
ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിൻ്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ച് രാഹുൽ ദ്രാവിഡ്. ക്ലബ്ബ് മുന്നോട്ടുവെച്ച കൂടുതൽ ഉയർന്ന പദവികൾ ഇന്ത്യൻ ഇതിഹാസ താരം നിഷേധിച്ചെന്നും രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
"2026 ഐപിഎൽ സീസണിൽ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാകില്ല. നിരവധി വർഷങ്ങളായി രാജസ്ഥാനോടൊപ്പം സഞ്ചരിക്കുന്ന വ്യക്തിത്വമാണ് രാഹുൽ ദ്രാവിഡ്. അദ്ദേഹത്തിൻ്റെ സാന്നിധ്യം പലതലമുറകളേയും സ്വാധീനിക്കുകയും ടീമിനുള്ളിൽ ഉറച്ച മൂല്യങ്ങൾ കൊണ്ടുവരുന്നതിനും കാരണമായിട്ടുണ്ട്," രാജസ്ഥാൻ റോയൽസ് എക്സിൽ കുറിച്ചു.
"ക്ലബ്ബിൻ്റെ മാനേജ്മെൻ്റ് തലത്തിൽ കൂടുതൽ ഉയർന്ന പദവികൾ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്രാവിഡ് അതെല്ലാം നിഷേധിക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസും താരങ്ങളും അതിൻ്റെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകരും അദ്ദേഹത്തിന് ഹൃദയത്തിൽ തൊട്ട് നന്ദിയറിയിക്കുന്നു," രാജസ്ഥാൻ ടീം എക്സിൽ കുറിച്ചു.