

യുഡിഎഫ് മഹാതരംഗം. ഇതിൽക്കുറഞ്ഞൊരു വിശേഷണം ഈ തെരഞ്ഞെടുപ്പ് ഫലത്തിനു നൽകാനില്ല. യുഡിഎഫ് പ്രവർത്തകർക്ക് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ ഏറ്റവും സന്തോഷകരമായ നിമിഷം ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിഭീമവിജയങ്ങൾക്കും മുകളിൽ നിൽക്കുന്നതാണ് ഈ ഫലം. എൽഡിഎഫിന് എല്ലാ മേഖലകളിലും തിരിച്ചടിയുണ്ട്. എൻഡിഎയ്ക്ക് നഗരങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകുന്നുണ്ട്. ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രകടമായ ലക്ഷണങ്ങളെ സമ്മതിക്കുക മാത്രമെ ഇനി എൽഡിഎഫിന് വഴിയുള്ളൂ. 2026ൽ സംസ്ഥാന ഭരണം പിടിക്കാൻ യുഡിഎഫ് ഒന്നുകൂടി അധ്വാനിച്ചാൽ സാധ്യമായേക്കും.
2010ൽ യുഡിഎഫിന് ഗ്രാമ പഞ്ചായത്തുകളിൽ ഉണ്ടായിരുന്നതിനു സമാനമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്. 2010ൽ യുഡിഎഫിന്‍റെ ആ മുന്നേറ്റം 2011ലെ യുഡിഎഫ് ഭരണത്തിലേക്ക് എത്തുന്നതു കേരളം കണ്ടു. പക്ഷേ, രണ്ടേ രണ്ടു സീറ്റിനു മാത്രമാണ് ഉമ്മൻചാണ്ടി അത്തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്. അതാണ് ഇത്തവണ യുഡിഎഫിനുള്ള മുന്നറിയിപ്പ്. ഗ്രാമങ്ങളിൽ എൽഡിഎഫിന്‍റെ ആധിപത്യത്തിലുണ്ടായ വലിയ ഇടിവ് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ്. നഗരങ്ങളിൽ യുഡിഎഫിനുണ്ടായ മേൽക്കൈക്ക് ഭീഷണി എൻഡിഎയാണ്.
രാജ്യത്തെങ്ങും ബിജെപി മുന്നേറ്റമുണ്ടാക്കുന്നത് നഗരങ്ങളിലാണ്. ഇവിടെ തിരുവല്ലയിലും പത്തനംതിട്ടയിലുമൊക്കെ എൻഡിഎയ്ക്കുണ്ടായ മുന്നേറ്റം ശരിക്കും ഭയപ്പെടുത്തേണ്ടത് യുഡിഎഫിനെയാണ്. നഗരകേന്ദ്രീകൃതമായ വോട്ടിലെ എൻഡിഎ ചായ്‍വാണ് ഈ തെരഞ്ഞെടുപ്പിലെ ഡിസൈഡിങ് ഫാക്ടർ. കൊച്ചി കോർപ്പറേഷൻ വീണ്ടും യുഡിഎഫ് പിടിച്ചതും കോഴിക്കോട്, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റവും ഒരു സൂചനയാണ്.
യുഡിഎഫിന് ഏറ്റവും അഭിമാനിക്കാവുന്ന, പ്രതീക്ഷ നൽകുന്ന, ആത്മവിശ്വാസമേകുന്ന വിജയമാണിത്. പ്രതിപക്ഷത്തെ നയിച്ച വി ഡി സതീശന് ഏറ്റവും ആത്മാഭിമാനത്തോടെ ഹൈക്കമാൻഡിനു മുന്നിൽ നിന്ന് ഈ ഫലം അവതരിപ്പിക്കാം. യുഡിഎഫിൽ ഒരു നേതൃത്വപ്രതിസന്ധി ഉണ്ടായിരുന്നെങ്കിൽ അതിനി തുടരും എന്നു പറയാൻ കഴിയില്ല. എല്ലാം ആറ്റിക്കുറുക്കി വി ഡി സതീശനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിനും മുകളിൽ നിന്ന് വി. ഡി. സതീശൻ തന്നെ യുഡിഎഫിനെ നയിക്കും. ഏതു വിഷയത്തിലും വി ഡി സതീശൻ സ്വീകരിച്ച നിലപാടുകൂടിയാണ് ഇപ്പോൾ ജയിച്ചു നിൽക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പോലും ഏറ്റവും ധാർമികമായി വി ഡി സതീശൻ സ്വീകരിച്ച നിലപാടുണ്ട്. അടൂർ പ്രകാശും സണ്ണി ജോസഫും മാറിയും മറിഞ്ഞും തിരുത്തിയുമൊക്കെ നിന്നപ്പോൾ സതീശന് ഈ തെരഞ്ഞെടുപ്പിൽ എല്ലാ വിഷയത്തിലും ഒറ്റ നിലപാടേ ഉണ്ടായിരുന്നുള്ളൂ. ആ നിലപാടുകളാണ് ഇത്തവണ ജനത അംഗീകരിച്ചത്. ഗ്രാമീണ ജനത ചേർന്നു നിന്നു എന്നു പറഞ്ഞാൽ ഭൂരിപക്ഷം വരുന്ന വോട്ടർമാരും അംഗീകരിക്കുന്നു എന്നാണ്. 2010ൽ പോലും ഗ്രാമീണ വോട്ടുകളിൽ ഇത്ര ശക്തമായ മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല.
സംസ്ഥാനത്തൊട്ടാകെ ഈ ഒരു തരംഗം അല്ലെങ്കിൽ ചായ്‍വ് വളരെ വ്യക്തമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇനി നാലുമാസം തികച്ചില്ല. മാർച്ച് പതിനഞ്ചോടുകൂടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏപ്രിലിൽ വോട്ടെടുപ്പ് നടത്തുന്നതാണ് സാധാരണ സംഭവിക്കാറുള്ളത്. പരമാവധി മേയ് ആദ്യം വരെ തെരഞ്ഞെടുപ്പ് നീളാം. ഏതാണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങെത്തിക്കഴിഞ്ഞു എന്നാണ് സ്ഥിതി. അവിടെയാണ് യുഡിഎഫ് മഹാതരംഗം ഉണ്ടാക്കിയിരിക്കുന്നത്.
എൻഡിഎയയ്ക്ക് നഗരങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകുന്നുണ്ട്. അത് നിയമസഭയിൽ പ്രതിഫലിക്കുമോ എന്ന് ഈ നിമിഷം പറയാൻ കഴിയില്ലെങ്കിലും വസ്തുത ഇനിയും അവഗണിക്കാനാവില്ല. തിരുവനന്തപുരം കോർപറേഷൻ ഭരിക്കുമെന്ന് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പായി ബിജെപി പറഞ്ഞുകൊണ്ടിരുന്നതാണ്. അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഈ മുന്നേറ്റമാണ് എൽഡിഎഫിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പ്. പന്തളത്തും പാലക്കാട്ടും തിരിച്ചടി നേരിട്ടെങ്കിലും നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തുമൊക്കെ ബിജെപി ഇത്തവണ ഉണ്ടാക്കിയ മുന്നേറ്റം ഒരു പാഠപുസ്തകമാണ്.
രണ്ടുമൂന്നു പതിറ്റാണ്ടായി മേൽക്കൈയുള്ള ഇ മേഖലയിൽ ഒരു പടികൂടി കടന്നു നിൽക്കുകയാണ് ബിജെപി. കേരള നിയമസഭയിൽ വീണ്ടും അക്കൌണ്ട് തുറക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നു കൂടി അടുത്തു നിൽക്കുകയാണ്. ചില നഗരങ്ങളിലെങ്കിലും ഇരുപതു ശതമാനം വോട്ട് എന്ന ലക്ഷ്യം ബിജെപി മറികടന്നു. ഇരുപതു ശതമാനം വോട്ട് പിടിച്ചാൽ മുപ്പതുശതമാനം നിയമസഭാ സീറ്റുകളിൽ നിർണായക കക്ഷിയാവുക എന്നാണ് അർത്ഥം. ബിജെപി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന ഈ വെല്ലുവിളിയാണ് എൽഡിഎഫിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പ്. സംസ്ഥാന രാഷ്ട്രീയത്തിൽ ചിരപരിചിതനല്ലാത്ത രാജീവ് ചന്ദ്രശേഖർ നയിച്ച തെരഞ്ഞെടുപ്പാണിത്.
സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലുമെല്ലാം രാജീവ് ചന്ദ്രശേഖറിന്‍റെ കർക്കശ ഇടപെടലുകളും ഉണ്ടായിരുന്നു. വി മുരളീധരനും കെ സുരേന്ദ്രനും പി കെ കൃഷ്ണദാസിനും ഒക്കെ മുകളിലായി രാജീവ് ചന്ദ്രശേഖർ ഈ ഫലത്തോടെ വന്നു നിൽക്കുകയാണ്. ഇതാണ് ബിജെപി ഈ തെരഞ്ഞെടുപ്പിൽ നൽകുന്ന സന്ദേശവും. നഗരകേന്ദ്രീകൃതമായ വോട്ടുകളിൽ രാജീവ് ചന്ദ്രശേഖർ പ്രഭാവം വ്യക്തമാണ്. അത് രാജീവ് ചന്ദ്രശേഖർ എന്ന വ്യക്തിക്കുള്ള വോട്ടല്ല. എക്സിക്യൂട്ടീവ് നേതൃത്വത്തോടുള്ള നഗരങ്ങളുടെ ചായ്‍വാണ് അവിടെയെല്ലാം വ്യക്തമായത്. സുരേഷ് ഗോപിയെ തൃശൂരും ഇ ശ്രീധരനെ പാലക്കാട്ട് കൊണ്ടുവന്ന ആ തന്ത്രമാണ് ആർ ശ്രീലേഖയെപ്പോലുള്ളവരെ തിരുവനന്തപുരത്ത് അവതരിപ്പിക്കാൻ ധൈര്യം നൽകിയത്. അതാണ് ജയിച്ചു നിൽക്കുന്നത്.
എൽഡിഎഫ് സമ്മതിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. ഭരണവിരുദ്ധ വികാരം അസ്സലായി ഇത്തവണ വായിച്ചെടുക്കാം. അവസാന നിമിഷം 400 രൂപ വീതം പെൻഷൻ കൂട്ടിയിട്ടും അവസാനത്തെ ഗഡു കുടിശികയും നൽകിയിട്ടും അതൊന്നും വോട്ടിനെ സ്വാധീനിച്ചില്ല. അടിസ്ഥാന ജനതയ്ക്ക് അസംതൃപ്തിയുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പിരിമുറക്കും ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളിലേക്കും എത്തുന്നുണ്ട്. കേന്ദ്രം അനുവദിക്കാത്തതുകൊണ്ടാണെങ്കിലും കേരളത്തിന് കിട്ടാത്തതുകൊണ്ടാണെങ്കിലും ഫലം ജനതയ്ക്കുണ്ടാകുന്ന കഷ്ടപ്പാടാണ്.
പുതിയ തൊഴിൽ സാധ്യതകൾ ഉയർന്നുവരാത്തതും വലിയ പദ്ധതികളൊന്നും നടപ്പാകാത്തതുമെല്ലാം ഈ ഫലത്തിൽ ദൃശ്യമാണ്. പത്തുവർഷം ഭരിച്ച ഒരു സർക്കാരിന് വിരുദ്ധ വികാരം സ്വാഭാവികമാണ്. കേരളത്തിൽ ഇങ്ങനെ പത്തുവർഷം തുടർച്ചയായി ഏതെങ്കിലും പാർട്ടി ഭരിച്ച ചരിത്രവുമില്ല. അങ്ങനെ പത്തുവർഷത്തെ ഭരണത്തെക്കൂടി വിലയിരുത്തുകയായിരുന്നു ജനത എന്ന് കരുതേണ്ടിവരും. സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് എങ്ങും തൊടാതെയുള്ള ഉത്തരങ്ങളാണ് എൽഡിഎഫ് നേതാക്കളിൽ ഭൂരിപക്ഷവും പറഞ്ഞത്.
ഭരണത്തെ ജനം വിലിയിരുത്തി എന്നല്ലാതെ ഈ ഫലത്തെക്കുറിച്ച് മറ്റെന്തുപറയാൻ. അങ്ങനെ ഒരു വിലയിരുത്തൽ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായി. തിരുവനന്തപുരത്തിന്‍റെ തെക്കെയറ്റം മുതൽ കാസർഗോഡിന്‍റെ വടക്കേയറ്റം വരെ അതു പ്രതിഫലിച്ചു. എൽഡിഎഫിന് അനുകൂലമായ ഒരു ഘടകം പോലും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ല എന്നു കാണാം. യുഡിഎഫിന് ഇത്തവണ പ്രചാരണ രംഗത്തുണ്ടായിരുന്ന ഏക പ്രതിസന്ധി രാഹുൽ മാങ്കൂട്ടത്തിൽ മാത്രമായിരുന്നു.
പ്രചാരണത്തിന്‍റെ അവസാന പത്തുദിവസം രാഹുൽ മാങ്കൂട്ടത്തിലായിരുന്നു വാർത്തകളിൽ നിറഞ്ഞു നിന്നത്. അതുപക്ഷേ, തെരഞ്ഞെടുപ്പിൽ ഒരു തരത്തിലും ബാധിച്ചില്ല എന്നാണ് ഈ ഫലം കാണിക്കുന്നത്. യുഡിഎഫിന്‍റെ മഹാ വിജയത്തിലേക്ക് നയിച്ച നിരവധി ഘടകങ്ങളുണ്ട്. ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചോ എന്നു ചോദിച്ചാൽ തിരിച്ചടിച്ചു എന്നുതന്നെയാണ് ഉത്തരം. ഗ്രാമങ്ങളിൽ മുഴുവൻ അമ്പലക്കള്ളന്മാർ എന്നു വിളിച്ചായിരുന്നു യുഡിഎഫ് പ്രചാരണം.
ശബരിമല സ്വർണപ്പാളി വിഷയം നേരിട്ടു പറയുന്ന പാട്ടുകളാണ് ഈ ദിവസങ്ങളിലെല്ലാം ഗ്രാമങ്ങളിൽ മുഴങ്ങിയത്. തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും ബുദ്ധിമുട്ടിലാക്കിയ ജനത്തിന് 400 രൂപയുടെ പെൻഷൻ വർദ്ധന ഒട്ടും ആശ്വാസകരമായിരുന്നില്ല. അവരെ സ്വർണപ്പാളിക്കേസ് നന്നായി സ്വാധീനിച്ചു. സിപിഐ പോലും ഒരു ഘട്ടത്തിൽ സിപിഐഎമ്മിനെ തള്ളിപ്പറഞ്ഞ സ്ഥിതി ഉണ്ടായി. പിഎം ശ്രീ വിഷയത്തിലെ ആ നേരിട്ടുള്ള ഏറ്റുമുട്ടൽ സമയത്താണ് ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മുന്നണിയിൽ തന്നെ അസ്വസ്ഥതകൾ ഉണ്ടെന്ന് അങ്ങനെ പുറത്തുവന്നു.
വിഷയം വിട്ടുവീഴ്ചകളിലൂടെ പരിഹരിച്ചെങ്കിലും അസംതൃപ്തി നിലനിന്നു. ഇടതുകോട്ടകളെല്ലാം കടപുഴകിയത് അങ്ങനെകൂടിയാണ്. 2010 ആവർത്തിക്കുമെന്ന് യുഡിഎഫ് നേതാക്കളൊക്കെ പറഞ്ഞതാണ്. ഇതു പക്ഷേ 2010നും മുകളിലെത്തി. ഇനി യുഡിഎഫിന്‍റെ ഹിമാലയം 2010 അല്ല. അതിനും മുകളിൽ എവറസ്റ്റായി 2025 നിലകൊള്ളുകയാണ്. ഇതു പുതിയ ചരിത്രമാണ്. ഈ വിജയത്തിന്‍റെ നേരവകാശികൾ യുഡിഎഫാണ്. കേരള ജനത നിങ്ങളുടെ കൈപിടിച്ചിരിക്കുന്നു. സ്പോട് ലൈറ്റ് ഇനി മറ്റൊരു വിഷയവുമായി നാളെ ഇതേ സമയം.