
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാണ്. അത് അങ്ങനെയാണെന്ന് ചിലരെ ഓര്‍മിപ്പിക്കേണ്ടി വരുന്നതുകൊണ്ട് പറഞ്ഞതാണ്. അതു വരുന്നതിന് തലേന്ന്, അതായത് ഓഗസ്റ്റ് 14ന്, വിഭജന ഭീകരതാ ദിനമായി ആചരിക്കുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് പകരം പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതിന് തുല്യമാണത്. ഇന്ത്യയില്‍ നിന്നല്ല സ്വാതന്ത്ര്യം നേടിയത് എന്നു സ്ഥാപിക്കാന്‍ മുഹമ്മദാലി ജിന്നയുടെ അതിബുദ്ധിയില്‍ തോന്നിയ ആശയമായിരുന്നു ഓഗസ്റ്റ് 14. നേരിട്ട് ബ്രട്ടീഷുകാരില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിയത് എന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
അതുമാത്രമാണ് ഓഗസ്റ്റ് 14നുള്ള പ്രത്യേകത. പാകിസ്താന്റെ ആ ഓഗസ്റ്റ് 14 ആഘോഷിക്കാനോ ആചരിക്കാനോ ഇന്ത്യയില്‍ ആഹ്വാനം നടത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന നടപടികള്‍ എന്തൊക്കെയാകുമെന്ന് നമുക്കൂഹിക്കാം. അതിനു തുല്യമാണ് സ്വാതന്ത്ര്യ ദിനത്തിനു തലേന്ന് വിഭജന ഭീകരതാ ദിനമായി ആചരിക്കാനുള്ള ആഹ്വാനവും. ഗവര്‍ണറുടെ ഈ ഉത്തരവ് എല്ലാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കുമാണ്. സ്വാതന്ത്ര്യ ദിനം സമീപകാലം വരെ ആചരിക്കാതിരുന്ന ഒറ്റഗ്രൂപ്പേ ഇന്ത്യയില്‍ ഉള്ളൂ. അത് ആര്‍എസ്എസ് ആണ്. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്ന പതിവും ആര്‍എസ്എസിന് ഉണ്ടായിരുന്നില്ല. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത് ഒരിക്കലും ആഘോഷിക്കാതെ വിഭജനത്തിന്റെ മുറിവ് കുത്തിനോവിച്ചുകൊണ്ടിരുന്നതും ആര്‍എസ്എസാണ്. ജനാധിപത്യ ഇന്ത്യയിലേക്കുള്ള പരിവര്‍ത്തനത്തെ ഒട്ടും അംഗീകരിക്കാതിരിക്കുന്നവര്‍ക്കു മാത്രമേ ഓഗസ്റ്റ് 14 ആചരിക്കാന്‍ പറയാന്‍ കഴിയൂ.
'പാര്‍ട്ടീഷന്‍ ഹൊറര്‍ ഡേ' ആയി ആചരിക്കാനാണ് ഗവര്‍ണറുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി അണ്ടര്‍സെക്രട്ടറി ഒപ്പുവച്ച ഉത്തരവിലുള്ളത്. ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാര്‍ക്കാണ്. സര്‍വകലാശാലകളില്‍ ആ ദിവസം നാടകങ്ങള്‍ അവതരിപ്പിക്കാം എന്നാണ് നിര്‍ദേശം. രാഷ്ട്ര വിഭജനം എത്ര ഭീകരമായിരുന്നു എന്നു വ്യക്തമാക്കുന്ന നാടകമാണ് അവതരിപ്പിക്കേണ്ടത്. സര്‍വകലാശാലകള്‍ക്ക് സെമിനാറുകളും സംഘടിപ്പിക്കാം എന്നും ഉത്തരവിലുണ്ട്. ഇതിനുള്ള കര്‍മപദ്ധതി വൈസ് ചാന്‍സലര്‍മാര്‍ തയ്യാറാക്കി അറിയിക്കാനാണ് ഗവര്‍ണറുടെ ഉത്തരവിലുള്ളത്. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ വിഭജനത്തിന്റെ മുറിവുണക്കാന്‍ ഉറക്കമൊഴിച്ച ഒരു വ്യക്തിയുണ്ട്. സ്വാതന്ത്ര്യ ദിനത്തിലെ പരിപാടികളിലൊന്നും പങ്കെടുക്കാതെ ജനങ്ങള്‍ക്കിടയില്‍ നിന്ന ഒരാള്‍. അദ്ദേഹത്തിന്റെ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നാണ്. അദ്ദേഹത്തെയാണ് ഈ രാഷ്ട്ര വിഭജനത്തിന്റെ പേരില്‍ നാഥുറാം ഗോഡ്‌സെ കൊന്നുകളഞ്ഞത്. അങ്ങനെ ഗാന്ധിയെ വധിച്ചതിനാണ് സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായി ആര്‍എസ്എസിനെ നിരോധിച്ചത്. സ്വാതന്ത്ര്യദിനത്തിനു മുന്‍പ് ആചരിക്കുന്നുണ്ടെങ്കില്‍ വേണ്ടത് ഗാന്ധി സ്മൃതിയാണ്. കാരണം ആ മഹാമനീഷിയാണ് ആ അര്‍ത്ഥരാത്രിക്കു മുന്‍പ് ഇവിടെ യാത്ര ആരംഭിച്ചത്.
ഓഗസ്റ്റ് 14ന് ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ സംഭവം ഡോ. രാജേന്ദ്ര പ്രസാദിന്റെ പ്രസംഗമാണ്. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്‌ളിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ പ്രസംഗമാണ്. മഹാത്മാഗാന്ധിയെ ഫാദര്‍ ഓഫ് ദ നേഷന്‍ അഥവാ രാഷ്ട്രപിതാവ് എന്നു ഡോ. രാജേന്ദ്രപ്രസാദ് വിളിച്ചതോടെ ആരംഭിച്ച ഒരു കയ്യടിയുണ്ട്. ഡല്‍ഹിയിലെ ജനതമുഴുവന്‍ ഏറ്റെടുത്തതുപോലെ മുഴങ്ങിയ ആ കയ്യടിയാണ് ഓഗസ്റ്റ് 14ലെ ഇന്ത്യ. ആ സമയത്ത് ഗാന്ധിജി ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. കൊല്‍ക്കൊത്തയിലായിരുന്നു. അപ്പോഴേക്കും 24 മണിക്കൂര്‍ നീണ്ടു നിന്ന നിരാഹാരം ആരംഭിച്ചിരുന്നു. എന്തുകൊണ്ടെന്നാല്‍ രാഷ്ട്ര വിഭജനത്തിന്റെ ചോരക്കറ ഒഴുകാന്‍ തുടങ്ങിയത് ഇപ്പോള്‍ ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നതുപോലെ 1947 ഓഗസ്റ്റ് 14ന് അല്ല. അതിനും ഒരു വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് കലാപം. പരസ്പരം ജനതയെ വെട്ടിക്കൊല്ലുകയും തീയിടുകയും ചെയ്യുന്നതു തുടര്‍ന്നു പോരികയായിരുന്നു. ആ നീണ്ട കലാപത്തിന്റെ അനന്തര ഫലമായാണ് രണ്ടു രാഷ്ട്രങ്ങള്‍ പിറന്നത്. അത് ആരും വെട്ടിമുറിച്ചത് ആയിരുന്നില്ല. കൂടാന്‍ മടിച്ചു നിന്ന രണ്ടു കഷണങ്ങള്‍ ആയിരുന്നു. ഒരിക്കലും മുറികൂടാത്ത രണ്ടു ഭൂപാളികളായിരുന്നു. 1857 മുതലൊക്കെ രാജ്യത്തു വിതച്ച വര്‍ഗീയതയുടെ വിഷവിത്തിന്റെ ഉല്‍പന്നമാണ് 90 വര്‍ഷംകഴിഞ്ഞ് രണ്ടായി പിറന്നത്. ഗാന്ധിജിയുടെ ജനനത്തിനും 12 വര്‍ഷം മുന്‍പ് ഹിന്ദുവും ഇസ്ലാമുമായി വിഭജിക്കപ്പെട്ട ഒരു രാഷ്ട്രമനസാക്ഷിയുണ്ട്. അതിനാണ് ഗാന്ധിജിയെ ഉത്തരവാദിയാക്കിയതും നിഷ്‌കരുണം വെടിവച്ചു കൊന്നതും. ഗാന്ധിജിയെ കൊന്ന ആ ക്രൂരതയല്ലാതെ മറ്റെന്താണ് ഓഗസ്റ്റ് 14ന് ഓര്‍ക്കേണ്ടത്.
1946 ഓഗസ്റ്റ് 16ന് കൊല്‍ക്കൊത്തയിലാണ് രാഷ്ട്രവിഭജനത്തിന്റെ ഭീകരത ശരിക്ക് ആരംഭിച്ചത്. ബംഗാളിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലേക്കും ബിഹാറിലേക്കും പഞ്ചാബിലേക്കുമൊക്കെ അതു പടരുകയായിരുന്നു. മുഹമ്മദാലി ജിന്ന നയിച്ച മുസ്ലിം ലീഗ് പാകിസ്ഥാനുവേണ്ടി കലാപം ആരംഭിച്ചത് ആ ദിവസമാണ്. അല്ലാതെ ഈ ഉത്തരവില്‍ പറയുന്നതുപോലെ 1947 ഓഗസ്റ്റ് 14ന് അല്ല. ആ കലാപം തുടങ്ങിയ കാലം മുതല്‍ തന്നെ ഗാന്ധിജി ബംഗാളിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയായിരുന്നു. അതു ജിന്ന മാത്രം നടത്തിയ സമരം ആയിരുന്നില്ല. ബംഗാളില്‍ മുസ്ലിങ്ങള്‍ തീയിട്ടിപ്പോള്‍ ബിഹാറില്‍ ഹിന്ദുക്കളാണ് ആയുധമേന്തിയത്. ബംഗാളില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ വീടുകളിലും ബിഹാറില്‍ കൊല്ലപ്പെട്ട മുസ്ലിംകളുടെ വീടുകളിലും ഗാന്ധിജി മാറി മാറി സന്ദര്‍ശിച്ചു. ഏഴ് ആഴ്ചയ്ക്കിടെ 116 മൈല്‍ ഗാന്ധിജി കാല്‍നടയായി പോയി എന്നാണ് രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകം പറയുന്നത്. 1946 നംവബര്‍ ആയപ്പോഴേക്കും തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരം കവിഞ്ഞിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വം കുറച്ചുകാണിക്കാനായി ഓഗസ്റ്റ് 14ന് വിഭജന ദിനം ആചരിക്കുന്നവര്‍ അറിയേണ്ടതാണ് ഈ ചരിത്രം. വിഭജനത്തിലെ നരഹത്യ മുഴുവന്‍ ആ ഒറ്റരാത്രിയില്‍ സംഭവിച്ചതാണെന്നു ചുരുക്കി വിശ്വസിപ്പിക്കാനുള്ള കുതന്ത്രം പിന്നീടുള്ള പല വര്‍ഷങ്ങളിലും ഇന്ത്യ കണ്ടതാണ്. അത് ഔദ്യോഗിക വേഷമണിഞ്ഞെത്തുന്നത് ഇപ്പോഴാണെന്നു മാത്രം.
ഓണം വാമനജയന്തിയായി ആഘോഷിക്കുക എന്ന് ആഹ്വാനം ചെയ്യുന്നതില്‍ ഒരു കുടില ബുദ്ധിയുണ്ട്. ബഹുഭൂരിപക്ഷവും ആരാധിക്കുന്ന മഹാബലിയെ വീണ്ടും ചവിട്ടി താഴ്ത്തുക എന്നാണ് അതിന്റ ഉദ്ദേശ്യം. വലന്റൈന്‍സ് ദിനം ആചരിക്കരുത് എന്ന് ഘോരാഘോരം പറയാറുണ്ട്. നവലോക സ്വാതന്ത്ര്യവും സംസ്‌കാരവും നമ്മുടെ കുട്ടികളൊന്നും അറിയരുത് എന്നാണ് അതിന്റെ ഗൂഢ ലക്ഷ്യം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിക്കാതെ ഗോഡ്‌സെയുടെ രക്തസാക്ഷി ദിനം ആചരിക്കുന്നവര്‍ ഈ രാജ്യത്ത് ഇപ്പോഴുമുണ്ട്. അതുപോലെയാണ് ഓഗസ്റ്റ് 14ന് വിഭജന ഭീകരതാ ദിനം ആചരിക്കാനുള്ള നീക്കവും. കേരളംപോലെ വിദ്യാഭ്യാസത്തില്‍ ജനാധിപത്യം വന്ന സംസ്ഥാനത്ത് ആലോചിക്കാന്‍ കഴിയുന്നതല്ല ഇത്തരം പ്രതിലോമപരമായ നിര്‍ദേശങ്ങള്‍. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിന്റെ കാലത്താണ് കേരളം സ്ഥാപിത താല്‍പര്യക്കാരുടെ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് പറന്നത്. പിന്നീടിങ്ങോട് ഇക്കാലം മുഴുവന്‍ പലവിധത്തിലും വിദ്യാഭ്യാസരംഗത്തെ അമര്‍ത്താന്‍ നീക്കങ്ങളുണ്ടായിട്ടുണ്ട്. അന്നൊക്കെ അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്നും ജനാധിപത്യത്തിന്റെ പാഠങ്ങള്‍ നമ്മുടെ പുസ്തകങ്ങളിലുള്ളത്. കേരളത്തിനും തമിഴ്‌നാടിനുമൊക്കെ മാത്രമേ ആ സ്വാതന്ത്ര്യം ഇപ്പോള്‍ അവകാശപ്പെടാന്‍ കഴിയൂ. വിജ്ഞാനത്തേയും വിവേകത്തേയും പരിഹസിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകുന്നത് എവിടെ നിന്നാണെങ്കിലും അത് ആശാസ്യമല്ല.