
അവിശ്വസനീയമായ തിരിച്ചുവരവുമായി ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിൽ നിന്ന് വിജയം തട്ടിയെടുത്ത് ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവനിര. ഇതോടെ പരമ്പരയിൽ 2-2ന് ഒപ്പമെത്താനും ഗില്ലിന് കീഴിലുള്ള ഇന്ത്യൻ ടീമിന് കഴിഞ്ഞു.
നേരത്തെ 374 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് ഫിഫ്റ്റി നേടിയ ബെൻ ഡക്കറ്റ് (54) തകർപ്പൻ തുടക്കം സമ്മാനിച്ചിരുന്നു. പിന്നീട് ജോ റൂട്ടും (105) ഹാരി ബ്രൂക്കും (111) സെഞ്ച്വറികളുമായി ടീമിനെ അനായാസം വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ നാലാം ദിനം അവസാന സെഷനിലും അഞ്ചാം ദിനം ആദ്യ സെഷനിലും ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പുറത്തെടുത്ത പോരാട്ടവീര്യം ജയം ഇംഗ്ലീഷ് പടയിൽ നിന്ന് തട്ടിയകറ്റി.
അവസാന ദിവസം 35 റൺസ് വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് താരങ്ങൾ കളത്തിലിറങ്ങിയത്. എന്നാൽ സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ ഇംഗ്ലീഷ് വാലറ്റം വേരോടെ പിഴുതെറിയപ്പെട്ടു.
തോളിന് പരിക്കേറ്റ ക്രിസ് വോക്സിനെ ഒരറ്റത്ത് നിർത്തി ഗസ് അറ്റ്കിൻസൺ നടത്തിയ ബാറ്റിങ് പ്രകടനത്തിൻ്റെ കരുത്തിൽ ഇംഗ്ലണ്ട് ജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മുഹമ്മദ് സിറാജിൻ്റെ പ്രകടനം ഇന്ത്യക്ക് അവിശ്വസനീയമായ ജയം സമ്മാനിച്ചു. ആറ് റൺസിൻ്റെ അവിശ്വസനീയ വിജയമാണ് ഇന്ത്യ നേടിയത്. സ്കോർ ഇന്ത്യ - 224 & 396, ഇംഗ്ലണ്ട് - 247 & 367