് ചേർന്നുനിൽക്കുന്ന മ്യാൻമാറിലെ ചിൻ പ്രവിശ്യയിൽ ഇത്തരം സായുധ ഗ്രൂപ്പുകൾക്ക് ലഭിക്കുന്ന അത്യാധുനിക ആയുധ പരിശീലനങ്ങൾ വടക്കുകിഴക്കൻ ഇന്ത്യയുടെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുമെന്ന ആശങ്കയാണ് എൻ.ഐ.എ അന്വേഷണത്തിന് അടിസ്ഥാനം.
വാൻഡൈക്ക് തിരിച്ചെത്തുമോ?
ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ പുകയുന്ന ആഭ്യന്തര സംഘർഷങ്ങളിൽ വാർഡേക്കിന് എന്ത് പങ്കാണ് ഉള്ളത് എന്ന അന്വേഷണം എൻ.ഐ.എ ഇപ്പോഴും തുടരുന്നുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ 180 ദിവസത്തെ അന്വേഷണത്തിന് ശേഷം യുഎപിഎ ചുമത്താതിരുന്നതിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഒരു പാട് ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. എങ്ങനെയാണ് യുഎപിഎയിൽ നിന്ന് വാൻഡൈക്കും സംഘവും ഒഴിവാക്കപ്പെട്ടത്? ഗുരുതര കുറ്റാരോപണങ്ങൾ ആയിട്ടും വാൻഡൈക്കിനും സംഘത്തിനും ജാമ്യം ലഭിക്കാൻ വഴിയൊരുങ്ങിയത് എങ്ങനെയാണ് ? വാൻഡൈക്കിന്റെ ജാമ്യത്തിന് പിന്നിൽ യുഎസ് ഉന്നതരുടെ സ്വാധീനം ഉണ്ടോ ? ജാമ്യക്കാലാവധിക്ക്ശേഷം വാൻഡൈക്ക് തിരിച്ചെത്തുമോ?