ഇറാന് റഷ്യയുടെ യുദ്ധസഹായം; യുഎസിന് ആശങ്ക

പശ്ചിമേഷ്യൻ യുദ്ധം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയും ഉയരുകയാണ്
ഇറാന് റഷ്യയുടെ യുദ്ധസഹായം; യുഎസിന് ആശങ്ക
Published on
Updated on

പശ്ചിമേഷ്യയിലെ സി.ഐ.എ കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ ഇടപെടലുണ്ടായോ എന്ന് യു.എസ് അന്വേഷണം തുടങ്ങിയതായി റോയിട്ടേഴ്സ്‍ റിപ്പോർട്ട് ചെയ്യുന്നു. മാർച്ചിൽ നടന്ന ആക്രമണങ്ങളിൽ ഉപയോഗിച്ച സാങ്കേതികവിദ്യയുടെ കൃത്യതയെക്കുറിച്ചും അത്യാധുനിക സംവിധാനങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വലിയ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. ഇതോടെ പശ്ചിമേഷ്യൻ യുദ്ധം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ഉയരുകയാണ്. റഷ്യ- ഇറാൻ പ്രതിരോധ സഹകരണം ഉണ്ടെന്ന് വ്യക്തമായിരുന്നെങ്കിലും യുദ്ധത്തിൽ പ്രത്യക്ഷമായി ഇറാനെ അനുകൂലിച്ച് അവർ രംഗത്തുവന്നിരുന്നില്ല..

ഇറാന് റഷ്യൻ യുദ്ധസഹായമോ?

പൊതുവേ പശ്ചിമേഷ്യയിലെ യു.എസ് കേന്ദ്രങ്ങൾക്കുമേലുള്ള ആക്രമണങ്ങളിൽ റഷ്യ ഇറാന് ലക്ഷ്യസ്ഥാന വിവരങ്ങളും മറ്റ് പിന്തുണയും നൽകിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ സമ്മതിക്കുകയും റോയിട്ടേഴ്സ് അടക്കമുള്ള മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ സി.ഐ.എ കേന്ദ്രങ്ങൾക്കേറ്റ ആക്രമണങ്ങളെ റഷ്യ പിന്തുണച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ഇന്റലിജൻസിന്റെ അന്വേഷണം ഇതുവരെ യു.എസ് പുറത്തുവിട്ടിരുന്നില്ല. സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിയിലെ സിഐഎ സ്റ്റേഷനും കിഴക്കൻ ഇറാഖിലെ സിഐഎയുമായി ബന്ധപ്പെട്ട മറ്റൊരു കേന്ദ്രവും മാർച്ചിൽ നടന്ന ആക്രമണങ്ങളിൽ ഇറാൻ ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോർട്ട്. ഇതിനുപുറമെ കൂടുതൽ രഹസ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. അവയുടെ അതീവ രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൃത്യമായ സ്ഥാനങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ആക്രമിക്കപ്പെട്ട താവളങ്ങളുടെ എണ്ണം ഒന്നിനും പന്ത്രണ്ടിനും ഇടയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാന് റഷ്യയുടെ യുദ്ധസഹായം; യുഎസിന് ആശങ്ക
പ്രക്ഷുബ്‌ധം; ഭീതിതം: പോരാട്ടഭൂമിയായി ഇന്ദ്രപ്രസ്ഥം

'കൊമേറ്റ-എം' നൽകിയോ​?

ഇറാനിലെ ഷാഹേദ്-136 ഡ്രോണുകളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനായി റഷ്യ 'കൊമേറ്റ-എം' എന്ന സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം നൽകിയതായാണ് അമേരിക്കൻ അന്വേഷണ സംഘം സംശയിക്കുന്നത്. ഇറാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണങ്ങളേക്കാൾ മികച്ച രീതിയിൽ ലക്ഷ്യസ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന ഒന്നാണിത്. മാത്രമല്ല, ശത്രുക്കളുടെ സിഗ്നലുകൾ ഉപയോഗിച്ച് ഡ്രോണുകളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത് തടയാനും ഈ റഷ്യൻ സാങ്കേതികവിദ്യയ്ക്ക് കഴിയും.

റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണം അതിവിദഗ്ധമായ രീതിയിലാണ് നടപ്പിലാക്കിയത് എന്നാണ് യുഎസ് നിരീക്ഷണം. റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ച രണ്ട് ഷാഹേദ് ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്. അമേരിക്കൻ കേന്ദ്രങ്ങളെ ഇത്തരത്തിൽ കൃത്യമായി ലക്ഷ്യമിടാൻ ഇറാനെ സഹായിക്കുന്നതിന് ലോകത്ത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ പ്രാവീണ്യമുള്ളൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നേരത്തേ റഷ്യ ഇറാനു കൊമേറ്റ-എം നൽകിയിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് വ്യാജവാർത്തയാണെന്ന് പറഞ്ഞ് ക്രെംലിൻ നിഷേധിച്ചു. റഷ്യയുടെ പങ്കിനെക്കുറിച്ച് കൂടുതൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അന്തിമമായ തീരുമാനങ്ങളിൽ എത്തുകയുള്ളൂ എന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചു. സി.ഐ.എ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ റഷ്യക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല.

റഷ്യയുടെ സൈനിക സഹായം എത്രത്തോളമുണ്ട്?

വളരെക്കാലമായി റഷ്യയും ഇറാനും തമ്മിൽ ആയുധങ്ങൾ കൈമാറുന്നുണ്ടെങ്കിലും, റഷ്യ പ്രധാനമായും ഉപഗ്രഹ വിവരങ്ങൾ പങ്കുവെക്കുന്ന പിന്തുണയാണ് നൽകുന്നത്. എന്നാൽ ഇതിനപ്പുറം കൂടുതൽ സൈനിക സഹായം നൽകിയിട്ടുണ്ടോ എന്നാണ് അ​മേരിക്ക അന്വേഷിക്കുന്നത്... ഡ്രോൺ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലകളിൽ റഷ്യയുടെ പങ്ക് വ്യക്തമാണെന്ന് വിദേശകാര്യ രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും നീക്കങ്ങൾ കണ്ടെത്താൻ ഇറാനെ സഹായിക്കുന്നത് റഷ്യയുടെ ഉപഗ്രഹ സംവിധാനങ്ങളാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്. റഷ്യയുടെ വികസിത ചാര ഉപഗ്രഹ ശൃംഖലയായ 'ലിയാന' , ഇറാന്റെ 'ഖയ്യാം' ഉപഗ്രഹം എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഇറാൻ യു.എസ് സൈനിക താവളങ്ങളുടെയും കപ്പലുകളുടെയും സ്ഥാനം നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ഇൻ്റലിജൻസ് വിവരങ്ങളും സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും ആയുധ ഭാഗങ്ങളുമാണ് റഷ്യ ഇറാനിലേക്ക് എത്തിക്കുന്നത്.....അതേസമയം ഇറാനെ നേരിട്ട് സഹായിച്ച് യുദ്ധത്തിൽ പങ്കാളിയാകാൻ റഷ്യ താൽപര്യം കാണിച്ചിട്ടില്ല. യുക്രൈൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ, ഇറാനെ ഒരു പരിധിവരെ മാത്രം സഹായിച്ച് ബന്ധം നിലനിർത്തുക എന്ന നിലപാടിലായിരുന്നു വ്ലാദിമിർ പുട്ടിൻ.

ഇറാന് റഷ്യയുടെ യുദ്ധസഹായം; യുഎസിന് ആശങ്ക
തെരുവില്‍ തല്ലിച്ചതച്ചാല്‍ തീരുമോ യുവതയുടെ പ്രശ്നം? അടിയന്തരനടപടി സർക്കാരിന്റെ ബാധ്യത

റഷ്യൻ സഹകരണത്തിൽ അമേരിക്കക്ക് ആശങ്ക

യുദ്ധവാഹനങ്ങൾ, യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇറാനിലേക്ക് പ്രധാനമായും എത്തിച്ചുനൽകുന്ന മുൻനിര സൈനിക പങ്കാളിയാണ് റഷ്യ. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിലുടനീളം മോസ്കോ, ഇറാനിയൻ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങൾ നിർമ്മിച്ച് നൽകുന്നതും പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതും തുടർന്നിട്ടുണ്ട്. യുദ്ധമുഖത്ത് വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ള അത്യാധുനിക ഫൈബർ ഒപ്റ്റിക് ഡ്രോൺ ഘടകങ്ങൾ റഷ്യ ഇറാന് നൽകിയിട്ടുണ്ട്. കൂടാതെ, ആയിരക്കണക്കിന് മിസൈലുകളും ടെഹ്‌റാന് നൽകുമെന്ന് മോസ്കോ ഇടക്കാലത്ത് ഉറപ്പുനൽകിയിരുന്നു.

2026-ലെ യുദ്ധത്തിൽ യുഎസ് സേനയെ ലക്ഷ്യമിടാൻ ഡിയാഗോ ഗാർഷ്യയിലെ യുകെ-യുഎസ് ബേസ്, തുർക്കിയിലെ നാറ്റോയുടെ ഇൻസെർലിക് ബേസ്, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, സൗദി അറേബ്യയിലെ എണ്ണ-പ്രകൃതിവാതക പാടങ്ങൾ എന്നിവയുടെ ചിത്രങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ പകർത്തി ഇറാന് നൽകിയതായി യുക്രെയ്ൻ വെളിപ്പെടുത്തിയിരുന്നു. ഈ സ്ഥലങ്ങളിലാണ് പിന്നീട് ഇറാൻ ആക്രമണം നടത്തിയത്. കൂടാതെ, ഇസ്രായേലിലെ 55 പ്രധാന ഊർജ ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യങ്ങളുടെ ഒരു പട്ടികയും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഇറാന് കൈമാറിയതായും യുക്രെയിൻ പറഞ്ഞു.

ഇരുരാജ്യങ്ങൾക്കുമേലുമുള്ള യുഎസ് ഉപരോധങ്ങളെ മറികടക്കാനാണ് റഷ്യയും ഇറാനും കാസ്പിയൻ കടൽ വഴിയുള്ള സമുദ്ര വ്യാപാരം ശക്തപ്പെടുത്തിയത്...അതേസമയം റഷ്യൻ മേൽനോട്ടത്തിലുള്ള നിഴൽ കപ്പലുകൾ , ഇരുവശത്തേക്കുമുള്ള ആയുധങ്ങളുടെയും മറ്റ് ചരക്കുകളുടെയും നീക്കം എളുപ്പമാക്കി.. 2025 ജൂണിലെ 12 ദിവസത്തെ ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന്, ഇറാനിൽ എട്ട് ആണവനിലയ യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാറിലാണ് റഷ്യ ഒപ്പുവെച്ചത്. ഇതിൽ നാലെണ്ണം നിലവിലുള്ള ബുഷെർ പ്ലാന്റിന്റെ ഭാഗമായും, മറ്റ് നാലെണ്ണം മറ്റ് പ്രദേശങ്ങളിലുമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

അമേരിക്കൻ പിന്തുണയിൽ യുക്രെയിൻ

റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുക്രെയിന് യു.എസ് സാമ്പത്തിക-സൈനിക സഹായങ്ങൾ ഇപ്പോഴും ലഭ്യമാകുന്നുണ്ട്. മുൻപ് യു.എസ്. കോൺഗ്രസ് അംഗീകരിച്ച വൻതുകയുടെ സഹായ പാക്കേജുകളിൽ നിന്ന് നീക്കിവെച്ച ഫണ്ടുകൾ ഉപയോഗിച്ച് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഘട്ടംഘട്ടമായി യുക്രെയിനിലേക്ക് എത്തിക്കുന്നുമുണ്ട്. കൂടാതെ, നാറ്റോ സഖ്യരാജ്യങ്ങൾ വഴി അമേരിക്കൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ലഭ്യമാക്കുന്ന പി.യു.ആർ.എൽ പദ്ധതി വഴിയും സഹായം തുടരുന്നു. നിലവിൽ പുതിയ സാമ്പത്തിക പാക്കേജുകൾ പാസാക്കുന്നതിൽ ചില രാഷ്ട്രീയ തർക്കങ്ങളും കാലതാമസവും നേരിടുന്നുണ്ടെങ്കിലും, പ്രതിരോധ ബജറ്റുകളിൽ യുക്രെയിനുള്ള ആയുധ വിഹിതം നിലനിർത്താൻ നീക്കങ്ങൾ നടക്കുന്നുണ്ട്.

ഇറാന് റഷ്യയുടെ യുദ്ധസഹായം; യുഎസിന് ആശങ്ക
ഫാർമ ടെററിസം എന്ന നവഭീകരത; വേണം അതീവ ജാഗ്രത

ആഗോള യുദ്ധ സാഹചര്യത്തിലേക്ക് വഴിതെളിക്കുമോ​​?

പശ്ചിമേഷ്യയിൽ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയുടെ പങ്ക് സംബന്ധിച്ച അന്വേഷണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സി.ഐ.എ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ റഷ്യക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അന്തിമ നിഗമനം എത്തിയിട്ടില്ല... റഷ്യയുടെ കൃത്യമായ പങ്ക് കണ്ടെത്തിയാൽ പശ്ചിമേഷ്യൻ സംഘർഷം എന്നതിലുപരിയായി ആഗോള യുദ്ധ സാഹചര്യത്തിലേക്ക് അത് വഴിതെളിക്കുമോ എന്ന് കണ്ടറിഞ്ഞുകാണണം.. അങ്ങനെയായാൽ ഇരു രാജ്യങ്ങളും ഇറാനിലും യുക്രെയിനിലുമായി പരോക്ഷമായി തുടരുന്ന യുദ്ധ സഹകരണം പ്രത്യക്ഷ സഹകരണമായി മാറിയേക്കാവുന്ന സാഹചര്യവും ഉരുത്തിരിയാനിടയുണ്ട്. അതിനാൽ പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെ അല്ലാതെ കാണാനാവി​ല്ല.

News Malayalam 24x7
newsmalayalam.com