ഏഷ്യ കപ്പ്: ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും; സഞ്ജു കളിക്കുമോ?
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും. ദുബായിൽ ആതിഥേയരായ യുഎഇ ആണ് ഇന്ത്യയുടെ എതിരാളികൾ. ദുർബലരായ എതിരാളികൾക്കെതിരെ ടീമിൻ്റെ ആദ്യ ഇലവനിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകരെല്ലാം.
ടീമിലിടം നേടാൻ സഞ്ജുവടക്കം പ്രതിഭകളുടെ നീണ്ടനിരയാണുള്ളത്. ആദ്യ പതിനൊന്നിൽ ആര് ടീമിലിടം നേടുമെന്നതാണ് കൗതുകമുണർത്തുന്ന ചോദ്യം. ഇന്ത്യ-യുഎഇ മത്സരം രാത്രി എട്ടിന് ആരംഭിക്കും.
ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ഓപ്പണർമാരായി ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം സഞ്ജു എവിടെ കളിക്കുമെന്നും സംശയങ്ങളുണ്ട്. വിക്കറ്റ് കീപ്പറായ ടീമിലിട്ടാലും ഓപ്പണിങ് റോളിൽ സഞ്ജു എത്താനുള്ള സാധ്യത വളരെ കുറവാണ്.
സെപ്റ്റംബർ ഒൻപത് മുതൽ 28 വരെയാണ് ഏഷ്യ കപ്പ് മത്സരങ്ങൾ നടക്കുക. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ട മത്സരമുണ്ട്. ടൂർണമെൻ്റിൽ ജിസിസിയിൽ നിന്നും ഒമാനും യുഎഇയും ആണ് കളിക്കാനിറങ്ങുന്നത്. സെപ്റ്റംബർ 28നാണ് ആവേശകരമായ ഫൈനൽ പോരാട്ടം.