

കൊളംബോ: ടി20 ലോകകപ്പില്‍ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യയെ മറികടന്ന് ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി പാകിസ്ഥാൻ. അട്ടിമറിക്ക് പേരുകേട്ട യുഎസ്എയെ 32 റൺസിനാണ് പാക് പട കെട്ടുകെട്ടിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി ഗ്രൂപ്പിൽ തലപ്പത്താണ് അവർ. നേരത്തെ യുഎസ്എയെ വീഴ്ത്തിയ ഇന്ത്യ രണ്ട് പോയിൻ്റുമായി രണ്ടാമതാണ്.
ടോസ് നേടിയ യുഎസ്എ പാകിസ്ഥാനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. പാകിസ്താൻ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിനുള്ള യുഎസ്എയുടെ മറുപടി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. 2024 ലോകകപ്പില്‍ യുഎസ്എ നടത്തിയ അട്ടിമറിക്ക് കണക്കു തീർക്കാനും പാകിസ്ഥാന് കഴിഞ്ഞു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് അടിച്ചെടുത്തത്. പാകിസ്ഥാന് വേണ്ടി ഷാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 41 പന്തില്‍ 73 റൺസ് നേടിയ ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന്‍ (12 പന്തില്‍ 30) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് വീണ്ടും നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ശുഭം രഞ്ജനെ യുഎസ്എയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറിയുമായി പൊരുതി. 30 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത ശുഭമാണ് യുഎസ്എയുടെ ടോപ് സ്കോറർ. ഷയാന്‍ ജഹാംഗീര്‍ 34 പന്തില്‍ 49 റണ്‍സെടുത്തു. മിലിന്ദ് കുമാര്‍ 29 റണ്‍സ് കണ്ടെത്തി.
സ്പിന്നർമാരുടെ മികവിലാണ് പാകിസ്ഥാൻ തുടർച്ചയായ രണ്ടാം ജയം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ താരിഖാണ് യുഎസ്എയെ തകർത്തത്. താരം 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഷദബ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.