ദുബൈ: ഈ വർഷത്തെ ഏറ്റവും വലിയ ഫിറ്റ്നസ് പരിപാടികളിലൊന്നിന് ഒരുങ്ങുകയാണ് ദുബൈ. നവംബർ 23ന് നടക്കുന്ന ദുബൈ റൺ 2025ൻ്റെ ഭാഗമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മെട്രോ സമയം നീട്ടിയതായി ആർടിഎ അറിയിച്ചു. നവംബർ 23ന് പുലർച്ചെ മൂന്ന് മണി മുതൽ അർധരാത്രി 12 മണി വരെ ദുബായ് മെട്രോ പ്രവർത്തിക്കും.
ആയിരക്കണക്കിന് പേരെയാണ് റൺ 2025നായി നഗരം പ്രതീക്ഷിക്കുന്നത്. സുഗമമായ യാത്ര, വ്യക്തമായ റൂട്ടുകൾ, പങ്കെടുക്കാനെത്തുന്ന എല്ലാവർക്കും സുരക്ഷിതമായ അനുഭവം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ഗൾഫ് ന്യൂസ് അറിയിച്ചു.
റേസ് ദിനത്തിലെ കാലതാമസം ഒഴിവാക്കാൻ മെട്രോ തെരഞ്ഞെടുക്കുന്നവർ, അവരുടെ നോൾ കാർഡുകൾക്ക് മതിയായ ക്രെഡിറ്റ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ആർടിഎ ഓർമിപ്പിച്ചു. സിൽവർ ക്ലാസിന് 15 ദിർഹം അല്ലെങ്കിൽ ഒരു റൗണ്ട് ട്രിപ്പിന് ഗോൾഡ് ക്ലാസിന് 30 ദിർഹം എന്നതാണ് നിരക്ക്. വിശാലമായ ഗതാഗത പദ്ധതിയുടെ ഭാഗമായി പുലർച്ചെ 3 മുതൽ രാവിലെ 10 വരെ നിരവധി പ്രധാന റോഡുകൾ അടച്ചിടും . വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ആർടിഒ അറിയിപ്പ് നൽകി.
ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് മുതൽ അൽ ഹാദിഖ് റോഡ് പാലം വരെയുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിന്റെ വൺവേ വിഭാഗം, അൽ സുക്കൂക്ക് സ്ട്രീറ്റിൻ്റെ വൺവേ ലെയിൻ, ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായി പാർക്കിംഗ് ഏരിയകൾ, എന്നിവ അടച്ചിട്ടതോ ഭാഗികമായി അടച്ചിട്ടവയുടെ കൂട്ടത്തിലോ ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.