
"ഈ വെള്ള വസ്ത്രത്തിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. വർഷങ്ങളായി നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി"- 2025 മെയ് ഏഴിന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് രോഹിത് ശർമ കുറിച്ചു. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലുമുള്ള സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ രോഹിത്തിന്റെ പടിയിറക്കത്തെപ്പറ്റി പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇന്ത്യൻ നായകന്റെ വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. പിന്നാലെ, മെയ് 12ന് വിരാട് കൊഹ്ലിയും റെഡ് ബോൾ ക്രിക്കറ്റിനോട് ബൈ പറഞ്ഞു. ആരാകും അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ എന്നതായി അടുത്ത വലിയ ചോദ്യം? അഭ്യൂഹങ്ങൾ പിന്നെയും ഒരുപാട് ന്യൂസ് ഫീഡുകളിൽ നിറഞ്ഞു.
ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ശ്രേയസ്‍ അയ്യർ എന്നിങ്ങനെയുള്ള പേരുകളായിരുന്നു രോഹിത്തിന് പകരക്കാരനായി ബിസിസിഐക്ക് മുന്നിലുണ്ടായിരുന്നത്. ജസ്പ്രീത് ബുമ്രയ്ക്കാണ് ക്രിക്കറ്റ് ലോകം ആകെ സാധ്യത കൽപ്പിച്ചിരുന്നത്. മൂന്ന് തവണ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച പരിചയമുണ്ട് ബുമ്രയ്ക്ക്. അതിൽ ഒന്ന് ഇംഗ്ലണ്ടിലും മറ്റ് രണ്ടെണ്ണം ഓസ്‌ട്രേലിയയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലുമാണ്. പെർത്തിൽ രോഹിത്തിന് പകരക്കാരനായി ഇന്ത്യയെ നയിച്ച ബുമ്ര ടീമിനെ വിജയത്തിലേക്കും എത്തിച്ചു. എന്നാൽ വിജയ ശതമാനം കെ.എൽ. രാഹുലിന് അനുകൂലമായിരുന്നു. മൂന്ന് കളികളിലാണ് രാഹുൽ ഇന്ത്യയെ നയിച്ചത്. രാഹുലിന്റെ കീഴിൽ ഒരു പരാജയവും രണ്ട് വിജയവുമാണ് ഇന്ത്യ നേടിയത്. മറ്റുള്ളവർക്ക് ലോങ് ഫോർമാറ്റ് ക്രിക്കറ്റിൽ നായകനായി പരിചയവുമില്ല. എന്നാൽ ഈ കണക്കുകളെ ബിസിസിഐ മറ്റൊരു രീതിയിലാണ് വിലയിരുത്തിയത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായി ശുഭ്മാൻ ഗില്ലിനെയാണ് ബിസിസിഐ തെരഞ്ഞെടുത്തത്. റിഷഭ് പന്ത് ടീമിന്റെ വൈസ് ക്യാപ്റ്റനുമായി. ജസ്പ്രീത് ബുമ്ര എന്ന പേസറെയാണ് ടീമിനാവശ്യമെന്നും ക്യാപ്റ്റൻസി എന്ന അധികഭാരം താരത്തിന് നൽകാനാകില്ലെന്നുമായിരുന്നു ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ വിശദീകരണം. അങ്ങനെ മൻസൂർ അലി ഖാൻ പട്ടൗഡി, സച്ചിൻ ടെണ്ടുൽക്കർ, കപിൽ ദേവ്, രവി ശാസ്ത്രി എന്നിവർക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ഗിൽ. 25 വയസുകാരൻ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ആകുമ്പോൾ അത് ഒരു തലമുറമാറ്റത്തിന് കൂടിയാണ് അരങ്ങൊരുക്കുന്നത്. പുതിയ വെല്ലുവിളികൾക്കും
രോഹിത് ശർമ, വിരാട് കോഹ്ലി, ആർ. അശ്വിൻ, മുഹമ്മദ് ഷമി എന്നിങ്ങനെ ടീമിന്റെ കരുത്തായിരുന്ന വലിയൊരു നിരയില്ലാതെയാണ് ഗില്ലും സംഘവും ഇംഗ്ലണ്ട് പരമ്പരയ്ക്ക് തിരിക്കുന്നത്. രോഹിത്തിന്റെയും കോഹ്ലിയുടെയും അനുഭവ സമ്പത്തിന്റെ അഭാവം വലിയ വെല്ലുവിളിയാകുമെങ്കിലും കളി തിരിക്കാൻ സാധിക്കുന്ന ഒരു യുവ ബാറ്റിങ് നിര ടീമിനുണ്ട്. ബൗളിങ്ങിലേക്കെത്തുമ്പോൾ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരുണ്ടെങ്കിലും ഇപ്പോഴും ബാലാരിഷ്ടതകൾ മാറിയിട്ടില്ല. പരിക്ക് കാരണം ഇന്ത്യയുടെ പേസ് നിരയെ നയിക്കാൻ പരമ്പരയിൽ ഉടനീളം ബുമ്ര ഉണ്ടാകില്ലെന്ന സൂചന അഗാർക്കർ നൽകിക്കഴിഞ്ഞു. 21നും 28നും ഇടയിൽ പ്രായമുള്ള ഒമ്പത് കളിക്കാരാണ് ടീമിലുള്ളത്. നിർണായകമായ പരിവർത്തന ഘട്ടത്തിലാണ് ഗില്ലിന് ടീമിനെ നയിക്കേണ്ടിവരുന്നത്. 2011നും 2013നും ഇടയിൽ ഇന്ത്യയിലെ ക്രിക്കറ്റ് ഇതിഹാസങ്ങൾ വിരമിക്കുകയും ധോണി ഒരു പുതു ടീമിനെ വാർത്തെടുക്കുകയും ചെയ്ത അനുഭവം നമുക്ക് മുന്നിലുണ്ട്. ധോണിക്കൊപ്പം ഗിൽ ഉയർന്നാൽ മേൽപ്പറഞ്ഞ വെല്ലുവിളികൾ വെറും കടലാസിൽ ഒതുങ്ങും.
2007ന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല എന്നത് ഗില്ലിന്റെവെല്ലുവിളി ഇരട്ടിപ്പിക്കുന്നു. 2011, 2014, 2018 വർഷങ്ങളിലെ പരമ്പരകൾ ഇന്ത്യ പരാജയപ്പെട്ടു. 2023-24ലാണ് അവസാനമായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പര (4-1) നേടുന്നത്. പക്ഷേ അത് ഇന്ത്യൻ മണ്ണിലായിരുന്നു. 18 വർഷം നീളുന്ന ഈ പരാജയത്തിന്റെ കണക്ക് വിജയം കൊണ്ട് തിരുത്തുക അനായാസമല്ല. ടെസ്റ്റ് ക്രിക്കറ്റിൽ ആധിപത്യം ഉറപ്പിക്കുക എന്ന ദൗത്യം കൂടിയാകുമ്പോൾ ഗില്ലിന്റെ വെല്ലുവിളികൾ ഇരട്ടിക്കുന്നു.
നായകനായി നിൽക്കെ തന്നെ ബാറ്റർ എന്ന നിലയിലുള്ള ഗില്ലിന്റെ പ്രകടനവും ഇംഗ്ലണ്ട് പര്യടനത്തിൽ വിലയിരുത്തപ്പെടും.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥിതി അത്ര മെച്ചമല്ല. രോഹിത് ശർമയുടെ നായകത്വത്തിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ 0-3 നും ഓസ്ട്രേലിയയിൽ 1-3 നുമാണ് തോൽവി ഏറ്റുവാങ്ങിയത്. 12 വർഷത്തിനു ശേഷം ആദ്യമായാണ് സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നഷ്ടമാകുന്നത്. അതോടെ ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇവിടെ നിന്നും മുൻനിരയിലേക്ക് ടീമിനെ ഉയർത്തിക്കൊണ്ടുവരിക ഇനി ശുഭ്മാൻ ഗില്ലിന്റെ ഉത്തരവാദിത്തമാണ്. മുൻപന്തിയെന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ വരെ. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ആദ്യ രണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകളിലും ഇന്ത്യ ഇറങ്ങിയത്. എന്നാൽ പരാജയം ആയിരുന്നു ഫലം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഫൈനലിനു മുൻപ് തന്നെ ടീം വീണു.
നായകനായി നിൽക്കെ തന്നെ ബാറ്റർ എന്ന നിലയിലുള്ള ഗില്ലിന്റെ പ്രകടനവും ഇംഗ്ലണ്ട് പര്യടനത്തിൽ വിലയിരുത്തപ്പെടും. 2020ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, 32 മത്സരങ്ങളിൽ നിന്ന് 35.05 ശരാശരിയിൽ 5 സെഞ്ചുറിയും 7 അർദ്ധസെഞ്ചുറിയും ഉൾപ്പെടെ 1,893 റൺസാണ് ഗിൽ നേടിയിട്ടുള്ളത്. ഹോം മാച്ചുകളിൽ 42.03 ശരാശരിയിൽ 1,177 റൺസ് നേടിയ ഗില്ലിന്റെ ഓവർസീസ് പ്രകടനം ദുർബലമാണ്. 15 ടെസ്റ്റുകളിൽ നിന്ന് 27.53 ശരാശരിയിൽ 716 റൺസ് മാത്രമാണ് ഈ യുവതാരത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിൽ മൂന്ന് കളികളിൽ നിന്ന് 88 റൺസും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗില്ലിന്റെ ബാറ്റിങ് മികവ് കൂടിയാകും പരീക്ഷിക്കപ്പെടുക. ഈ അവസരം മുതലാക്കിയാൽ ഗില്ലിന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ തുടരാൻ സാധിക്കും. 'ജോലിഭാരം' എന്ന ബിസിസിഐയുടെ ന്യായവാദത്തിൽ നായകസ്ഥാനം തന്നെ തെറിക്കുമോ എന്ന് കണ്ടറിയാം.