

സിഡ്നി: അഞ്ചാമത് ആഷസ് ടെസ്റ്റിൽ തകർപ്പൻ മാസ്റ്റർ ക്ലാസ് ഇന്നിങ്സുകളുമായി ഓസ്ട്രേലിയയെ രക്ഷപ്പെടുത്തി ഓപ്പണർ ട്രാവിസ് ഹെഡ്ഡും ഓസീസ് നായകൻ സ്റ്റീവ് സ്മിത്തും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൻ്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസീസ് 518/7 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. നിലവിൽ ഓസീസിന് 134 റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡായി.
ചേതോഹരമായ ഇന്നിങ്സായിരുന്നു ട്രാവിസ് ഹെഡ് സിഡ്നിയിൽ പുറത്തെടുത്തത്. ട്രാവിസ് ഹെഡ്ഡിൻ്റെ കരിയറിലെ ഏഴാമത് 150+ സ്കോറാണ് ഇന്ന് സിഡ്നിയിൽ പിറന്നത്. 166 പന്തിൽ നിന്നാണ് 163 റൺസ് ഹെഡ് വാരിക്കൂട്ടിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ്ഡിനെ പൂട്ടാൻ ഇംഗ്ലീഷ് ബൗളർമാർക്ക് സാധിക്കാതെ പോയി. 24 ഫോറുകളും ഒരു സിക്സുമാണ് ട്രാവിസ് ഹെഡ്ഡിൻ്റെ ഇന്നിങ്സിൽ പിറന്നത്.
അതേസമയം, ആഷസ് പരമ്പരയിൽ ഇതേവരെ കളിച്ച ഒൻപത് ഇന്നിങ്സുകളിൽ നിന്നായി 600 റൺസാണ് ഹെഡ് വാരിക്കൂട്ടിയത്. 87.59 സ്ട്രൈക്ക് റേറ്റിലും 66.66 ബാറ്റിങ് ആവറേജിലുമാണ് ഹെഡ്ഡിൻ്റെ ഈ ഗംഭീര പ്രകടനം. പരമ്പരയിൽ ഇതുവരെ മൂന്ന് സെഞ്ച്വറികളാണ് ട്രാവിസ് ഹെഡ് നേടിയത്.
ടെസ്റ്റ് കരിയറിലെ 37ാമത് സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്ത് (129), മാർനസ് ലബൂഷാൻ (48), ബ്യൂ വെബ്സ്റ്റർ (42), കാമറൂൺ ഗ്രീൻ (37) എന്നിവരും മികച്ച പിന്തുണ നൽകി. അതേസമയം, ഇംഗ്ലണ്ട് ബൗളർമാരിൽ ബ്രൈഡൻ കാർസ് മൂന്നും ബെൻ സ്റ്റോക്ക്സ് രണ്ടും വിക്കറ്റുകളുമായി തിളങ്ങി. ജോഷ് ടങ്ങും ജേക്കബ് ബെഥേലും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 3-1ന് മുന്നിലാണ് ഓസ്ട്രേലിയ. രണ്ട് ദിവസം കൂടി ശേഷിക്കെ ലീഡ് ഉയർത്താനാണ് കംഗാരുപ്പടയുടെ ശ്രമം. അതേസമയം, സിഡ്നി ടെസ്റ്റ് ജയിച്ച് അഭിമാനം രക്ഷിക്കാനാണ് ഇംഗ്ലണ്ട് പരിശ്രമിക്കുന്നത്.