
ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫി പരമ്പരയിലൂടെ 'സ്പോർട്സ് മാൻ സ്പിരിറ്റ്' എന്നത് ഒരു വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ക്രിക്കറ്റർമാർ. ആദ്യത്തേത് കാലിന് പരിക്കേറ്റിട്ടും നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ഋഷഭ് പന്തിൻ്റെ പോരാട്ടവീര്യമായിരുന്നു. അയാൾ ഓൾഡ് ട്രാഫോർഡിലെ കോണിപ്പടികൾ ഇറങ്ങിവരുന്ന ചിത്രം ആർക്കാണ് മറക്കാനാകുക.
ഒന്നാമിന്നിങ്സിൽ 314/6 എന്ന സ്കോറിൽ ഇന്ത്യയുടെ നില പരുങ്ങലിലായപ്പോഴാണ് പന്തിൻ്റെ ഹീറോയിക് തിരിച്ചുവരവ് ഓൾഡ് ട്രാഫോർഡ് കണ്ടത്. കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചും ഹർഷാരവം മുഴക്കിയുമാണ് പന്തിനെ ഗ്രൗണ്ടിലേക്ക് എതിരേറ്റത്. വേദന സഹിച്ചും മുടന്തിയുമായിരുന്നു പന്ത് കോണിപ്പടികൾ ഇറങ്ങിവന്നത്.
നാലാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ബാറ്റ് ചെയ്യവെയാണ് പന്തിൻ്റെ കാലിന് പരിക്കേറ്റത്. പിന്നാലെ താരം റിട്ടയേർഡ് ഹർട്ടായി ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു. ക്രിസ് വോക്സിൻ്റെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് ഋഷഭിൻ്റെ കാലിൽ പന്ത് വന്നിടിച്ചത്. വേദന കൊണ്ട് പുളഞ്ഞ താരം അധികം വൈകാതെ കളംവിട്ടിരുന്നു. അതോടെ അവസാന മത്സരത്തിൽ നിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പറെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഋഷഭ് പന്തിൻ്റെ കാലിന് പരിക്കേൽപ്പിച്ച അതേ ക്രിസ് വോക്സിനാണ് കെന്നിങ്ടൺ ഓവലിൽ വെച്ച് തോളിന് പരിക്കേറ്റതെന്നത് അവിശ്വസനീയമായ യാദൃച്ഛികതയായി. അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഒരു ബൗണ്ടറി തടയുന്നതിനിടെയാണ് വോക്സിൻ്റെ തോളിന് പരിക്കേൽക്കുന്നത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ പന്തെറിയാനും വോക്സിന് കഴിഞ്ഞിരുന്നില്ല.
അതേസമയം, പരമ്പര ജയത്തിനരികെ നിൽക്കെ ഇംഗ്ലണ്ടിന് ജയം സമ്മാനിക്കാൻ ബാൻഡേജിട്ട ഇടത്തേ കൈ ശരീരത്തോട് ചേർത്ത് കെട്ടിയാണ് ക്രിസ് വോക്സ് കളത്തിലിറങ്ങിയത്. ഒരു കൈ പൂർണമായും ജേഴ്സിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബാറ്റ് ചെയ്യാൻ ആകില്ലെന്ന് ഉറപ്പുണ്ടായിട്ടും ടീമിനെ തോൽവിയിലേക്ക് തള്ളിവിടാൻ അയാൾ ഒരുക്കമല്ലായിരുന്നു.
വോക്‌സ് മൈതാനത്തേക്ക് നടന്നുവരുന്നത് കണ്ട കാണികൾ എഴുന്നേറ്റ് നിന്നാണ് അദ്ദേഹത്തെ വരവേറ്റത്. ഒരു താരം ക്രിക്കറ്റിനോട് നൽകുന്ന പ്രതിബദ്ധതയും അർപ്പണവും എത്ര മാത്രമായിരിക്കണം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ക്രിസ് വോക്സിനേയും ഋഷഭ് പന്തിനേയും പോലുള്ള താരങ്ങൾ എന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പ്രശംസിക്കുന്നത്. അവസാന വിക്കറ്റിൽ ഗസ് അറ്റ്കിൺസണൊപ്പം ക്രീസിൽ സമയം ചെലവിട്ടെങ്കിലും ഒരു പന്തു പോലും നേരിടാതെയാണ് വോക്സ് തിരികെ പവലിയനിലെത്തിയത്.
ഇന്ത്യ ആറ് വിക്കറ്റിൻ്റെ ജയം നേടിയപ്പോഴും ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഉൾപ്പെടെ ക്രിസ് വോക്സിൻ്റെ പോരാട്ടവീര്യത്തെ പ്രത്യേകം അഭിനന്ദിക്കാൻ മറന്നില്ല. ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഓൾഡ് ട്രാഫോർഡിലെ ഋഷഭ് പന്തിൻ്റേയും, ഓവലിലെ ക്രിസ് വോക്സിൻ്റേയും ഈ ചിത്രങ്ങൾ ആരാധകർ ഹൃദയത്തിൽ ചേർത്തുവെക്കുമെന്ന് ഉറപ്പാണ്.