ഓണക്കാലമാണ്, പൂക്കളിലും ഓണാഘോഷങ്ങളിലും വിഭവങ്ങളിലും അങ്ങനെ എല്ലാത്തിലും പല വെറൈറ്റികളും നമ്മൾ കാണുന്നുണ്ട്. പക്ഷേ ഒരു മാറ്റവും ഇല്ലാതെ കാണുന്നത് മാവേലിയെയാണ്. അതിലൊരു വ്യത്യാസം ആയാലോ ഇത്തവണ. ഫോണിലൂടെ ചാറ്റ് ചെയ്യാൻ പറ്റുന്ന ഒരു എഐ മാവേലിയെ പരിചയപ്പെടാം.
പുരാണകഥകളിലെ കുറ്റമറ്റ ഭരണാധികാരിയാണ് മഹാബലി എന്ന മാവേലി. ഓണക്കാലത്ത് പ്രജകളെ കാണാൻ എത്തുന്ന മഹാബലിയെ എഐ വഴി ചാറ്റ് ബോക്സിൽ എത്തിച്ചിരിക്കുകയാണ് ടെക്നോപാർക്കിലെ സെഞ്ചുറിടെക് എന്ന കമ്പനി.
മലയാളികൾക്ക് നൊസ്റ്റാൾജിക് ഫീൽ നൽകിക്കൊണ്ട് കേരളത്തിന്റെ മാവേലിയോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കുക. അതായിരുന്നു സെഞ്ചുറിടെകിൻ്റെ ലക്ഷ്യം. രണ്ടുമാസം കൊണ്ട് പത്തു പേരടങ്ങുന്ന സംഘമാണ് എഐ മാവേലിയെ ഒരുക്കിയത്. കമ്പനി ഒരുക്കുന്ന എഐ മാവേലിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അജിഷ, അർഷാദ്, ഭാർഗവ്, ദിവ്യ എന്നിവരാണ് എഐ മാവേലിക്കു പിന്നിലെ പ്രധാന അണിയറക്കാർ. മാവേലിയോട് സംസാരിക്കുന്നതിനോടൊപ്പം മെന്റൽ ഹെൽത്ത് ടിപ്സ് പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള പണിപ്പുരയിലാണിവർ. സർവ്വ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാഴുന്ന കാലത്ത് മാവേലിയും എഐ യിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതും ചോദിക്കുന്നതിന് ഒക്കെയും ലാളിത്യവും നർമവും കലർന്ന മറുപടികളിലൂടെ.