

സിജെപി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. 34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതീയുവാക്കൾ ഒഴുകിയെത്തുന്നു. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തിയതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചുകഴിഞ്ഞു. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവായി. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പെല്ലറ്റ് ഗണ്ണുകളും ആണിയടിച്ച ലാത്തിയും കാലാവധി കഴിഞ്ഞ ടിയർ ഗ്യാസുകളും ഉപയോഗിച്ചുള്ള ഡൽഹി പൊലീസിന്റെ അടിച്ചമർത്തലുകൾ ഇതിനകം അതിശക്തമായ പ്രതിഷേധത്തിനാണ് വഴിവെച്ചിട്ടുള്ളത്. കോക്രോച്ച് ജനത പാർട്ടി സമരത്തോട് ആദ്യം മുഖം തിരിഞ്ഞുനിന്ന കേന്ദ്രസർക്കാരും ഇപ്പോൾ പ്രധാനമന്ത്രിയും മൗനം വെടിയാൻ നിർബന്ധിതരായിരിക്കുന്നു. നീറ്റ് പേപ്പർ ചോർച്ചയെച്ചൊല്ലി വർഷകാല സമ്മേളനത്തിന്റെ നാലാം നാളും പാർലമെന്റ് സ്തംഭിച്ചു. സമരം ശക്തമായതോടെ കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായെങ്കിലും സമരക്കാർ തള്ളികളഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷവും സിജെപിയും നിലപാട് കടുപ്പിച്ചു. ഡൽഹിയിലെ പ്രക്ഷോഭത്തിന്റെ അലയൊലികൾ മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. എസ്എഫ്ഐ, കെഎസ്‌യു, ഡിവൈഎഫ്ഐ സംഘടനകൾ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ സമരത്തിലിറങ്ങിക്കഴിഞ്ഞു...
ഒടുവിൽ അത് സംഭവിച്ചു. വിദ്യാർഥി പ്രതിഷേധങ്ങളിൽ മൗനം തുടർന്നിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം എത്തി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നും ചോദ്യപേപ്പർ ചോർച്ചാ കേസുകളിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ ‘നമ്മുടെ യുവജനതയുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്തത് നരേന്ദ്ര മോദിയാണെന്ന്’ പ്രതികരിക്കുകയും ചെയ്തു. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ പൂർണമായും കൈപ്പിടിയിലൊതുക്കി നശിപ്പിക്കാൻ മോദി അവസരമൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാത്രമല്ല, അതിന് ഉത്തരവാദികളായ എല്ലാവരെയും സംരക്ഷിക്കുകയും ചെയ്തു-രാഹുൽ വ്യക്തമാക്കി. 'ധർമേന്ദ്ര പ്രധാൻ നിർബന്ധമായും രാജിവെച്ചേ തീരൂവെന്ന് എക്‌സിലൂടെ തന്നെ സിജെപിയും മറുപടി നൽകി.
ഉപയോഗിച്ചത് പെല്ലറ്റുകൾ തന്നെ
ജമ്മു-കശ്മീരിൽ സായുധ സേനാ വിഭാഗങ്ങൾ ഉപയോഗിച്ച പെല്ലറ്റ് തോക്ക് ഡൽഹിയിൽ സിജെപിയുടെ പാർലമെൻറ് മാർച്ചിന് നേരെ പ്രയോഗിച്ചുവെന്ന് ഒടുവിൽ സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നു. പെല്ലറ്റ് പ്രയോഗിച്ചുവെന്ന പരാതികൾ ഉയർന്നപ്പോൾ അക്കാര്യം അംഗീകരിക്കാൻ ആദ്യം ഡൽഹി പൊലീസ് തയാറായിരുന്നില്ല.
പെല്ലറ്റ് തോക്കുകളും ഷോക്ക് ബാറ്റണുകളും സമരക്കാർക്ക് നേരെ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു വെടിവെച്ചാൽ നൂറുകണക്കിന് ലെഡ് ചീളുകൾ ഒന്നിച്ചു ചിതറിത്തെറിച്ച് ശരീരത്തിൽ തുളച്ച് കയറുമെന്നതാണ് പെല്ലറ്റ് തോക്കിന്റെ പ്രത്യേകത. കണ്ണിലോ ചെവിയിലോ തറച്ചാൽ കാഴ്ച,യെയും കേൾവിയെയും വരെ ബാധിക്കാം. ഡൽഹിയിലെ വിവിധ ആശുപത്രികളിൽ നിന്ന് വിദ്യാർഥികൾ പോലീസിന്റെ പെല്ലറ്റ് ആക്രമണത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർഥികൾക്ക് നേരെ കാലാവധി കഴിഞ്ഞ കണ്ണീർവാതക ഷെല്ലുകളും ആണിതറച്ച വടികളുമാണ് ഉപയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ കാലാവധി കഴിഞ്ഞ ഷെല്ലുകളുടെ ചിത്രങ്ങൾ സിജെപി പുറത്തുവിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം ഷെല്ലുകൾ മനപൂർവമാണ് ഉപയോഗിച്ചതെന്ന് സിജെപി ചൂണ്ടിക്കാട്ടി. യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെ എത്തിയ പൊലീസുകാർ പെൺകുട്ടികൾ ഉൾപ്പെടെയു പ്രക്ഷോഭക്കാരെ തല്ലിച്ചതക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും സേനാംഗങ്ങളല്ലെന്നും സംഘ്പരിവാറുകാരാണെന്നും കോക്രോച്ച് നേതാവ് അഭിജീത് ദീപ്കെ അടക്കം ചൂണ്ടിക്കാട്ടി. ലൈംഗികച്ചുവയോടെ പെൺകുട്ടികളെ സ്പർശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും സിജെപി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ മുമ്പ് ബിഹാറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന അക്രമസമരത്തിന്റെ വീഡിയോകൾ ഉപയോഗിച്ച്, ഡൽഹി സമരത്തിൽ അക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിക്കാനും ബിജെപിയും പൊലീസും ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത്തരം വിഡിയോകൾ വ്യാപകമായി ഇവർ പങ്കുവെക്കുന്നു...
നീതിപീഠത്തിന് സമയമില്ല
പ്രതിഷേധക്കാർക്ക് നേരെ പൊലീസുകാർ പെല്ലറ്റ് തോക്കും ലാത്തിയും പ്രയോഗിക്കുന്നതിന്റെ വീഡിയോകൾ കാണാൻ സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് സമയമില്ല; താൽപര്യവും ഇല്ല എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരിക്കുന്നു. 2026 മെയ് മാസത്തിൽ ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ, തൊഴിലില്ലാതെ സോഷ്യൽ മീഡിയയിലും മറ്റും അനാവശ്യമായി ജുഡീഷ്യറിയെ ആക്രമിക്കുന്ന ചില ചെറുപ്പക്കാരെ "പാറ്റകളോട്" ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന 'കോക്ക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണത്തിന് കാരണമായത് എന്നത് കൂടി ഇവിടെ ഓർക്കണം. ഇതിനിടെ ജന്തർ മന്തറിലെ ലാത്തിചാർജിൽ ഗുരുതരമായി പരുക്കേറ്റ സാക്ഷിയെന്ന വിദ്യാർഥിനിയുടെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘം സജ്ജമാക്കിയിട്ടുണ്ട്. ചത്തർപൂർ സ്വദേശിനിയായ സാക്ഷി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
സംസ്ഥാനങ്ങളിലേക്ക് പടർന്ന് പ്രതിഷേധാഗ്നി
ഇന്ദ്രപ്രസ്ഥത്തിൽ സിജെപി കൊളുത്തിയ സമരാഗ്നി സംസ്ഥാനങ്ങൾ ഏറ്റെടുക്കുകയാണ്. കേരളത്തിൽ നീറ്റ് ക്രമക്കേടിൽ നടന്ന എസ്എഫ്ഐ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. വെള്ളിയാഴ്ച രാജ്യവ്യാപക പഠിപ്പ് മുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടുണ്ട്. കെ എസ് യു രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകി വരികയാണ്. പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ഡിവൈഎഫ്ഐ വെള്ളിയാഴ്ച ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കും. ബിഹാറിലെ പട്നയിൽ വിദ്യാർത്ഥികളും യുവാക്കളും തെരുവുകൾ കീഴടക്കി. മുംബൈയിൽ വഞ്ചിത് ബഹുജൻ ആഘാഡിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, തമിഴ്‌നാട്, ഒഡീഷ, ബംഗാൾ, തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
അതേസമയം ജന്തർ മന്തറിൽ ആളിക്കത്തുന്ന വിദ്യാർഥി– യുവജന പ്രക്ഷോഭത്തിന്റെ മുനയൊടിക്കാൻ ഡൽഹിയിലെ ജനങ്ങളെ ബന്ദിയാക്കുകയാണ് കേന്ദ്ര സർക്കാർ. പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ ഭയന്ന്, നിർണായകമായ 16 മെട്രോ സ്റ്റേഷനുകളാണ് കേന്ദ്ര നിർദേശപ്രകാരം ഡൽഹി മെട്രോ കോർപ്പറേഷൻ അടച്ചുപൂട്ടിയത്. തലസ്ഥാന നഗരിയെ നിശ്ചലമാക്കിയും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞും പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് മോദി സർക്കാരിന്റെ നീക്കം. നിരവധി റോഡുകളിൽ അനാവശ്യമായി ബാരിക്കേഡുകൾ നിരത്തി തടസ്സങ്ങൾ സൃഷ്ടിച്ചതും വലിയ ഗതാഗതകുരുക്കുകൾക്ക് കാരണമായി. സെൻട്രൽ ഡൽഹിയിൽ അപ്രഖ്യാപിത ഇന്റർനെറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജന്തർ മന്തറിലും പരിസരങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ പൂർണമായും വിച്ഛേദിക്കപ്പെട്ടു. ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് കലാ സാംസ്കാരിക രംഗത്തെ കൂടുതൽ പ്രമുഖർ പിന്തുണയും ഐകദാർഢ്യവുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
ഇത് നീതിക്കായുള്ള സമരം
ചോദ്യപേപ്പർ ചോർച്ചയിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന യുവതയുടെ ഭാവി തച്ചുടച്ച ഭരണാധികാരികൾക്കെതിരെയുള്ള ഈ ചെറുത്തുനിൽപ്പ്, കേവലം ഒരു സമരത്തിനപ്പുറം നീതിക്കായുള്ള വലിയൊരു യുവജന മുന്നേറ്റമായി മാറിക്കഴിഞ്ഞു. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മൗലിക അവകാശങ്ങളെയും ശബ്ദത്തെയും അടിച്ചമർത്താമെന്ന ഭരണകൂടത്തിന്റെ വ്യാമോഹങ്ങൾക്കേറ്റ ശക്തമായ പ്രഹരമാണ് ഡൽഹിയിലെ ഈ വിദ്യാർത്ഥി മുന്നേറ്റം... വർദ്ധിതവീര്യത്തോടെ തെരുവുകളിലേക്ക് ഒഴുകിയെത്തുന്ന യുവത്വവും നാൾക്കുനാൾ കൂടിവരുന്ന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഈ സമരശേഷിയുടെ ശുഭസൂചനയാണ്. സമരം ശക്തമായതോടെ ചർച്ചക്ക് നിർബന്ധിതരായ കേന്ദ്ര സർക്കാരിന്റെ സമീപന മാറ്റം ഇതിനോടുകൂടി ചേർത്തുവായിക്കാം.