
അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറ്റവും ആഘാതം നൽകിയ രണ്ട് മാസങ്ങളാണ് കടന്നുപോകുന്നത്. വേനൽ അവധിയുടെ ആലസ്യത്തിൽ ക്രിക്കറ്റ് ആസ്വദിച്ചിരുന്ന കടുത്ത ക്രിക്കറ്റ് ആരാധകർക്ക് പോലും ദഹിക്കുന്നില്ല ഈ ദിവസങ്ങളെ! അടുത്തിടെ ക്രിക്കറ്റ് ലോകത്ത് സംഭവിക്കുന്ന മലവെള്ളപ്പാച്ചിൽ പോലുള്ള കൊഴിഞ്ഞുപോക്ക് അക്ഷരാർഥത്തിൽ കായികരംഗത്തെ തന്നെ മടുപ്പിക്കുന്നൊരു കാഴ്ചയായി മാറി.
വിരാട് കോഹ്‌ലി, രോഹിത് ശർമ, ആഞ്ചലോ മാത്യൂസ് എന്നിവർ മെയ് മാസത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മെയ് ഏഴിന് രോഹിത്തും, അഞ്ച് ദിവസങ്ങൾക്കിപ്പുറം 12ന് കിങ് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് താങ്ങാനാകുന്നതിലും അധികമായിരുന്നു ഈ രണ്ട് തീരുമാനങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിനെ ദശാബ്ദങ്ങൾ ചുമലിലേറ്റിയ രണ്ട് പ്രതിഭാധനന്മാർ കളിമതിയാക്കി മടങ്ങുമ്പോൾ ആരാധകരുടെ കണ്ണുകലങ്ങുകയും തൊണ്ടയിടറുകയും ചെയ്യുന്നുണ്ട്.
ഇനി ഏകദിന ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമെ ഈ ഇതിഹാസങ്ങൾ പാഡണിയുകയും, ക്രീസിലെ നൃത്തച്ചുവടുകളാൽ വിസ്മയിപ്പിക്കുകയും ചെയ്യുകയുള്ളൂ. ഏറെ നോവ് പകരുന്നൊരു യാഥാർഥ്യം ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിൽ ശരങ്ങളായി വന്നുപതിക്കയാണ്.
മെയ് 23ന് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത് ശ്രീലങ്കൻ ഓൾറൗണ്ടറും ടീമിൻ്റെ മധ്യനിരയിലെ വിശ്വസ്തനായ ബാറ്ററുമായിരുന്ന എഞ്ചലോ മാത്യൂസാണ്. എത്ര കരുത്തരായ എതിരാളികൾക്കുമെതിരെ, ഒരേസമയം പന്തുകൊണ്ടും ബാറ്റ് കൊണ്ടും ഫീൽഡിലെ മിന്നലാട്ടങ്ങൾ കൊണ്ടും കളിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ളവനായിരുന്നു അയാൾ. ആ ഒരു അർഥത്തിൽ ലങ്കൻ ക്രിക്കറ്റിൻ്റെ മാലാഖ തന്നെയായിരുന്നു എഞ്ചലോ മാത്യൂസ്.
ചുട്ടുപൊള്ളിച്ച മെയ് മാസം തീർന്നതോടെ ക്രിക്കറ്റിലെ കനത്ത കൊഴിഞ്ഞുപോക്കുകൾ ഇവിടം കൊണ്ടവസാനിച്ചു എന്ന് നെടുവീർപ്പിട്ടതാണ് ആരാധകർ. എന്നാൽ ജൂൺ തുടങ്ങിയത് തന്നെ ഇരട്ട ആഘാതങ്ങളുമായാണ്. ജൂൺ രണ്ടിലെ പേമാരിയിൽ ലോക ക്രിക്കറ്റിനെ ത്രസിപ്പിച്ച രണ്ട് വന്മരങ്ങളാണ് കടപുഴകി വീണത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായുള്ള ദക്ഷിണാഫ്രിക്കയുടെ ഹെൻറിച് ക്ലാസൻ്റെ പ്രഖ്യാപനമാണ് കായികലോകത്തെ ഏറെ നിരാശപ്പെടുത്തുന്നത്. ക്ലാസൻ്റെ ബാറ്റിൽ നിന്ന് തീയുണ്ടകൾ പാഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. ഇനിയും അത് കണ്ട് മതിവന്നിട്ടില്ല ക്രിക്കറ്റ് പ്രേമികൾക്ക്.
ഏകദിനങ്ങളിലും ടി20യിലും ഒന്നാമിന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ റെക്കോർഡ് സ്കോറുകൾ പിന്നിടുമ്പോൾ ഈ പേര് നമ്മൾ പലപ്പോഴും കണ്ടതാണ്. പ്രോട്ടീസ് പടയുടെ ബാറ്റർമാർ ഗ്രൗണ്ടിൽ തീമഴ പെയ്യിക്കുമ്പോൾ പവർ ഹിറ്റിങ്ങുമായി മനംനിറച്ചിരുന്നൊരു പേരാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് ബൈ പറഞ്ഞത്. നിനച്ചിരിക്കാത്ത നേരത്ത് വിരുന്നെത്തുന്ന കൊള്ളിയാനെ പോലെ ക്രിക്കറ്റ് ലോകത്തിന് ഒരു ഷോക്ക് സമ്മാനിച്ചാണ് ക്ലാസൻ സൈൻ ഓഫ് ചെയ്തത്. ഇനി പ്രമുഖ ടി20 ലീഗുകളിൽ മാത്രമെ 33കാരനായ ക്ലാസൻ്റെ വെടിക്കെട്ട് കാണാനാകൂ.
സമീപകാലങ്ങളിൽ ഫോമിൻ്റെ നിഴൽ മാത്രമായെങ്കിലും ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെയും ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകുന്നതെങ്ങനെ? തൻ്റേതായ ദിവസങ്ങളിൽ മദംപൊട്ടിയ ഗജരാജനെ കണക്കെ എതിരാളികളെ തല്ലിത്തകർത്ത് ശവപ്പറമ്പ് തീർക്കുന്നൊരു കൊലകൊല്ലിയാണ് അയാൾ. ടി20യിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഏകദിന ക്രിക്കറ്റിനോടാണ് ഈ 36കാരൻ ബൈ പറഞ്ഞിരിക്കുന്നത്. രണ്ട് ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ മാക്സ്‌വെൽ അംഗമായിരുന്നുവെന്നതും സ്മരണീയമാണ്.