കിലോമീറ്ററോളം സഞ്ചരിച്ച് പ്രണയിനിയെ കാണുന്നവർ, കാമുകനായി കരൾ പാതി പകുത്ത് നൽകുന്നവർ, പ്രണയത്തിനായി ഏതറ്റം വരെയും പോകുന്നവരെ നമ്മൾ പലകുറി കണ്ടിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോ കണ്ടാൽ ആരായാലും മൂക്കത്ത് വിരൽ വെച്ച് പോകും. കാമുകിയുടെ മൊബൈൽ ബിസിയായതിന് പിന്നാലെ ഒരു ഗ്രാമത്തിലെ മുഴുവൻ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ് ഒരു വിരുതൻ.
സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ ഒരു യുവാവ് വലിയൊരു പ്ലയറുമായി ഇലക്ട്രിക് പോസ്റ്റിൽ ഇരിക്കുന്നതായി കാണാം. പിന്നാലെ ഇയാൾ കാമുകിയുടെ ഗ്രാമത്തിലേക്കുള്ള വൈദ്യുതി ലൈനുകൾ ഓരോന്നായി പ്ലയർ ഉപയോഗിച്ച് മുറിച്ചുകളയുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, കാമുകിയെ ഫോൺ വിളിച്ചപ്പോൾ ബിസി ആയതാണ് ഇയാളെ പിണക്കിയത്. ദേഷ്യം സഹിക്കാനാവാതെ കാമുകിയുടെ ഗ്രാമത്തിലെ മുഴുവൻ വൈദ്യുതി വിതരണം വിച്ഛേദിച്ചുകൊണ്ട് തന്റെ നിരാശ പ്രകടിപ്പിക്കാൻ യുവാവ് തീരുമാനിച്ചു.
വൈറലാവുന്ന ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെങ്കിലും, വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് വീഡിയോയിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
ഒരുപാട് കാമുകന്മാരെ കണ്ടിട്ടുണ്ട്, എന്നാൽ ഒരാൾ ഇങ്ങനെ പ്രണയത്തിൽ ഭ്രാന്തനാകുന്നത് ആദ്യമായാണ് കാണുന്നതെന്ന് ഒരു ഉപയോക്താവ് കുറിച്ചു. "ഒരു കാമുകൻ സാധാരണയായി സ്വന്തം ഞരമ്പാണ് മുറിക്കുന്നത്, പക്ഷേ അവൻ ഗ്രാമത്തിൻ്റെ 'ഞരമ്പ്' മുറിച്ചു," മറ്റൊരു രസകരമായ കമൻ്റ് ഇങ്ങനെ. അവൻ ബോളിവുഡ് സിനിമകൾ കാണുന്നത് നിർത്തണമെന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.