'പിരീഡ്‌സിനെ കുറിച്ചടക്കം ചോദിക്കും, പലതവണ മോശം അനുഭവമുണ്ടായി'; സെലക്ടര്‍ക്കെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് താരം

സെലക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് പലതവണ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും താരം
ജഹനാര ആലം
ജഹനാര ആലം image: X
Published on

മുന്‍ സെലക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബംഗ്ലാദേശ് പേസര്‍ ജഹനാര ആലം. സെലക്ടറായിരുന്ന മഞ്ജുരുള്‍ ഇസ്ലാമിനെതിരെയാണ് ജഹനാരയുടെ ലൈംഗികാരോപണങ്ങള്‍. ഇതിനു മുമ്പും ഇസ്ലാമിനെതിരെ പരാതികള്‍ ഉന്നയിച്ചിരുന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജഹനാര ആലം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വര്‍ഷങ്ങളായി നേരിട്ട അപമാനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.

ജഹനാര ആലം
മകൻ്റെ ചോറൂണ് ദിവസം അച്ഛൻ ജീവനൊടുക്കി; കടബാധ്യതയെന്ന് കുടുംബം

2022 ലോകകപ്പ് സമയത്തുള്ള സംഭവങ്ങളെ കുറിച്ചാണ് ജഹനാര പറഞ്ഞത്. ഒരു തവണയല്ല പലതവണ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ടീമുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ആഗ്രഹിച്ചാല്‍ കൂടി പലതും തുറന്നു പറയാന്‍ കഴിയാതെ വരും. കുറച്ച് ആളുകള്‍ അറിയുന്ന ആളാകുമ്പോള്‍ പലതും തുറന്നു പറയാനോ പ്രതിഷേധിക്കാനോ കഴിഞ്ഞെന്നു വരില്ല.

മഞ്ജുരുള്‍ ഇസ്ലാമിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരോടും പറഞ്ഞിരുന്നെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ല. വനിതാ കമ്മിറ്റി മേധാവിയായ നദേല്‍ ചൗധരിക്കു പോലും ഒന്നും ചെയ്യാനായില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവായ നിസാമുദ്ദീന്‍ ചൗധരി തന്റെ പരാതി പലതവണ കണ്ടില്ലെന്ന് നടിച്ചു.

2021 ല്‍ കോര്‍ഡിനേറ്ററായ സര്‍ഫറാസ് ബാബു മുഖേന ബിസിബി സെലക്ടറായിരുന്ന തൗഹീദ് മഹ്‌മൂദ് തന്നോട് സംസാരിച്ചിരുന്നുവെന്നും ജഹനാര പറയുന്നു. ഇതിനു മുമ്പും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ജഹനാര പറഞ്ഞു.

ജഹനാര ആലം
പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു

എന്തുകൊണ്ടാണ് അവര്‍ തന്നോട് മോശമായി പെരുമാറുന്നത് എന്നറിയില്ല. ഒന്നും പറയാതെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ ഒരുപാട് ശ്രമിച്ചു. തൗഹീദ് ഭായിയുടെ പ്രപ്പോസല്‍ താന്‍ ഒഴിവാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ മഞ്ജുരുള്‍ ഇസ്ലാം തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും തുടങ്ങി.

തൗഹീദ് ഭായ് ഒരിക്കലും തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ല. സര്‍ഫറാസ് ബാബുവിനെയാണ് പകരം അയക്കുക. ഒരു വര്‍ഷത്തിനു ശേഷം ബോര്‍ഡ് മേധാവിക്ക് എല്ലാം വിശദീകരിച്ച് ഒരു കത്ത് നല്‍കിയിരുന്നു. തൗഹീദ് സാറിനെ ശ്രദ്ധിക്കണമെന്നായിരുന്നു സര്‍ഫറാസ് ബാബു ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് തന്നെയാണ് എല്ലാ ഉത്തരവാദിത്തങ്ങളും പിന്നെ ഞാന്‍ എന്ത് ശ്രദ്ധിക്കാനാണ് എന്നാണ് തിരിച്ചു ചോദിച്ചത്. അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകാത്ത രീതിയില്‍ തനിക്ക് പെരുമാറേണ്ടി വന്നു. ഇതിനു ശേഷമാണ് മഞ്ജുരുള്‍ ഇസ്ലാം മോശമായി പെരുമാറാന്‍ തുടങ്ങിയത്.

മറ്റ് പെണ്‍കുട്ടികളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് ഇപ്പോഴെങ്കിലും എല്ലാം തുറന്നു പറയുന്നത്. 2022 ലോകകപ്പ് സമയത്താണ് മഞ്ജുരുള്‍ തന്നെ സമീപിക്കുന്നത്. ഇതോടെ ഒന്നര വര്‍ഷമായി താന്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ബിസിബിയെ അറിയിക്കാന്‍ തീരുമാനിച്ചു. പരിഹാരമുണ്ടാക്കാമെന്ന് നദേല്‍ ചൗധരി ഉറപ്പ് നല്‍കിയെങ്കിലും എല്ലാം പഴയ പടി തന്നെയായിരുന്നു. സിഇഒയോട് അടക്കം എല്ലാം പറഞ്ഞിരുന്നു.

വനിതാ താരങ്ങളോട് വളരെ മോശമായാണ് മഞ്ജുരുള്‍ ഇസ്ലാം പെരുമാറിയിരുന്നതെന്നും ജഹനാര പറയുന്നു. താരങ്ങളോട് പരിധിയില്‍ കവിഞ്ഞ് അടുത്തിടപഴകുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അതിനാല്‍ പല വനിതാ താരങ്ങളും അയാളില്‍ നിന്ന് അകലം പാലിച്ചിരുന്നു. പരിശീലനത്തിനിടയില്‍ അടുത്തു വന്ന് അയാള്‍ കൈ തന്റെ ചുമലില്‍ വെച്ചു. പെണ്‍കുട്ടികളെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് അയാളുടെ ശീലമാണ്. അവരുടെ ചെവിയോട് ചേര്‍ന്ന് നിന്ന് സംസാരിക്കും. ഇതെല്ലാം കൊണ്ട് തന്നെ അയാളെ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കാറ്.

മത്സരത്തിനു ശേഷം ഹസ്തദാനം ചെയ്യുമ്പോള്‍ പോലും അയാളില്‍ നിന്ന് അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ തന്റെ പിരീഡ്‌സിനെ കുറിച്ചു പോലും അയാള്‍ ചോദിച്ചിട്ടുണ്ടെന്നും ജഹനാര പറഞ്ഞു.

അതേസമയം, ജഹനാരയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു മഞ്ജുരുള്‍ ഇസ്ലാമിന്റെ പ്രതികരണം. താന്‍ നല്ലതാണോ മോശമാണോ എന്ന് മറ്റ് ക്രിക്കറ്റ് താരങ്ങളോട് ചോദിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ജഹനാര ആരോപിക്കുന്നതെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണ്. അതല്ലെങ്കില്‍ തെളിവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com