

ലഖ്‌നൗ:ഐപിഎൽ ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 7 വിക്കറ്റിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്. മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് പ്രകടനത്തിൻ്റെ കരുത്തിലാണ് ചെന്നൈ ഉയർത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം ലക്നൗ മറികടന്നത്. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലക്നൗവിന്‍റെ ടോപ് സ്കോറര്‍. ജോഷ് ഇംഗ്ലിസ് 32 പന്തില്‍ 36 റണ്‍സെടുത്തു.
അവസാന ഘട്ടത്തിൽ നിക്കോളാസ് പുറനും(17 പന്തില്‍ 32) മുകുള്‍ ചൗധരിയും(10 പന്തില്‍ 13) ചേര്‍ന്നാണ് ലക്നൗവിന് വിജയം സമ്മാനിച്ചത്. പതിനേഴാം ഓവറിലെ ആദ്യ നാലു പന്തുകളും സിക്സർ അടിച്ച് വിസ്മയിപ്പിച്ചാണ് പുറൻ ലക്നൗവിനെ വിജയത്തേരിലേറ്റിയത്. ഈ മത്സരത്തിലെ തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ കാര്‍ത്തിക് ശര്‍മയുടെ അര്‍ധസെഞ്ചുറി മികവിൽ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. സഞ്ജു സാംസണും റുതുരാജും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും നീണ്ടു നിന്നില്ല. കാര്‍ത്തിക് ശര്‍മയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍ 42 പന്തില്‍ 71 റൺസ് നേടി.
16 പന്തില്‍ 32 റണ്‍സുമായി ശിവം ദുബെ പുറത്താകാതെ നിന്നു. ബ്രെവിസ് 16 പന്തില്‍ 25 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ 20 പന്തില്‍ 20 റണ്‍സും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 9 പന്തില്‍ 13 റണ്‍സുമെടുത്ത് പുറത്തായി. ലക്നൗവിനായി ആകാശ് മഹാരാജ് സിംഗ് നാലോവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.