

കേളികൊട്ട്: ഉട്ടോപ്യ ആണ്... കണ്ണിൽ കണ്ടതും കാണാത്തതും, നടക്കുന്നതും നടക്കാത്തതുമൊക്കെ പറഞ്ഞെന്നു വരും. എന്തേലും എവിടേലും സാദൃശ്യം തോന്നിയിട്ട്, കല്ലെടുത്ത് എറിയാൻ വരരുത്. ഇതൊക്കെ തികച്ചും സാങ്കൽപ്പികമാണ്. കാര്യങ്ങളെ ഇച്ചിരി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കണ്ടാല്‍ മതി.
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിസഭാ രൂപീകരണത്തിന് ചില നിയമങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ കക്ഷിയോ മുന്നണിയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിക്കും. എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കി മുന്നണി അധികാരത്തിലേറും. ഇനി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കണമെങ്കില്‍, കക്ഷികളും ഘടകക്ഷികളുമൊക്കെയായി തീരുമാനത്തിലെത്തണം. അതിനുശേഷം പ്രതിപക്ഷ നേതാവിനെയും, മുഖ്യമന്ത്രിയെയുമൊക്കെ പ്രഖ്യാപിക്കും. പക്ഷേ, കേരളത്തിലിപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനും കടമ്പകളേറെയാണ്. എന്നാല്‍ പിന്നെ ഒന്ന് ഇടപെട്ടേക്കാമെന്ന് ഉട്ടോപ്യക്കും തോന്നി.
രണ്ട് ടേം ഭരിച്ച ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെ താഴെയിറക്കി, ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റാന്‍ ഇക്കുറി ജനം വിധിയെഴുതി. 102 സീറ്റിലാണ് ജനങ്ങള്‍ യുഡിഎഫിനെ ജയിപ്പിച്ചത്. എല്‍ഡിഎഫിന് ജനം നല്‍കിയത് 35 സീറ്റ്. അങ്ങനെയങ്ങ് പോകാന്‍ വരട്ടെ എന്നു പറഞ്ഞ്, മൂന്ന് സീറ്റ് എന്‍ഡിഎയ്ക്കും കൊടുത്തു. ജനങ്ങളുടെ വിധിയെഴുത്ത് അവിടെ കഴിഞ്ഞു, തലേലെഴുത്ത് തെളിഞ്ഞു. ഐക്യജനാധിപത്യ മുന്നണിയിലെ ഐക്യം കേരളജനത കണ്ടുതുടങ്ങി. തെരഞ്ഞെടുപ്പ് ഫലം വന്ന് വിത്തിന്‍ 24 അവേഴ്‌സില്‍ മുഖ്യനെ പ്രഖ്യാപിക്കുമെന്ന വാക്ക് പഴംചാക്കിലൊളിച്ച് എങ്ങോട്ടോ പറന്നുപോയി. മുഖ്യമന്ത്രി ആരാകും എന്നൊരു ഒറ്റ ചോദ്യത്തില്‍ ഐക്യമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് അനൈക്യ മുന്നണിയായി മാറുകയും ചെയ്തു.
കേരളം മുഴുവന്‍ യാത്ര നടത്തി, തെരഞ്ഞെടുപ്പ് തോറ്റാല്‍ വനവാസത്തിനു പോകുമെന്ന് പറഞ്ഞ്, സത്യവും പിന്നെ കുറച്ചേറെ നുണയുമൊക്കെ പറഞ്ഞ് ലീഡ് ചെയ്ത വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകട്ടെ എന്ന് ഒരു വിഭാഗം വാദിച്ചു. അങ്ങ് കേന്ദ്രത്തില്‍ പിടിയുള്ള, ആശ്രിതവത്സലനായ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ എന്താ പുളിക്കുമോ എന്നായി മറ്റൊരു വിഭാഗം. സീനിയര്‍ നേതാവായ സുമുഖന്‍ രമേശ് ചെന്നിത്തലയെ നിങ്ങള്‍ എന്തുകൊണ്ട് കാണുന്നില്ല എന്നായി മറ്റൊരു വിഭാഗം. അങ്ങന വി.ഡി., കെ.സി., ആര്‍.സി. ചര്‍ച്ചകള്‍ക്കിടെ മറ്റ് പല അപശബ്ദങ്ങളും ഉയരുകയും, മുഖ്യമന്ത്രി ചര്‍ച്ച ഹൈക്കോമഡി ആയി മാറുകയും ചെയ്തു.
ഇത്തരം ചര്‍ച്ചകള്‍കൊണ്ട് എന്തു കാര്യം? ഓരോരുത്തരും ശക്തി തെളിയിക്കണ്ടേ എന്നാരോ ചോദിച്ചപോലൊരു തോന്നല്‍ ആര്‍ക്കോ ഉണ്ടായി. എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്നായി അണികള്‍. 35 എംഎല്‍എമാര്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് വി.ഡി. പക്ഷം പറഞ്ഞു. 23 പേര്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് ആര്‍.സി. പക്ഷവും രംഗത്തെത്തി. ഇതാ വരുന്നു, 48 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദവുമായി കെ.സി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാനില്ല എന്ന് തെരഞ്ഞെടുപ്പിനു മുമ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ആര്‍ത്തി മൂത്താണ് കെ.സിയുടെ നടപ്പും ഭാവവുമെല്ലാം. എല്ലാവരും ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന ആ വലിയ സത്യം ആര്‍.സിയും ഇതിനിടെ തുറന്നു പറഞ്ഞു. മുഖ്യമന്ത്രി ആക്കുന്നില്ലെങ്കില്‍ എംഎല്‍എ സ്ഥാനം എന്തിനെന്നായിരുന്നു വി.ഡിയുടെ പരസ്യ ആത്മഗതം. വിഷയത്തില്‍ ഇടപെട്ട കേന്ദ്ര നിരീക്ഷകര്‍ എംഎല്‍എമാരെ നേരില്‍ക്കണ്ട് കുറിപ്പെഴുതി ഹൈക്കമാന്‍ഡിന് കൈമാറി.
എംഎല്‍എമാരുടെ കുറിപ്പിലും കാര്യങ്ങള്‍ തീരുമെന്നു തോന്നുന്നില്ല. നേതാക്കളുടെ അണികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ നേതാക്കള്‍ക്കായി നാടെങ്ങും ഫ്ലെക്സുകള്‍ പതിച്ചു. സമൂഹമാധ്യങ്ങളില്‍ പോസ്റ്റുകള്‍ തൂക്കി. മറ്റു നേതാക്കുടെ ഫ്ലെക്സും പോസ്റ്ററുമൊക്കെ വലിച്ചുകീറിയും ചെളി വാരിയെറിഞ്ഞും രംഗം കൊഴുപ്പിച്ചു. ഇതിനിടെ ഒറ്റയ്ക്കും കൂട്ടമായുമുള്ള പ്രകടനങ്ങളും, ആത്മഹത്യ ഭീഷണിയും തുടങ്ങി കോമഡികള്‍ വേറെയും അരങ്ങേറി. ഇത്രയും ആയപ്പോള്‍, മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എന്തൊക്കെ കണക്കാക്കണം എന്ന കണ്‍ഫ്യൂഷനിലാണ് കേന്ദ്ര നിരീക്ഷകര്‍. എംഎല്‍എമാരുടെ കണക്കെടുക്കണം, അതു കഴിഞ്ഞ് ഫ്ലെക്സുകളുടെ കണക്കെടുക്കണം. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സ്, കമന്റ്, ലൈക്ക് ആന്‍ഡ് ഷെയര്‍ എന്നിവയും കൂടി എണ്ണിയിട്ടേ ഇക്കാര്യത്തില്‍ തീരുമാമാകൂ എന്നാണ് തോന്നുന്നത്.
മൂന്നുപേര്‍ കട്ടയ്ക്കുകട്ട പയറ്റുന്ന മത്സരത്തില്‍നിന്ന് ആരെങ്കിലും പിന്മാറുമോ എന്ന കാര്യത്തിലും, ആര്‍ജവത്തോടെ ഹൈക്കമാന്‍ഡ് തീരുമാനം പറയുമോ എന്ന കാര്യത്തിലും ഇതുവരെ സൂചനയൊന്നുമില്ല. ഇത്തരം തര്‍ക്കങ്ങള്‍ ഗാന്ധിയും നെഹ്‌റുമൊക്കെ ഉണ്ടായിരുന്ന കാലം മുതല്‍ തുടങ്ങിയതാണെന്ന എ.കെ. ആന്റണിയുടെ അഭിപ്രായം കണക്കിലെടുക്കുമ്പോള്‍ ഉട്ടോപ്യയുടെ മനസിലൊരു മാര്‍ഗം തെളിഞ്ഞുവരുന്നുണ്ട്. ഒരു ത്രീ സ്റ്റേറ്റ് ഫോര്‍മുല. കേരളത്തെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. ഇതെന്താ ടൈം ട്രാവലറോ? എന്ന് തോന്നിയാലും കുഴപ്പമില്ല. ഐക്യ മുന്നണിവിട്ട് തര്‍ക്കമുന്നണിയിലായ മൂന്നുപേരെയും മൂന്നിടത്തായി മുഖ്യമന്ത്രി ആക്കണം. ഇനി അതിനും തര്‍ക്കമുണ്ടെങ്കില്‍ ടോസ് ഇടണം. കേരളം വെട്ടിമുറിച്ചിട്ടായാലും ഇതിനൊരു അറുതി വരുത്തണം. വോട്ട് ചെയ്തതിന്റെ പേരില്‍ ഇത്രയൊക്കെ സഹിക്കുന്ന കേരളജനത, അതും കൂടി സഹിച്ചോളും. അല്ലാതെന്തു ചെയ്യാന്‍?
അവസാന കുത്ത്: തെരഞ്ഞെടുപ്പ് ജയിച്ചിട്ടും, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എംഎല്‍എ എണ്ണം തികയ്ക്കാന്‍ അയല്‍പക്കത്തൊരു നന്‍പന്‍ ഓടിനടക്കുന്നു. ഇവിടെ എണ്ണം തികഞ്ഞിട്ടും എംഎല്‍എമാരെ പിളര്‍ത്തി മുഖ്യമന്ത്രിയാകാന്‍ മൂന്നാളുകള്‍ പറന്നുനടക്കുന്നു. ജനാധിപത്യത്തിന് സൗന്ദര്യം ഇച്ചിരി കൂടിപ്പോയോ?