
ഗുജറാത്തിലെ സൂറത്തിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് പറക്കേണ്ടിയിരുന്ന എ320 എയർബസ് വിമാനത്തിൻ്റെ ടേക്ക് ഓഫ് മുടക്കി തേനീച്ചക്കൂട്ടം. സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് 4.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൻ്റെ പറക്കലാണ് ഇതോടെ അനന്തമായി നീണ്ടത്. വിമാനത്തിൻ്റെ ലഗേജ് ഡോറിന് സമീപം കൂട്ടത്തോടെ തമ്പടിച്ച തേനീച്ച കൂട്ടമാണ് അധികൃതർക്ക് വെല്ലുവിളിയായത്.
മുഴുവൻ യാത്രക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞ ശേഷം അവരുടെ ലഗേജുകൾ വിമാനത്തിൽ കയറ്റാൻ തുടങ്ങിയപ്പോഴാണ് തേനീച്ചക്കൂട്ടം പറക്കുന്നതിൽ നിന്ന് ഇടവേള എടുത്ത് തുറന്നുവെച്ചിരുന്ന ലഗേജ് വാതിലിൽ വന്നിരുന്നത്. ഇതോടെ സർവീസ് കൃത്യസമയത്ത് നടത്താൻ സാധിക്കാതെ വിമാനത്താവളത്തിലെ ജീവനക്കാരും കാബിൻ ക്രൂവും കുഴങ്ങി.
തേനീച്ചകളെ പിരിച്ചുവിടാൻ ആദ്യം പുക ഉപയോഗിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടതോടെ ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. റൺവേയിൽ എത്തിയ ഫയർ എഞ്ചിൻ ലഗേജ് ഡോറിൽ വെള്ളം തളിക്കാൻ തുടങ്ങി. ഒടുവിൽ നനയാൻ തുടങ്ങിയതോടെ തേനീച്ചകൾ സ്ഥലം വിടുകയായിരുന്നു. നിശ്ചിത സമയവും പിന്നിട്ട് ഒരു മണിക്കൂർ വൈകിയാണ് വിമാനം പറന്നുയർന്നത്.