

അപരാജിത കുതിപ്പ് തുടരുന്ന രാജസ്ഥാൻ റോയൽസോ... അതോ തോൽവിയറിയാത്ത പഞ്ചാബ് കിങ്സോ? ആരാകും ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുക... ഇനി ഇവരെയെല്ലാം അട്ടിമറിച്ച് നിലവിലെ ജേതാക്കളായ ആർസിബി കിരീടം നിലനിർത്തുമോ...?
ഐപിഎൽ ആവേശം മൂന്നാം വാരത്തിലേക്ക് കടക്കവെ പോയിൻ്റ് ടേബിളിൽ ചില മാറ്റങ്ങളൊക്കെ പ്രകടമാണ്. സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ടേബിൾ ടോപ്പർമാരായി മാറിയിരിക്കുകയാണ് റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസ്... യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന സന്തുലിതമായ ടീമാണ് രാജസ്ഥാൻ റോയൽസ്... വൈഭവ് സൂര്യവൻഷി-ജയ്സ്വാൾ ഓപ്പണിങ് സഖ്യം നൽകുന്ന സ്ഫോടനാത്മകമായ പവർപ്ലേ ബാറ്റിങ്ങാണ് ടീമിൻ്റെ വിജയത്തിൽ നിർണായകമാകുന്ന ഘടകം.. ജോഫ്ര ആർച്ചറും രവി ബിഷ്ണോയിയും നയിക്കുന്ന രാജസ്ഥാൻ ബൗളിങ് ഡിപ്പാർട്ട്‌മെൻ്റും കരുത്തുറ്റതാണ്...
ടൂർണമെൻ്റിൽ ഇതേവരെ പരാജയമറിയാതെ കുതിക്കുന്ന പഞ്ചാബ് ഇക്കുറി കന്നിക്കിരീടത്തിലാണ് ലക്ഷ്യം വയ്ക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീം ഇക്കുറി പ്രബലരായ എതിരാളികളെ അട്ടിമറിച്ചാണ് കുതിപ്പ് നടത്തുന്നത്... പവർപ്ലേയിൽ സിക്സർ മഴ പെയ്യിക്കുന്ന ഓപ്പണർമാരായ പ്രിയാംശ് ആര്യയും പ്രഭ്‌സിമ്രാനും തകർപ്പൻ തുടക്കം സമ്മാനിക്കുന്നതാണ് ടീമിന് അനുഗ്രഹമാകുന്നത്. ടീമിലെ വിദേശ താരങ്ങളേക്കാൾ ഇന്ത്യൻ താരങ്ങൾ മാച്ച് വിന്നർമാരായി മാറുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
കളിച്ച നാലിൽ മൂന്നും ജയിച്ച ആർസിബി ഇക്കുറി ആകെ ഒരു മത്സരം തോറ്റത് രാജസ്ഥാൻ റോയൽസിനോട് മാത്രമാണ്. അവസാന മത്സരത്തിൽ മുംബൈയെ തോൽപ്പിച്ചതും ബാറ്റിങ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കരുത്തിലാണ്. രജത് പടിദാർ നയിക്കുന്ന ടീമിൽ ബാറ്റർമാരെല്ലാം ഉജ്ജ്വല ഫോമിലാണ്. ഫിൽ സോൾട്ട്, കോഹ്ലി, പടിദാർ, പടിക്കൽ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ് എന്നിവരെല്ലാം മികച്ച ഫോമിലാണ്.
കഴിഞ്ഞ വാരം മികച്ച ഫോമിലായിരുന്ന ഡൽഹി ക്യാപിറ്റൽസ് തുടരെ രണ്ട് തോൽവി വഴങ്ങി നാലാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്. അതേസമയം, ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയൻ്റ്സും രണ്ട് തുടർജയങ്ങളുടെ ബലത്തിൽ പോയിൻ്റ് ടേബിളിൽ മുകളിലേക്ക് കുതിക്കാൻ കാത്തുനിൽപ്പാണ്... സഞ്ജുവിൻ്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയപാതയിൽ തിരിച്ചെത്തിയപ്പോൾ... രണ്ടാം വാരത്തിൽ തുടരൻ തോൽവികളോടെ മുംബൈയും കെകെആറും ഹൈദരാബാദുമെല്ലാം പോയിൻ്റ് പട്ടികയിൽ പതറുകയാണ്.