

വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായകമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അഥവാ സി.ബി.എസ്.ഇ. രാജ്യത്ത് സി.ബി.എസ്.ഇ സ്‌കൂളുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത മുന്നില്‍ക്കണ്ട്, അഫിലിയേഷന്‍ മാനദണ്ഡങ്ങളില്‍ വന്‍ ഇളവുകള്‍ വരുത്താനാണ് ബോര്‍ഡിന്റെ തീരുമാനം. വിദേശ കമ്പനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കുന്നതിനായുള്ള കരട് രേഖകള്‍ സി.ബി.എസ്.ഇ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വിപുലീകരിക്കാനും, അഫിലിയേഷന്‍ നടപടികള്‍ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമാണിത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം, സംസ്ഥാന സര്‍ക്കാരിന്റെ 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' ഇനി നിര്‍ബന്ധമല്ല എന്നതാണ്. ആര്‍ക്കാണ് ഈ നടപടിയുടെ പ്രയോജനം ലഭിക്കുക എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു.
സ്‌കൂള്‍ പടി കടന്ന് കോര്‍പറേറ്റ്വല്‍കരണം
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി വിദേശ സര്‍വകലാശാലകള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം അനുവദിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ലോകോത്തര നിലവാരവും നിക്ഷേപവും ഇന്ത്യയിലെത്തിക്കാനും വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെയും പണത്തിന്റെയും ഒഴുക്ക് തടയാനും ഈ പരിഷ്‌കാരം സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഈ പശ്ചാത്തലത്തിലാണ് വിദേശ കമ്പനികള്‍ ഉള്‍പ്പെടെ രാജ്യത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് സ്‌കൂളുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാനുള്ള മാനദണ്ഡങ്ങളില്‍ വലിയ ഇളവ് വരുത്താന്‍ സി.ബി.എസ്.ഇ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളിനുള്ള അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണമെന്ന വ്യവസ്ഥ ഈ വര്‍ഷം മുതല്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതു പ്രകാരം സി.ബി.എസ്.ഇ അംഗീകാരത്തിനായി സരസ് പോര്‍ട്ടലില്‍ അപേക്ഷിച്ചാല്‍ ബോര്‍ഡ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടും. 30 ദിവസത്തിനുള്ളില്‍ എതിര്‍പ്പ് ലഭിക്കാത്ത പക്ഷം എന്‍.ഒ.സി ലഭിച്ചതായി കണക്കാക്കും. സ്‌കൂളുകള്‍ തുടങ്ങാനുള്ള ഭൂമി മാനദണ്ഡങ്ങളിലും എന്‍.ഒ.സി നിയമങ്ങളിലും വലിയ ഇളവുകള്‍ ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്‌കൂളുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിനായുള്ള അന്തിമ നടപടികളിലേക്കാണ് ബോര്‍ഡ് ഇപ്പോള്‍ കടക്കുന്നത്.
ചട്ടങ്ങളില്‍ മാറ്റംവരുത്താന്‍ സി.ബി.എസ്.ഇ
നിലവിലെ ചട്ടപ്രകാരം സ്വകാര്യ സ്‌കൂളുകള്‍ തുടങ്ങാന്‍ മൂന്ന് വഴികളാണ് നിലവില്‍ സി.ബി.എസ്.ഇയുടെ അഫിലിയേഷന്‍ ബൈലോയില്‍ നിര്‍ദേശിക്കുന്നത്. അവ ഇവയാണ്. 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയായിരിക്കണം. സംസ്ഥാന നിയമങ്ങള്‍ പ്രകാരം ഒരു വിദ്യാഭ്യാസ, ചാരിറ്റബിള്‍ അല്ലെങ്കില്‍ നോണ്‍-പ്രൊപ്രൈറ്ററി സ്വഭാവമുള്ള മതപരമായ സൊസൈറ്റിയോ ആയിരിക്കണം. 2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം വിദ്യാഭ്യാസം അതിന്റെ ലക്ഷ്യങ്ങളിലൊന്നായി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പ്രത്യേക സ്ഥാപനമായിരിക്കണം. ഈ മൂന്ന് നിബന്ധനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ പെടാത്തതിനാല്‍ നിലവില്‍ അവര്‍ക്ക് സി.ബി.എസ്.ഇ സ്‌കൂള്‍ സ്വന്തമാക്കാനോ നടത്താനോ കഴിയുമായിരുന്നില്ല. ഈ ചട്ടങ്ങളാണ് ഇപ്പോള്‍ കോര്‍പറേറ്റ് അനുകൂലമായി മാറുന്നത്.
2013 ലെ കമ്പനി നിയമം സെക്ഷന്‍ 2 - 11 ാം ഉപവകുപ്പ് പ്രകാരം നിര്‍വചിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് ബോഡികള്‍, സ്വകാര്യ കമ്പനികള്‍, പൊതു കമ്പനികള്‍, വണ്‍ പേഴ്സണ്‍ കമ്പനികള്‍, ചെറുകിട കമ്പനികള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍, വിദേശ കമ്പനികള്‍ എന്നിവയ്ക്കെല്ലാം സര്‍ക്കാര്‍ അനുമതിയോടെ സ്‌കൂളുകള്‍ തുടങ്ങാന്‍ അനുമതി നല്‍കും വിധമാണ് പുതിയ ഭേദഗതിയെത്തുന്നത്. രാജ്യത്ത് കൂടുതല്‍ സി.ബി.എസ്.ഇ സ്‌കൂളുകളുടെ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ അഫിലിയേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുന്നതാണ് ഉചിതമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രം സി.ബി.എസ്.ഇയെ അറിയിച്ചിട്ടുണ്ട്.
ഭൂമി മാനദണ്ഡങ്ങളിലും ഇളവ്
നഗരപ്രദേശങ്ങളിലെ ഭൂമി പരിമിതികളും വര്‍ധിച്ച വിലയും കണക്കിലെടുത്ത് ഭൂമി മാനദണ്ഡങ്ങളും സി.ബി.എസ്.ഇ കഴിഞ്ഞ ജനുവരിയില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 1,600 ചതുരശ്ര മീറ്ററായും സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 2,400 ചതുരശ്ര മീറ്ററായും പരിധി കുറച്ചിട്ടുണ്ട്. നേരത്തെ യഥാക്രമം ഇത് 3,200, 4,000 ചതുരശ്ര മീറ്ററുകളായിരുന്നു. നഗരമല്ലാത്ത പ്രദേശങ്ങളില്‍ ഒരു സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങാന്‍ കുറഞ്ഞത് 6,000 ചതുരശ്ര മീറ്റര്‍ ഭൂമി വേണം. സ്‌കൂള്‍ കാംപസിനുള്ളില്‍ കുറഞ്ഞത് 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കളിസ്ഥലം വേണമെന്നുള്ളത് കാംപസിന് പുറത്തും കളിസ്ഥലമാക്കാമെന്നാക്കി മാനദണ്ഡം പരിഷ്‌കരിച്ചു. കാംപസിന്റെ 200 മീറ്ററിനുള്ളില്‍ പൊതു പാര്‍ക്കോ സ്റ്റേഡിയമോ കോളജ് സ്പോര്‍ട്സ് അരീനയോ 15 വര്‍ഷത്തേക്കോ അതില്‍ കൂടുതലോ പാട്ടത്തിനുമെടുക്കാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവേശനം
എന്‍.ഇ.പി 2020ല്‍ സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസത്തില്‍ ഫിലാന്തോപിക്, കോര്‍പറേറ്റ് ആന്‍ഡ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് സ്‌കൂള്‍ നടത്താന്‍ അനുമതി നല്‍കുന്ന നീക്കം. വകുപ്പ് 20ലെ 2 ഉപവകുപ്പ് പ്രകാരം 'ലോകത്തിലെ ടോപ് 100 റാങ്കുള്ള വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുടങ്ങാന്‍ അനുമതി നല്‍കും' എന്ന് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി 2023 നവംബറില്‍ യു.ജി.സി - 'സെറ്റിങ് അപ് ആന്‍ഡ് ഓപറേഷന്‍ ഓഫ് കാമ്പസസ് ഓഫ് ഫോറിന്‍ ഹയര്‍ എഡുക്കേഷണല്‍ ഇന്‍സ്റ്റിയൂഷന്‍സ് ഇന്‍ ഇന്ത്യ റെഗുലേഷന്‍സ് ' എന്ന ചട്ടം കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് ഇപ്പോള്‍ ഡീക്കിന്‍, വൂളോംഗോങ്, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയ യൂണിവേഴ്‌സിറ്റികള്‍ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ കാമ്പസ് തുടങ്ങിയിട്ടുണ്ട്.
കോര്‍പറേറ്റ് നിര്‍ദേശങ്ങളുടെ വിമര്‍ശന പാഠങ്ങള്‍
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇത് വിദ്യാഭ്യാസത്തെ ലാഭകരമായ ഒരു വ്യവസായമായി മാറ്റുമെന്നും സാധാരണക്കാര്‍ക്ക് പഠനാവസരങ്ങള്‍ കുറയുമെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ വിദേശ സര്‍വകലാശാലകളുടെ ഉയര്‍ന്ന ഫീസും, കര്‍ണാടകയിലെ കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ കണ്ടുവരുന്ന അമിത ഫീസ് വര്‍ദ്ധനയും ഈ ആശങ്കകളെ സാധൂകരിക്കുന്നവയാണ്. വിദ്യാഭ്യാസ മേഖലയില്‍ 'ഹബ് ആന്‍ഡ് സ്പോക്ക്' മോഡല്‍ പോലുള്ള പരിഷ്‌കാരങ്ങള്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന് വിഭവങ്ങള്‍ പങ്കുവെക്കാനുള്ള സംവിധാനമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും, ഇത് അഫിലിയേഷന്‍ സംവിധാനം മാറ്റി കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നതിലൂടെ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുമെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ അവകാശങ്ങളിലെ കേന്ദ്ര കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
വിദ്യഭ്യാസത്തെ വെറും കച്ചവടമാക്കരുത്
വിദ്യാഭ്യാസത്തില്‍ നവീകരണവും നിക്ഷേപവും അനിവാര്യമാണെങ്കിലും അത് നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കരുത്. വിദേശ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്തുക, സംവരണ തത്വങ്ങള്‍ നിര്‍ബന്ധമാക്കുക, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഉറപ്പാക്കുക എന്നീ മൂന്ന് വ്യവസ്ഥകള്‍ അനിവാര്യമാണ്. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകളെ 'പങ്കാളികള്‍' ആക്കാം. പക്ഷേ 'ഉടമകള്‍' ആക്കിയാല്‍ അത് വിദ്യഭ്യാസ മേഖലയില്‍ സൃഷ്ടിച്ചേക്കാവുന്ന ആഘാതം ചെറുതല്ല.