ദുബൈ: ഈ വർഷത്തെ ഏറ്റവും തിരക്കേറിയ മാസമായിരിക്കും ഡിസംബറിലുണ്ടാകുക എന്ന് മുന്നിൽ കണ്ട് കൊണ്ട് തയ്യാറെടുപ്പുകൾ ആരംഭിച്ചതായി എമിറേറ്റ്സ്. പീക്ക് ടൂറിസ്റ്റ് സീസൺ, പ്രധാന പ്രാദേശിക പരിപാടികൾ എന്നിവയാൽ അടുത്ത മാസം തിരക്കേറിയതായിരിക്കുമെന്ന് എയർലൈൻ അറിയിച്ചു.
യാത്ര പ്ലാൻ ചെയ്യുന്നവർ അതിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിക്കണമെന്ന് എയർലൈൻസ് അറിയിക്കുന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ദുബൈ ഇൻ്റർനാഷണലിൽ റോഡുകളിലെ തിരക്ക്, പാർക്കിങ് സമയം, പ്രോസസ്സിംഗ് സമയം, എന്നിവ കണക്കിലെടുത്താണ് എയർലൈൻ അറിയിപ്പ് പുറത്തുവിട്ടത്.
യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരണം. ടേക്ക് ഓഫ് ചെയ്യുന്നതിന് കുറഞ്ഞത് 90 മിനിറ്റ് മുമ്പ് ഇമിഗ്രേഷൻ പാസ് പാസാക്കാനും, ഒരു മണിക്കൂർ മുമ്പ് ബോർഡിങ് ഗേറ്റിൽ എത്താനും എയർലൈൻ ആവശ്യപ്പെടുന്നു. നേരത്തെ തയ്യാറെടുക്കുന്ന യാത്രക്കാർക്ക് കൂടുതൽ സുഗമമായ അനുഭവം ലഭിക്കുമെന്നും വിമാനത്താവളത്തിലെ റെസ്റ്റോറൻ്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ആസ്വദിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും എയർലൈൻ പറയുന്നു.
യാത്രാ സമ്മർദം ലഘൂകരിക്കുന്നതിനായി, യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ചെക്ക് ഇൻ ചെയ്യാനും, ഡിജിറ്റൽ ബോർഡിങ് പാസുകൾ വീണ്ടെടുക്കാനും, ബയോമെട്രിക് പ്രോസസ്സിങ്ങിനായി രജിസ്റ്റർ ചെയ്യാൻ എമിറേറ്റ്സ് ആപ്പ് ഉപയോഗിക്കണമെന്നും എയർലൈൻ അറിയിച്ചു. പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് Emirates.com വഴി ഓൺലൈൻ ചെക്ക്-ഇൻ സൗകര്യവും ലഭ്യമാണ്.
ഡിഐഎഫ്‌സിയിലെ എമിറേറ്റ്‌സ് സിറ്റി ചെക്ക് ഇൻ, ട്രാവൽ സ്റ്റോറിൽ ചെക്ക് ഇൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ക്യൂകൾ പൂർണമായും ഒഴിവാക്കാനാകും. സൗജന്യ പാർക്കിങ് ഉൾപ്പെടെ പുറപ്പെടുന്നതിന് 24 മുതൽ 4 മണിക്കൂർ മുമ്പ് വരെ ലഗേജ് ചെക്ക് ഇൻ ചെയ്യാനും ഡ്രോപ്പ് ചെയ്യാനും ഈ സൗകര്യം ഉപഭോക്താക്കളെ സഹായിക്കുന്നു.
ദുബൈയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് യാത്ര ചെയ്യുന്നതിൻ്റെ തലേദിവസം വിമാനത്താവളത്തിൽ ലഗേജ് സൂക്ഷിക്കാൻ സാധിക്കും. ഇത് യാത്രാ ദിവസത്തിലെ സമ്മർദ്ദം കുറയ്ക്കുമെന്നും എയർലൈൻസ് അറിയിക്കുന്നു.
എമിറേറ്റ്‌സ് ഏജൻ്റുമാർ യാത്രക്കാരൻ്റെ വീട്ടിലോ ഹോട്ടലിലോ ഓഫീസിലോ ചെക്ക്-ഇൻ പൂർത്തിയാക്കി ബാഗുകൾ നേരിട്ട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന ഹോം ചെക്ക് ഇൻ സൗകര്യവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും പ്ലാറ്റിനം സ്‌കൈവാർഡ്‌സ് അംഗങ്ങൾക്കും ഈ സേവനം സൗജന്യമാണ്.