

കൊച്ചി: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ മലയാളി താരം സഞ്ജു സാംസൺ നേടിയ സെഞ്ച്വറിയോടെ താരത്തെ വീണ്ടും ഇന്ത്യയുടെ ഏകദിന ടീമിൽ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എപ്പോഴും പുറത്താകാൻ സാധ്യതകളേറെയുള്ള ടി20 ഫോർമാറ്റിനേക്കാൾ ഏകദിനത്തിൽ സഞ്ജു സാംസണ് കൂടുതൽ മികവ് പ്രകടിപ്പിക്കാൻ സാധിക്കുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ഇതോടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും ആവശ്യപ്പെടുന്നത്. നിലവിൽ ടി20 ടീമിൽ മാത്രമാണ് സഞ്ജുവിന് സ്ഥാനമുള്ളത്. മലയാളികൾ മാത്രമല്ല ഈ ആവശ്യമുന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് കേരളം മറികടന്നത്. സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലിനൊപ്പം 212 റൺസിൻ്റെ ഒന്നാമിന്നിങ്സ് കൂട്ടുകെട്ടും പടുത്തുയർത്താനും സഞ്ജു സാംസണായി.
ലിസ്റ്റ് എ ക്രിക്കറ്റിൽ സഞ്ജുവിൻ്റെ നാലാമത്തെ സെഞ്ച്വറിയാണ് കഴിഞ്ഞ ദിവസം ജാർഖണ്ഡിനെതിരെ പിറന്നത്. 95 പന്തിൽ നിന്നാണ് സഞ്ജു 101 റൺസെടുത്തത്. 9 ഫോറുകലും മൂന്ന് സിക്സറുകളും ഈ ഇന്നിങ്സിന് ചാരുതയേകി. 129 ലിസ്റ്റ് എ മത്സരങ്ങളാണ് സഞ്ജു കളിച്ചിട്ടുള്ളത്. അതിൽ തന്നെ 120ാമത്തെ ഇന്നിങ്സായിരുന്നു ജാർഖണ്ഡിന് എതിരായത്.34.80 റൺസ് ശരാശരിയിൽ 3588 റൺസാണ് സഞ്ജു നേടിയത്. 19 അർധസെഞ്ച്വ റികളും നേടിയിട്ടുണ്ട്.
2023ലാണ് സഞ്ജു സാംസൺ അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരങ്ങൾ കളിച്ചത്. അന്ന് ദക്ഷിണാഫ്രിക്കൻ മണ്ണിൽ തകർപ്പൻ സെഞ്ച്വറിയാണ് സഞ്ജു നേടിയത്. അത്രയും മികച്ച പ്രകടനത്തിന് ശേഷവും താരം ഏകദിന ഫോർമാറ്റിൽ നിന്ന് തഴയപ്പെട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഏകദിന ഫോർമാറ്റിൽ ഇന്ത്യക്കായി ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും സഞ്ജു നേടിയിട്ടുണ്ട്.
ഇന്ത്യൻ ജേഴ്സിയിൽ ഏകദിന മത്സരങ്ങളിൽ സഞ്ജുവിൻ്റെ റെക്കോർഡ് മികച്ചതാണ്. 16 മത്സരങ്ങളിലെ 14 ഇന്നിങ്സുകളിൽ നിന്നായി 56.67 എന്ന ശരാശരിയിൽ 510 റൺസ് സഞ്ജു നേടിയിട്ടുണ്ട്. 99.61 ആണ് ഏകദിനത്തിൽ സഞ്ജുവിൻ്റെ സ്‌ട്രൈക്ക് റേറ്റ്.
ഏകദിനത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുൽ ഇതിനോടകം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടമാണ് സഞ്ജു സാംസൺ തുറന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങളും വിലയിരുത്തുന്നുണ്ട്.