
മോഹൻലാൽ - പ്രകാശ് വർമ്മ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ പരസ്യം നിരവധി പ്രേഷകപ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇരുവരും വിൻസ്‌മേര എന്ന ജൂവല്ലറിക്ക് വേണ്ടി ഒന്നിച്ച പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വന്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വൈറൽ പരസ്യത്തിന്‍റെ ചുവടുപിടിച്ചെത്തിയിരിക്കുകയാണ് കേരള പൊലീസ്.
മാല മോഷണം പോകുന്നതും, ഫോൺ വിളിക്കുമ്പോൾ പൊലീസ് ഓടിയെത്തുന്നതുമാണ് റീലിൽ കാണിച്ചിരിക്കുന്നത്. മമ്മൂട്ടി പൊലീസായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രത്തിലെ രംഗമാണ് ഇതിനായി എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. കേരള പൊലീസിന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് റീല്‍ പങ്കുവെച്ചിട്ടുള്ളത്. ഇതിനു മുൻപും കേരള പൊലീസ് ഇത്തരത്തലുള്ള ' ക്രിയേറ്റീവ്' റീലുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. റീലുകൾ മാത്രമല്ല ട്രോളുകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ ഇവർ പങ്കുവെയ്ക്കാറുണ്ട്, അതെല്ലാം വൈറൽ ആകാറുമുണ്ട്.
സമൂഹമാധ്യമങ്ങളിൽ തരംഗമായ മോഹൻലാൽ അഭിനയിച്ച വിൻസ്‌മേര ജൂവലേഴ്‌സിന്‍റെ പരസ്യചിത്രം മോഹൻലാലിന്‍റെ അഭിനയമികവിലാണ് ശ്രദ്ധിക്കപ്പെട്ടത്. ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യചിത്രത്തിലെത്തുന്നത്. പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യചിത്രത്തിൽ അദ്ദേഹവും അഭിനയിക്കുന്നുമുണ്ട്.