കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ എന്തുചെയ്യും?

കമ്പനിയുടെ അമേരിക്കന്‍ ഉടമസ്ഥാവകാശം നടപടിയെ സങ്കീര്‍ണ്ണമാക്കുന്നു
കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ എന്തുചെയ്യും?
Published on
Updated on

യുഎസിലെ ടെക്സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോഡിങ് കമ്പനിയായ 'കോറോഹെല്‍ത്ത്' കേരളത്തിലെ തങ്ങളുടെ 2 ഓഫീസുകളില്‍ നിന്ന് എണ്ണൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ ഒറ്റയടിക്കു പിരിച്ചുവിട്ട നടപടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ''എല്ലാവരെയും പിരിച്ചുവിടുന്നു. ഇപ്പോള്‍ത്തന്നെ ഓഫീസ് വിടണം'' എന്ന്, മൈക്കിലൂടെയുള്ള അറിയിപ്പാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇവര്‍ക്കു ലഭിച്ചത്. മൂന്നുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കുമെന്ന് അറിയിച്ച കമ്പനി, ജീവനക്കാര്‍ക്കെല്ലാം പിരിച്ചുവിടല്‍ക്കത്തും കൈമാറി. നഷ്ടത്തിലായതിനാല്‍ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ പൂട്ടുകയാണെന്നാണ് വിശദീകരണം. കമ്പനി ഉടമകള്‍ വരാഞ്ഞതിനാല്‍ തിങ്കളാഴ്ച ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ തല്‍കാലം പിരിച്ചുവിടല്‍ മരവിപ്പിച്ചെങ്കിലും കാര്യമായി പുരോഗതി ഉണ്ടായില്ല. ഈ മാസം 10ന് കമ്പനി ഉടമകള്‍ ചര്‍ച്ചക്ക് വന്നില്ലങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ഇത്തത്തിലുളള കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത് ആദ്യമാണ്. കമ്പനിയുടെ അമേരിക്കന്‍ ഉടമസ്ഥാവകാശം ഈ നടപടിയെ സങ്കീര്‍ണ്ണമാക്കുന്നു. അതിനാല്‍ പ്രതിവിധി കണ്ടെത്തുക വിഷമകരമാണ്.

യുഎസിലെ ആശുപത്രികളില്‍ രോഗികളുടെ രജിസ്ട്രേഷന്‍ മുതല്‍ ക്ലിനിക്കല്‍ റെക്കോര്‍ഡുകളുടെ ഡോക്യുമെന്റേഷനും ഇന്‍ഷുറന്‍സും ബില്‍ മാനേജ്മെന്റും വരെ നീളുന്ന സമ്പൂര്‍ണ ഹെല്‍ത്ത് ടെക് സേവനങ്ങള്‍ നല്‍കുന്ന 'കോറോഹെല്‍ത്ത്' കമ്പനിക്ക് ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, നോയിഡ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഓഫിസുകളുള്ളത്. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടു നാലര വര്‍ഷമായി. പാലാരിവട്ടത്തെ ഓഫിസില്‍ 500 പേരും കോഴിക്കോട്ട് 300 പേരുമാണ് ജോലി ചെയ്തിരുന്നത്. കേരളത്തിലെ ഓഫീസുകള്‍ പൂട്ടി ഉത്തര്‍പ്രദേശിലും ഹൈദരാബാദിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനാണ് കമ്പനിയുടെ നീക്കമെന്നു ജീവനക്കാര്‍ പറയുന്നു. തൊഴില്‍ചൂഷണത്തിനെതിരെ പ്രതികരിക്കുന്നതു കൊണ്ടാണ് കേരളത്തിലെ ഓഫിസുകള്‍ പൂട്ടാന്‍ തീരുമാനിച്ചതെന്നാണ് അവരുടെ പരാതി. കമ്പനി നേരത്തേ പിരിച്ചുവിട്ട മലയാളി ജീവനക്കാരില്‍ ചിലര്‍ ലേബര്‍ കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാസങ്ങളുടെ ഇടവേളയില്‍ മുന്നൂറോളം ജീവനക്കാരെയും കഴിഞ്ഞ ജനുവരിയില്‍ ബംഗളൂരുവിലെ ഓഫീസില്‍ ഇരുനൂറുപേരെയുമാണ് കമ്പനി പിരിച്ചുവിട്ടത്.

കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ എന്തുചെയ്യും?
വിദ്യഭ്യാസ മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തുറന്നുവെച്ച് സി.ബി.എസ്.ഇ

തൊഴില്‍ നിയമങ്ങളുടെ വ്യക്തമായ ലംഘനം

ജീവനക്കാരെ പിരിച്ചുവിടുന്നതിലും സ്ഥാപനം അടച്ചുപൂട്ടുന്നതിലും വ്യക്തമായ നിയമവ്യവസ്ഥകള്‍ രാജ്യത്ത് നിലവിലുണ്ട്. പഴയ നിയമമായ 'ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്' അനുസരിച്ച്, 100-ല്‍ കൂടുതല്‍ ജീവനക്കാരുള്ള ഒരു വ്യവസായ സ്ഥാപനം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുമ്പോഴോ സ്ഥാപനം അടച്ചുപൂട്ടുമ്പോഴോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്നായിരുന്നു വ്യവസ്ഥ. കേന്ദ്ര സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന 'ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020' പ്രകാരം ഈ പരിധി 100-ല്‍ നിന്നും 300 ആയി ഉയര്‍ത്തിയിട്ടുണ്ട് . അതായത്, പുതിയ നിയമപ്രകാരം 300-ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പിരിച്ചുവിടല്‍ നടപടികളിലേക്ക് കടക്കാം. കൊച്ചിയിലെയും കോഴിക്കോട്ടെയും യൂണിറ്റുകളില്‍ നിന്നായി കോറോ ഹെല്‍ത്ത് പിരിച്ചുവിടുന്നത് 800-ഓളം ജീവനക്കാരെയാണ്. അതായത്, പഴയ നിയമം അടിസ്ഥാനമാക്കിയാലും പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാലും, ഇത്രയും വലിയൊരു കൂട്ടപ്പിരിച്ചുവിടലിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കമ്പനി നേടിയെടുക്കേണ്ടത് നിര്‍ബന്ധമാണ്.

ഒരുമാസം മുമ്പ് നോട്ടീസ് നല്‍കണം

പുതിയ തൊഴില്‍ നിയമമനുസരിച്ച് പിരിച്ച് വിടലിന് ഒരു മാസം മുമ്പ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കണം. കരാര്‍ തൊഴിലാളികളാണെങ്കില്‍ പോലും ഒരുമാസം മുമ്പ് നോട്ടീസ് നല്‍കണമെന്നത് കര്‍ശന വ്യവസ്ഥയാണ്. സ്ഥാപനം അടച്ചു പൂട്ടുകയാണെങ്കില്‍ 60 ദിവസം മുമ്പെങ്കിലും അതിന്റെ കാരണം വ്യക്തമാക്കി സര്‍ക്കാറിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഇതിന്റെ പകര്‍പ്പ് തൊഴിലാളികളുടെ പ്രതിനിധികള്‍ക്കും നല്‍കണം. തൊഴിലാളികള്‍ മുന്നൂറോ അതിന് മുകളിലോ ആണെങ്കില്‍ അവര്‍ക്ക് മൂന്നു മാസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണം. തുടര്‍ച്ചയായി ജോലി ചെയ്ത ഓരോ വര്‍ഷത്തിനും ശരാശരി 15 ദിവസം എന്ന നിരക്കില്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം. പിരിച്ചുവിടപ്പെടുന്ന തൊഴിലാളിയുടെ 15 ദിവസത്തെ വേതനത്തിന് തുല്യമായ തുക വര്‍ക്കേഴ്സ് റീഫില്ലിങ് ഫണ്ടിലേക്ക് കമ്പനി അടക്കണം. കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലില്‍ മൂന്നുമാസത്തെ ശമ്പളം നല്‍കിയതൊഴിച്ചാല്‍ മറ്റു വ്യവസ്ഥകളൊന്നും കമ്പനി പാലിച്ചിട്ടില്ല.

കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ എന്തുചെയ്യും?
കരാര്‍ ലംഘിച്ച് വിഴിഞ്ഞത്ത് നടക്കുന്നത് അദാനി രാജോ?

പ്രത്യേക സാമ്പത്തികമേഖലകളിലെ തൊഴില്‍ പീഡനം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപകമായി സ്ഥാപിച്ച സ്പെഷല്‍ ഇക്കണോമിക് സോണുകളില്‍ രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കപ്പെടുന്നില്ല. ഇവിടങ്ങളില്‍ തൊഴില്‍നിയമങ്ങള്‍ ബാധകമാണെന്ന് 2005-ലെ ദ സ്പെഷല്‍ ഇക്കണോമിക് സോണ്‍ ആക്ടില്‍ പറയുന്നുണ്ടെങ്കിലും അതിലൊക്കെ കണക്കറ്റ് വെള്ളംചേര്‍ത്താണു നടപ്പാക്കപ്പെട്ടിട്ടുള്ളത്. ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ സ്പെഷല്‍ ഇക്കണോമിക് സോണിലെ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി ബാധ്യതയില്ല. കൂടാതെ, തൊഴില്‍നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥപരിശോധനകള്‍ക്കു പകരം, സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും. നിയമം തെറ്റിച്ചുള്ള പലവിധ തൊഴില്‍ചൂഷണങ്ങള്‍ക്ക് ഇത് വഴിയൊരുക്കി.

വരാന്‍പോകുന്ന അപകടങ്ങളുടെ മുന്നറിയിപ്പ്

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ പ്രാബല്യത്തിലാക്കിയ തൊഴില്‍ കോഡുകളുടെ പരിണതഫലമാണ് ഈ സംഭവമെന്നു തൊഴിലാളി ക്ഷേമരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമയ്ക്ക് അനുകൂലമാക്കുന്നവിധത്തിലുള്ള മാറ്റിയെഴുത്താണ് ഈ കോഡുകളില്‍ വന്നത്. അതിനാല്‍ കോറോഹെല്‍ത്ത് വിഷയത്തില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിനു പരിമിതിയുണ്ടെന്ന് പറഞ്ഞത് തൊഴില്‍മന്ത്രി ബിന്ദുകൃഷ്ണയാണ്. ട്രേഡ് യൂണിയനുകളുടെ അസാന്നിധ്യവും, നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിലെ അവ്യക്തതയും കോറോഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടലില്‍ മുഴച്ചു നില്‍ക്കുന്നു. ലേബര്‍ കോഡുമായി ബന്ധപ്പെട്ടുള്ള ചട്ടം കേരളത്തില്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇവിടെ കേന്ദ്രചട്ടങ്ങളാണു ബാധകമാകുക, അതിനാല്‍ വിഷയത്തില്‍ പ്രതിവിധി കണ്ടെത്തുക വിഷമകരമാണ്. പുതിയ ലേബര്‍ കോഡില്‍ ത്രികക്ഷി ചര്‍ച്ചക്കും ഉഭയകക്ഷി ചര്‍ച്ചയ്ക്കുമൊക്കെ പ്രാധാന്യം നഷ്ടമായി. പേരിനു മാത്രമായി തൊഴില്‍ വകുപ്പിന്റെ മധ്യസ്ഥത. തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ശേഷിയുള്ള മേലധികാരികള്‍ എത്തുന്നുമില്ല. ഓണ്‍ലൈനിലൂടെയുള്ള ഉത്തരവുകളും നടപടിക്രമങ്ങളും മാത്രമാണ് നടക്കുന്നത്.

ഗോപാല്‍ ഗൗഡ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടണം

നാല് ലേബര്‍ കോഡുകളെക്കുറിച്ച് പഠിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ട് 2026 ജനുവരി 22ന് ജസ്റ്റിസ് വി ഗോപാല്‍ ഗൗഡ അധ്യക്ഷനായ വിദഗ്ധസമിതിക്ക് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയിരുന്നു. മാര്‍ച്ച് 15ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ സമിതിയുടെ ശുപാര്‍ശകളിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയാതെ പോയി. തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന നിയമസഭയ്ക്കുള്ള അധികാരങ്ങളെക്കുറിച്ച് സമിതി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര ലേബര്‍ കോഡുകളില്‍ ഭേദഗതി വരുത്താന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശകള്‍ ഇപ്പോഴത്തെ നിയമപോരാട്ടത്തില്‍ പ്രസക്തമാണ്. സാമ്പത്തിക ലാഭത്തിന് വേണ്ടി തൊഴിലാളികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ പെരുവഴിയിലാക്കുമ്പോള്‍, അതിന് കുടപിടിക്കുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമാകുന്നത് അങ്ങേയറ്റം ഗൗരവകരമാണ്. കാര്‍പ്പറേറ്റുകള്‍ക്ക് ചുവപ്പുനാടകളില്ലാതെ ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം തന്നെ, അവിടെ പണിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്.

News Malayalam 24x7
newsmalayalam.com