

സമൂഹ്മാധ്യമങ്ങളിൽ വംശീയ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ മിസ് ഫിൻലാൻഡിന് കിരീടം നഷ്ടമായി. മിസ് യൂണിവേഴ്‌സ് 2025 മത്സരത്തിൽ ഫിൻലാൻഡിനെ പ്രതിനിധീകരിച്ച സാറാ ഡിസാഫിനാണ് തൻ്റെ കിരീടം നഷ്ടമായത്. തായ്‌ലൻഡിൽ നടന്ന മിസ് യൂണിവേഴ്സ് 2025 മത്സരത്തിന് തൊട്ടുപിന്നാലെയാണ് നടപടി.
തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മിസ് ഫിൻലൻഡ് ഓർഗനൈസേഷൻ തീരുമാനം പ്രഖ്യാപിച്ചത്. ബുദ്ധിമുട്ടേറിയതാണെങ്കിലും ഒഴിവാക്കാനാവാത്ത നടപടി എന്നു വിശേഷിപ്പിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം. വംശീയതയും വിവേചനപരവുമായ പെരുമാറ്റം ഒരു തരത്തിലും തങ്ങൾ അംഗീകരിക്കുകയില്ലെന്നും ബഹുമാനം, സമത്വം, ഉത്തരവാദിത്തം എന്നീ മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ലോകത്തിന് മുന്നിൽ മാതൃകയാവേണ്ടതിന് പകരം സാറ തൻ്റെ പ്രവൃത്തികളിൽ വീഴ്ച വരുത്തി എന്നു പറഞ്ഞു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.
ഒരു സോഷ്യൽ മീഡിയയിൽ സാറ പോസ്റ്റ് ചെയ്ത ഫോട്ടോ ആണ് വിവാദങ്ങൾക്കിട നൽകിയത്. ചിത്രത്തിൽ സാറ കൈവിരലുകൾ കൊണ്ട് കണ്ണുകൾ ചരിഞ്ഞ രൂപത്തിലാക്കിയാണ് കാണിച്ചിരിക്കുന്നത്. ഇത് ഏഷ്യൻ വംശജർക്കെതിരെയുള്ള വംശീയ പരാമർശമായാണ് കണക്കാക്കിയത്. ഒരു ചൈനക്കാരനൊപ്പം ഭക്ഷണം കഴിക്കുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പങ്കുവെച്ചത്. ഇത് പിന്നീട് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയായിരുന്നു.
പോസ്റ്റ് വിവാദമായതോടെ സാറ പോസ്റ്റ് പിൻവലിച്ച് ക്ഷമാപണവും നടത്തിയിരുന്നു. തൻ്റെ പ്രവൃത്തി മോശം അഭിപ്രായം ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും അതിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നുമായിരുന്നു ക്ഷമാപണ പോസ്റ്റ്. വ്യക്തിപരമായി ബാധിക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നതായും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.