
ദുബായ്: പാകിസ്ഥാൻ 113/1 എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് കുൽദീപ് യാദവ് ആക്രമണത്തിൻ്റെ ചുമതല സ്വയം ഏറ്റെടുക്കുന്നത്. സയിം അയൂബിനെ ബുംറയുടെ കൈകളിൽ എത്തിച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട കുൽദീപ്, തുടർന്ന് പാക് നായകൻ സൽമാൻ അലി ആഗയേയും പുറത്താക്കി വീണ്ടും പ്രഹരമേൽപ്പിച്ചു.
കഴിഞ്ഞ മത്സരങ്ങളിലെ വമ്പനടിക്കാരൻ ഷഹീൻ അഫ്രീദിയെ വിക്കറ്റിന് മുന്നിൽ കുരുക്കിയ കുൽദീപ് ഫഹീം അഷറഫിനെ തിലക് വർമ്മയുടെ കൈകളിൽ എത്തിച്ചു കൊണ്ട് പാക് പതനത്തിന് മുന്നിൽനിന്ന് വഴിയൊരുക്കി. നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് കുൽദീപിൻ്റെ സ്പിൻ കൊടുങ്കാറ്റിൽ കടപുഴകിയത്. 17ാം ഓവറിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്.
കുൽദീപിൻ്റെ മാജിക്കൽ സ്പെല്ലിൽ പതറിയ പാകിസ്ഥാന് പിന്നീട് കരകയറാനായില്ല. 113/1 എന്ന നിലയിൽ നിന്ന് 134/8 എന്ന നിലയിലേക്ക് പാകിസ്ഥാൻ കൂപ്പുകുത്തുകയായിരുന്നു. വരുൺ ചക്രവർത്തിയും അക്സറും ബുംറയും കൂടെ ആക്രമണം ഏറ്റെടുത്തതോടെ ഒരുഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിയ പാക് സ്കോർ 146 ഒതുങ്ങി.