വിചിത്രവും അവിശ്വസനീയവുമായ വീഡിയോകൾ പലതും ഇൻ്റർനെറ്റ് ലോകത്ത് കാണാറുണ്ട്. ചില വീഡിയോകൾ കണ്ടാൽ ഞെട്ടിയിരുന്ന് പോകാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ക്ലിപ്പ് കണ്ട് സത്യമാണോ എഐ ആണോ എന്ന് ചോദിച്ച് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് ഇൻ്റർനെറ്റ് ലോകം.
ഒരു വീടിന്റെ ടെറസിൽ നിൽക്കുന്ന ഒരു കൂട്ടം സ്ത്രീകളെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക. റോഡിൽ ഒരു ഘോഷയാത്ര നടക്കുന്നതായും കാണാം. പിന്നീടാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത്. സ്ത്രീകളിൽ ഒരാൾ ടെറസിന്റെ അരികിൽ ഒരു കുഞ്ഞിനെയും പിടിച്ച് അപകടകരമായ രീതിയിൽ ചാരി നിൽക്കുന്നതായി കാണാം. അവൾ കുഞ്ഞിനെ കയ്യിൽ തൂക്കി പിടിച്ചിരിക്കുകയാണ്.
കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ, അവൾ കുട്ടിയെ ടെറസിൽ നിന്ന് താഴേക്ക് എറിയുകയാണ്. താഴെ നിൽക്കുന്നയാൾ കുഞ്ഞിനെ പിടിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ കാണുന്ന ഏതൊരാളും ഒരു ദീർഘനിശ്വാസം എടുത്തിരിക്കും. വീഡിയോ എടുത്തത് എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ് സംഭവം.
ഒരു രക്ഷിതാവിന് ഇത്രയും അശ്രദ്ധമായ രീതിയിൽ എങ്ങനെ പെരുമാറാൻ കഴിയുന്നു എന്നാണ് ഇൻ്റർനെറ്റ് ലോകത്ത് ഉയരുന്ന ചോദ്യം. കുട്ടിയുടെ സുരക്ഷയുടെ കാര്യത്തിൽ പലരും ആശങ്ക പ്രകടിപ്പിച്ചു. ചിലരാകട്ടെ ഇത് അവിശ്വസനീയമാണെന്നാണ് പറയുന്നത്.
"ഇതൊരു തമാശയായി തോന്നിയില്ല, ഒരു ദുരന്തത്തിൽ അവസാനിച്ചേനെ," ഒരു ഉപയോക്താവ് പറഞ്ഞു. "ഇത് വളരെ നിരുത്തരവാദപരമാണ്. ഒരു കുഞ്ഞിനോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയും?" മറ്റൊരു ഉപയോക്താവ് വിമർശിച്ചു. "ചില ആളുകൾ വളരെ ഇൻസെൻസിറ്റീവ് ആണെന്നായിരുന്നു മറ്റൊരു ഉപോക്താവ് കുറിച്ചത്.