

അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തിരിമറി വിവാദങ്ങള്‍ക്ക് പിന്നാലെ, ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ബദരീനാഥ് ധാമിലും സംഭാവനകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു. ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കുന്ന വഴിപാടുകളിലും കാണിക്കകളിലും കൃത്രിമം കാണിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന്, ബദരീനാഥ്-കേദാര്‍നാഥ് ടെമ്പിള്‍ കമ്മിറ്റി എന്ന ബി.കെ.ടി.സി ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു. അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ വഴിപാടുകള്‍ തട്ടിയെടുത്തെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പരിശോധനകള്‍ കര്‍ശനമാക്കിയത്. അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ളയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും, ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് സ്വതന്ത്ര സംഘടനയാണെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ലഭിക്കുന്ന സംഭാവനകളുള്‍പ്പെടെയുള്ള വസ്തുക്കളില്‍ കാര്യക്ഷമമായ ഓഡിറ്റ് നടക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
'അയോധ്യ സംഭാവന കൊള്ളക്ക് പിന്നാലെ ബദരീനാഥും
ഇന്ത്യയിലെ പ്രമുഖ ആരാധനാലയങ്ങളിലേക്ക് ഒഴുകിയെത്തുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളും അവയുടെ കൃത്യമായ വിനിയോഗവും എക്കാലത്തും പൊതുസമൂഹത്തിലെ ചര്‍ച്ചാവിഷയമാണ്. അടുത്തിടെ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ സംഭാവനകള്‍ മോഷ്ടിക്കപ്പെട്ടതായി ഉയര്‍ന്ന പരാതികള്‍, ഈ ക്ഷേത്രങ്ങളിലെ ഫണ്ട് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളെ വീണ്ടും വിവാദത്തിലാക്കിക്കഴിഞ്ഞു.
രാജ്യത്തെ വലിയ ക്ഷേത്രങ്ങളിലെല്ലാം സംഭാവന കൈകാര്യം ചെയ്യുന്നതിന് ഏറെക്കുറെ സമാനമായ രീതികളാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് ഭക്തരാണ് വഴിപാട് നടത്തിവരുന്നത്. അധികാരപ്പെടുത്തിയ ജീവനക്കാര്‍ നിശ്ചിത സമയത്ത് ഭണ്ഡാരങ്ങള്‍ തുറന്ന് തുക എണ്ണല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. അവിടെ പണം, നാണയം, ആഭരണങ്ങള്‍ എന്നിവ തരംതിരിച്ച് എണ്ണി രേഖപ്പെടുത്തിയ ശേഷം നിശ്ചിത ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു. ഈ മുഴുവന്‍ പ്രക്രിയയും സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തില്‍ നടക്കുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. ഈ നടപടികളിലാണ് ഇപ്പോള്‍ സംശയത്തിന്റെ കരിനിഴല്‍ വീഴുന്നത്.
ബദരീനാഥ് ധാമില്‍ ഉയരുന്ന സംശയങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളാണ് ബദരീനാഥും കേദാര്‍നാഥും. ഓരോ വര്‍ഷവും കോടിക്കണക്കിന് തീര്‍ഥാടകരാണ് ഇവിടേക്ക് എത്താറുള്ളത്. ബദരീനാഥ്-കേദാര്‍നാഥ് ടെമ്പിള്‍ കമ്മിറ്റി അഥവാ ബി.കെ.ടി.സി ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തര്‍ നല്‍കുന്ന വഴിപാടുകള്‍ കൃത്യമായി കണക്കില്‍പ്പെടുത്തുന്നില്ലെന്നും, ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നുമാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചില ആരോപണങ്ങളാണ് ഈ വിഷയത്തില്‍ സമിതിയുടെ ശ്രദ്ധ പതിയാന്‍ കാരണമായത്. ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്ത് വഴിപാട് പണത്തില്‍ തിരിമറി നടത്തിയെന്നും, ഇയാള്‍ക്ക് ബി.കെ.ടി.സി പ്രസിഡന്റുമായി അടുപ്പമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി നിഷേധിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബദരീനാഥ്-കേദാര്‍നാഥ് ടെമ്പിള്‍ കമ്മിറ്റി രൂപീകരിച്ച പ്രത്യേക സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെ സംഭാവന കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്യും. ക്രമക്കേടുകള്‍ തെളിഞ്ഞാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് പുറമേ, ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബി.കെ.ടി.സി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു.
സംഭാവന കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?
രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ സംഭാവനകള്‍ കൈകാര്യം ചെയ്യുന്നത് വിവിധ രീതികളിലാണ്. അയോധ്യ രാമക്ഷേത്രത്തില്‍ ഏകദേശം 35 ഭണ്ഡാരങ്ങളില്‍ നിന്നാണ് സംഭാവന ശേഖരിക്കുന്നത്. ട്രസ്റ്റ് ഉദ്യോഗസ്ഥരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധിയും ഉള്‍പ്പെടുന്ന സംഘമാണ് ഭണ്ഡാരങ്ങള്‍ തുറക്കുക. തീര്‍ത്ഥാടക സൗകര്യ കേന്ദ്രത്തിലെ എണ്ണല്‍ ഹാളില്‍ പുറംകരാര്‍ ജീവനക്കാരും ട്രസ്റ്റ് ജീവനക്കാരും ചേര്‍ന്നാണ് തുക എണ്ണുന്നത്. വിരമിച്ച ബാങ്കര്‍ സുഭാഷ് ശ്രീവാസ്തവയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ പ്രക്രിയ. ട്രസ്റ്റ് അംഗം അനില്‍ മിശ്രയാണ് ഇതിന്റെ മൊത്തം ഉത്തരവാദിത്തം. ഓഡിറ്റ് പൂര്‍ത്തിയാക്കിയ ശേഷം തുക ട്രസ്റ്റിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് മാറ്റുന്നു. അയോധ്യ സംഭാവനക്കൊള്ള കേസില്‍ അറസ്റ്റിലായവര്‍ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രാമക്ഷേത്രത്തില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ സംഭാവന ലഭിക്കുന്ന തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ 'പരകാമണി' എന്ന പ്രത്യേക സംവിധാനമാണ്. ദേവസ്വത്തിലെ ധനകാര്യ ജീവനക്കാര്‍, പൊതുമേഖലാ ബാങ്ക് പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് സംഭാവന കൈകാര്യം ചെയ്യുന്നത്. എണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നവര്‍ പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കുകയും കര്‍ശന ശരീരപരിശോധനയ്ക്ക് വിധേയരാവുകയും വേണം. ക്ഷേത്ര വിജിലന്‍സിന്റെ കനത്ത സി.സി.ടി.വി നിരീക്ഷണമുണ്ടാകും. ശേഖരിക്കുന്ന പണം സായുധ സുരക്ഷയുടെ അകമ്പടിയോടെയാണ് ബാങ്കിലേക്ക് മാറ്റുന്നത്. കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ കോര്‍പ്പറേറ്റ് ശൈലിയിലുള്ള മാനേജ്‌മെന്റാണ്. വ്യക്തിഗത ട്രസ്റ്റിമാര്‍ക്ക് പകരം അക്കൗണ്ട്സ് ഓഫീസര്‍, ഏരിയ മാനേജര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഭണ്ഡാരങ്ങള്‍ തുറക്കുന്നത്. ധനകാര്യവും സുരക്ഷയും പ്രത്യേക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. മലയോര പ്രദേശമായതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മാറ്റാന്‍ സുരക്ഷവാഹനങ്ങളും ഹെലികോപ്റ്ററും ഉപയോഗിക്കുന്നു.
സ്വതന്ത്ര മേല്‍നോട്ടവും ഡിജിറ്റല്‍ ഓഡിറ്റും
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തുറക്കുന്നത് ക്ഷേത്ര അഡ്മിനിസ്ട്രേറ്ററുടെയോ ഗസറ്റഡ് ഓഫീസറുടെയോ സാന്നിധ്യത്തിലാണ്, കൂടാതെ ഇതിന് സാക്ഷിയായി മാനേജിങ് കമ്മിറ്റിയിലെ ഒരു സ്വതന്ത്ര അംഗവും ഉണ്ടാകും. ഓരോ ഭണ്ഡാരവും തുറക്കുന്നതിന് മുന്‍പും ശേഷവും മുദ്രവെക്കുകയും നിയമപരമായ ഫോമുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഡിജിറ്റല്‍ ഭണ്ഡാരം, പേയ്‌മെന്റ് ഗേറ്റ് വേകള്‍ എന്നിവ വഴിയും സംഭാവനകള്‍ വിപുലീകരിച്ചിട്ടുണ്ട്. വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഉത്തരവാദിത്തമുണ്ട്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് 56 ഭണ്ഡാരങ്ങള്‍ തുറക്കുക. കൃത്യമായ 'ഓഡിറ്റ് ട്രയല്‍' സൃഷ്ടിക്കുന്നതിനായി ഓരോ ഇടപാടിനും നിക്ഷേപ രസീതുകള്‍ നിര്‍ബന്ധമായും ജനറേറ്റ് ചെയ്യുന്നു. ലഭിക്കുന്ന ആഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തുന്നത് സര്‍ക്കാര്‍ അംഗീകൃത മൂല്യനിര്‍ണ്ണയക്കാരാണ്. വലിയ ക്ഷേത്രങ്ങള്‍ ഈ അത്യാധുനിക ഭരണ ശൈലി പിന്തുടരുമ്പോഴും, ഇന്ത്യയില്‍ പ്രധാനമായും കുടുംബ മാനേജ്‌മെന്റ്, മഹന്ത് സംവിധാനം, അഖാഡ സംവിധാനം എന്നീ മൂന്ന് പരമ്പരാഗത ഭരണ മാതൃകകളാണ് ക്ഷേത്ര ഭരണത്തില്‍ കണ്ടുവരുന്നത്. കേരളത്തില്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം, ഉടമസ്ഥാവകാശം, ചരിത്രം എന്നിവ അടിസ്ഥാനമാക്കി ദേവസ്വം, ട്രസ്റ്റ്, മഠങ്ങള്‍, ക്ഷേത്രസമിതികള്‍ എന്നിവര്‍ക്കാണ് ഭരണപരമായ അവകാശമുള്ളത്.
സുതാര്യത ഉറപ്പാക്കി വിശ്വാസം സംരക്ഷിക്കപ്പെടണം
സംസ്ഥാന സര്‍ക്കാരുകള്‍ രൂപപ്പെടുത്തിയ നിയമമോ മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടുകളോ അല്ല ഒട്ടുമിക്ക പ്രമുഖ ക്ഷേത്രങ്ങളെയും നിയന്ത്രിക്കുന്നത്. മറിച്ച് സ്വകാര്യ ട്രസ്റ്റോ, സമിതികളോ ആയിരിക്കും. സംസ്ഥാനത്തിന്റെയോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയോ നിയമാനുസൃത ഓഡിറ്റുകള്‍ ഇവിടെ നടക്കാറില്ല എന്നതാണ് ഉയരുന്ന ആക്ഷേപം. ട്രസ്റ്റ് അഥവാ ഭരണസമിതി ഏര്‍പ്പെടുത്തുന്ന സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഓഡിറ്റ് മാത്രമാണ് പലയിടത്തുമുള്ളത്. ഇത് സാമ്പത്തിക ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്നതാണ് അയോധ്യ രാമക്ഷേത്രത്തിലെയും ബദരീനാഥ് ധാമിലെയും ആരോപണങ്ങള്‍ വെളിപ്പെടുത്തുന്നത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ സംഭാവന കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വങ്ങള്‍ ആയിട്ടും ഇവിടെയും ക്രമക്കേടുകള്‍ക്ക് കുറവില്ല. വിശ്വാസത്തിന്റെ പേരില്‍ ഒഴുകിയെത്തുന്ന കോടിക്കണക്കിന് രൂപ സുതാര്യമായി കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. പരമ്പരാഗതമായ ക്ഷേത്ര ഭരണരീതികളില്‍ നിന്ന് മാറി, ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഓഡിറ്റിംഗും കണിശമായ ഭരണനിര്‍വ്വഹണവും നടപ്പിലാക്കിയാല്‍ മാത്രമേ ഭക്തരുടെ വിശ്വാസം സംരക്ഷിക്കാനും ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ തടയാനും സാധിക്കൂ.