
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ ഉജ്വല പ്രകടനത്തിൻ്റെ കരുത്തിൽ ടെസ്റ്റ് ബൗളർമാരുടെ ഐസിസി റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി മുഹമ്മദ് സിറാജ്. 674 റാങ്കിങ് പോയിൻ്റുകളുമായി 15ാം സ്ഥാനത്തേക്കാണ് സിറാജ് ഉയർന്നത്.
ഒറ്റയടിക്ക് 12 സ്ഥാനങ്ങൾ മുന്നോട്ടു കയറാൻ സിറാജിനായി. നിലവിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ് റാങ്കിങ്ങിൽ ഒന്നാമൻ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യക്ക് അർഹിച്ച സമനില നേടിക്കൊടുത്തത് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിൻ്റെ മാരക സ്പെല്ലുകളായിരുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 23 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരെ തന്നെ 2021-22ൽ നടന്ന ഒരു പരമ്പരയിൽ ജസ്പ്രീത് ബുമ്ര 23 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആ നേട്ടത്തിനൊപ്പമാണ് സിറാജും എത്തിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ 123 വിക്കറ്റുകളാണ് സിറാജ് ഇതുവരെ നേടിയത്. 31.05 ശരാശരിയിലാണ് റൺസുകൾ വിട്ടുകൊടുക്കുന്നത്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന താരമായും മുഹമ്മദ് സിറാജ് മാറി. മുഹമ്മദ് സിറാജ് (25), ഇഷാന്ത് ശർമ (16), ജസ്പ്രീത് ബുമ്ര (14), അനിൽ കുംബ്ലെ (13), ആകാശ് ദീപ് (12) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.