

മലയാളിസമൂഹത്തിന് ചരിത്രബോധവും മതനിരപേക്ഷ ചിന്തകളും പകര്‍ന്നുതന്ന അധ്യാപകനാണ് പ്രൊഫ. കെ.എന്‍. പണിക്കര്‍. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഒരു ചുവന്ന സൂര്യന്റെ ഓര്‍മ എന്ന പുസ്തകത്തില്‍, ആരാണ് മലയാളി? എന്നൊരു ലേഖനമുണ്ട്. മാറുന്ന മലയാളിയെയും മലയാളിത്തത്തെയും വിവരിച്ചുകൊണ്ടാണ് അദ്ദേഹം ആ ചോദ്യം എയ്തുവിടുന്നത്. മലയാളി എന്ന പൊതുഅഭിസംബോധനയില്‍ ഉള്‍പ്പെടാത്ത ഒരു വലിയ സമൂഹത്തെയാണ് വാക്കുകളില്‍ വരഞ്ഞിടുന്നത്. കാലമെത്ര പിന്നിട്ടാലും, എത്രയൊക്കെ ആധുനികത ഘോഷിച്ചാലും അതിന് മാറ്റം ഉണ്ടാകില്ലെന്ന് അനുദിന സംഭവങ്ങള്‍ ശരിവയ്ക്കുന്നുണ്ട്.
കേരളം ദൈവത്തിന്റെ നാടായി മാറിയപ്പോള്‍ തദ്ദേശവാസികളായ മലയാളികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയോ എന്ന് സംശയിക്കുന്നവരുണ്ടാകും എന്ന മുഖവുരയോടെയാണ് കെ.എന്‍. പണിക്കര്‍ വിഷയത്തെ അവതരിപ്പിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന മലയാളിയെയും മലയാളിത്തത്തെയും കുറിച്ചുള്ള അന്വേഷണം മലയാളി ആരാണെന്ന ചോദ്യത്തില്‍നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. എല്ലാ മലയാളികളും മലയാളികളല്ല, മലയാളിത്തം ഉള്ളവനേ മലയാളിയാകുന്നുള്ളു. മലയാളിത്തം എന്താണെന്ന് നിര്‍വചിക്കുന്നത് മലയാളിത്തമുള്ള മലയാളിയുമാണ്. അങ്ങനെ നിര്‍വചിക്കപ്പെട്ട മലയാളിത്തമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. ആ നിര്‍വചനം വ്യവഹാരത്തില്‍ കൊണ്ടുവന്നത് കൊളോണിയല്‍ ഭരണസംവിധാനവുമായുള്ള ബന്ധത്തില്‍നിന്നും രാജവാഴ്ചയുടെ രക്ഷാധികാരത്തില്‍നിന്നുമാണെന്ന് കെ.എന്‍. പണിക്കര്‍ എഴുതുന്നു.
മധ്യവര്‍ഗത്തിന്റെ മലയാളിത്തത്തിനു പുറത്ത് ഒരു വലിയ വിഭാഗം മലയാളികളുണ്ടെന്നാണ് കെ.എന്‍. പണിക്കരുടെ പക്ഷം. മുത്തങ്ങയില്‍ വെടിയേറ്റ, ഇടുക്കിയില്‍ മര്‍ദനത്തില്‍ ഇരയാകുന്ന ആദിവാസി, പൊതുസ്ഥാപനങ്ങളില്‍നിന്നു നിഷ്കാസിതരാകുന്ന ദളിതര്‍, നിരന്തരമായി പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍, ദൈനംദിന തൊഴിലില്ലാത്തവരുടെ പട്ടികയില്‍ സ്ഥലം കണ്ടെത്തുന്ന യുവാക്കള്‍ എന്നിവരെ ഉദാഹരിച്ചാണ് ഇവര്‍ മലയാളികളാണോ? എന്ന് അദ്ദേഹം ചോദിക്കുന്നത്. നീതി നിഷേധിക്കപ്പെടുകയും, പൊലീസ് ഉള്‍പ്പെടെ നിയമപാലകരുടെ അധികാരവാഴ്ചയില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ദളിതരുടെയും ആദിവാസികളുടെയും നേരനുഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ ആ ചോദ്യം പ്രസക്തമാണ്. നിരന്തരം പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍, പ്രത്യേകിച്ച് ദളിത്, ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും മധ്യവര്‍ഗ മലയാളികള്‍ക്കുനേരെ ഉണ്ടാകുന്നില്ലെന്നതും അന്നുമിന്നും തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇങ്ങനെയുള്ളവര്‍ക്ക് മലയാളികള്‍ എന്ന മുഖ്യധാരയില്‍ ഇടമുണ്ടാകില്ല അല്ലെങ്കില്‍ അവര്‍ മനപൂര്‍വം ഒഴിവാക്കപ്പെടുന്നു.
വികസനമുദ്രാവാക്യം കൊണ്ട് വികസ്വരമായ സമൂഹത്തിന്റെ പുറമ്പോക്കു ഭൂമിയില്‍ നിലനില്‍ക്കുന്നവരും മലയാളികളുടെ ഗണത്തില്‍ പെടില്ലെന്നാണ് കെ.എന്‍. പണിക്കര്‍ വിവരിക്കുന്നത്. വികസനവും പുരോഗതിയും അവരെ പിറകോട്ട് തള്ളിനീക്കിയിരിക്കുന്നു. പക്ഷേ, അവരും മുതലാളിത്ത ഉപഭോഗവ്യവസ്ഥയുടെ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. അവര്‍ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗമല്ല. അവരുടെ എണ്ണം നിത്യേന വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിവരിക്കുന്നു. ഒരു വശത്ത് വികസനത്തിന്റെ പുതിയ കാഴ്ചകള്‍ പാകപ്പെടുമ്പോള്‍ തന്നെയാണ്, മറുവശത്ത് അതിന്റെയെല്ലാം ദുരിതം പേറേണ്ടിവരുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത്. അത് സൃഷ്ടിക്കുന്നത് സാമ്പത്തിക ഉന്നമനത്തിന്റെയും, പുരോഗതിയുടെയും അസമത്വക്കാഴ്ചകളാണ്. പുതിയ കാലത്തിന്റെ വേഗത്തിലും ഭാവത്തിലും സഞ്ചരിക്കുന്നവര്‍ക്കിടയില്‍, അതൊന്നും പ്രാപ്യമാകാതെ വരുന്ന ജനത അവരുടെ ജീവിതത്തിനായുള്ള പരക്കംപാച്ചിലുകളിലായിരിക്കും. നാടും വീടും വിട്ട് പുതിയ ഇടങ്ങളിലേക്ക് അവര്‍ പോകേണ്ടിവന്നേക്കും. മറ്റ് സംസ്ഥാനങ്ങളിലെയും, രാജ്യങ്ങളിലെയുമൊക്കെ പണിശാലകളില്‍ അവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കും.
പുതിയകാലത്തെ മലയാളിയെ നിര്‍വചിക്കുന്നത് മധ്യവര്‍ഗമാണ്. അവര്‍ മെനയുന്ന നിര്‍വചനങ്ങളിലൊന്നും മേല്‍പ്പറഞ്ഞവര്‍ക്ക് ഇടമുണ്ടാകില്ല. "വിനോസഞ്ചാര കേന്ദ്രങ്ങളില്‍ വിഹരിക്കാനുള്ള മടിശീലമിടുക്ക് അവര്‍ക്കില്ല. ഇറക്കുമതി ചെയ്യുന്ന പഴവും പച്ചക്കറിയും അവരുടെ ഭക്ഷണത്തിന്റെ ഭാഗമല്ല. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലെ വിഭവങ്ങള്‍ അവര്‍ക്ക് അപ്രാപ്യമാണ്. ആധുനികകേരളത്തിലെ പുതിയ അസ്‌പൃശ്യരാണവര്‍" എന്നാണ് കെ.എന്‍. പണിക്കര്‍ വിവരിക്കുന്നത്.
പുതിയകാലത്തില്‍ ഉപഭോഗശേഷിയുള്ള മധ്യവര്‍ഗമാണ് മലയാളി. ആര്‍ഭാടപൂര്‍ണമായ ആധുനികജീവിതം നയിക്കുകയും മാനസികമായ തികഞ്ഞ യാഥാസ്ഥിതികത്വം പുലര്‍ത്തുകയും ചെയ്യുന്ന മലയാളി. ആധുനിക ജീവിതാസക്തിയെ ബഹുരാഷ്ട്ര മൂലധനതാല്‍പ്പര്യങ്ങളും, യാഥാസ്ഥിതികത്വത്തെ വര്‍ഗീയതയും അവര്‍ക്ക് അനുകൂലമായി ഉപയോഗിക്കുന്നു. ഈ രണ്ട് ശക്തികളുടെയും ധൈഷണികതയും സാംസ്കാരികവുമായ സ്വാധീനത്തിന് മധ്യവര്‍ഗമലയാളി അടിമപ്പെട്ടുകൊണ്ടിരിക്കുകയും ഒരു പുതിയ മലയാളിത്തം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് ഇന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് കെ.എന്‍. പണിക്കര്‍ പറഞ്ഞവസാനിപ്പിക്കുന്നു.