
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമായിരുന്നു ഹർഭജന്‍ സിങ് ശ്രീശാന്തിൻ്റെ മുഖത്തടിച്ച സംഭവം. ഹർഭജൻ ശ്രീശാന്തിൻ്റെ മുഖത്തടിച്ചു എന്ന വാദം ഉണ്ടായിരുന്നുവെങ്കിലും നാളിതുവരെയായി ഇത് തെളിയിക്കാനായിരുന്നില്ല.
ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാർക്കിന് നൽകിയ അഭിമുഖത്തിൽ ഐപിഎല്ലിൻ്റെ സ്ഥാപകനായ ലളിത് മോദി വർഷങ്ങളായി രഹസ്യമാക്കി വച്ച ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിൻ്റെ ദൃശ്യങ്ങൾ ഇതുവരെ ആരും കാണാത്തതെന്ന് അവകാശപ്പെട്ടാണ് ലളിത് മോദി പരസ്യമാക്കിയത്.
2008ലെ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ സംപ്രേഷണം ചെയ്യാത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. "മത്സരം കഴിഞ്ഞ് ക്യാമറകൾ ഓഫ് ചെയ്തിരുന്നു. എന്നാൽ എൻ്റെ സുരക്ഷാ ക്യാമറകളിലൊന്ന് ഓണായിരുന്നു. അതിലാണ് ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിലുള്ള പ്രശ്നങ്ങളുടെ ദൃശ്യങ്ങൾ റെക്കോർഡായത്. ഹർഭജൻ കയ്യുടെ വലതു കൈയ്യുടെ പിൻഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുകയാണ്," ലളിത് മോദി അഭിമുഖത്തിൽ വ്യക്തമാക്കി.
താരങ്ങൾ ഹസ്തദാനം നൽകുന്നതിനിടെ ഹർഭജൻ ശ്രീശാന്തിനെ മുഖത്തടിക്കുന്നത് വ്യക്തമായി കാണാം. സംഭവത്തിന്റെ ഞെട്ടലിൽ കുറേനേരം തരിച്ചിരുന്ന ശ്രീശാന്ത്, ദേഷ്യത്തോടെ ഹർഭജൻ സിങ്ങിന് നേരെ പോകുന്നുണ്ട്. തുടർന്ന് പഞ്ചാബ് കിങ്സ് താരങ്ങളും മുംബൈ ഇന്ത്യൻസ് താരങ്ങളും ഇടപെട്ട് രണ്ടു കളിക്കാരെയും പിടിച്ചുമാറ്റുന്നുണ്ട്.
ജീവിതത്തിലെ ഏതെങ്കിലും ഒരു കാര്യം തിരുത്താൻ സാധിക്കുമെങ്കിൽ, ശ്രീശാന്തുമായുണ്ടായ പ്രശ്നങ്ങൾ മായ്ച്ചു കളയുമായിരുന്നുവെന്ന് ഹർഭജൻ സിങ് സമീപകാല അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.
"ഒരിക്കൽ ശ്രീശാന്തിൻ്റെ മകളോട് സംസാരിച്ചപ്പോൾ നിങ്ങൾ എൻ്റെ അച്ഛനെ തല്ലിയ ആളല്ലേ എന്നാണ് അവൾ ചോദിച്ചത്. എന്നോട് സംസാരിക്കില്ലെന്നും ശ്രീയുടെ മകൾ പറഞ്ഞു. ആ സംഭവത്തിന് ശേഷം താൻ കരഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.