

"ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉപയോഗിക്കുന്ന ബാറ്റില്‍ റബ്ബര്‍ പാളികളുണ്ട്! അതുകൊണ്ടാണ് അവര്‍ക്ക് ബാറ്റിങ്ങില്‍ എക്സ്ട്രാ പവര്‍ ലഭിക്കുന്നത്!". ടി20 ലോകകപ്പില്‍ ഇന്ത്യ റണ്ണടിച്ചുകൂട്ടുന്നതുകണ്ട് ശ്രീലങ്കന്‍ ബാറ്റര്‍ ഭാനുക രജപക്സെ പറഞ്ഞ വാക്കുകളാണിത്. പ്രസ്താവന വിവാദമായതോടെ, വിശദീകരണവുമായി ഭാനുക രജപക്സെ രംഗത്തെത്തി. ഇന്ത്യന്‍ ടീമിനെ പുകഴ്ത്താനായി പറഞ്ഞ വാക്കുകളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് താരത്തിന്റെ വിശദീകരണം.
ഒരു അഭിമുഖത്തിനിടെ ഭാനുക രജപക്സെ പറഞ്ഞ വാക്കുകളാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. മറ്റാര്‍ക്കും ലഭ്യമല്ലാത്ത, പ്രത്യേക തരം ബാറ്റുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു രജപക്സെയുടെ വാക്കുകള്‍. "ഞങ്ങള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ മികച്ച ബാറ്റുകളാണ് ഇന്ത്യന്‍ കളിക്കാര്‍ക്ക് ലഭിക്കുന്നത്. ബാറ്റുകളില്‍ റബ്ബറിന്റെ ഒരു പാളി ഉപയോഗിച്ചിരിക്കുന്നതു പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് ചിന്തിക്കാനാകുന്നില്ല. ഈ ബാറ്റുകള്‍ മറ്റാര്‍ക്കും വാങ്ങാന്‍ പോലും കിട്ടില്ല. എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം" -എന്നായിരുന്നു രജപക്സെയുടെ വാക്കുകള്‍.
ഭാനുക രജപക്സെ ശ്രീലങ്കയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇല്ല. ഇന്ത്യന്‍ ടീമിനോ, ഐസിസിക്കോ ഇത് സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിരുന്നുമില്ല. അതിനാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും വന്നിരുന്നില്ല. എന്നാല്‍, സൈബറിടങ്ങളില്‍ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചതോടെയാണ് വിശദീകരണവുമായി രജപക്സെ രംഗത്തെത്തിയത്. "ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങിനെ പ്രശംസിക്കുകയായിരുന്നു ഉദ്ദേശ്യം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഉപകരണങ്ങളുടെ നിലവാരം വരെയുള്ള കാര്യങ്ങള്‍ അതിശയകരമായി വികസിച്ചിരിക്കുന്നു. അവരുടെ ബാറ്റ് നിര്‍മാതാക്കള്‍ ലോകത്തില്‍ തന്നെ മികച്ചവരാണ്. ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ എനിക്ക് പറയാമായിരുന്നു. ആദരവ്, അല്ലാതെ മറ്റൊന്നുമല്ല" - രജപക്സെ വ്യക്തമാക്കി.
അടിഭാഗം അല്‍പ്പം വളഞ്ഞ തരത്തിലുള്ള ബാറ്റുകളാണ് ഇന്ത്യന്‍ ടീം ഉപയോഗിക്കുന്നത്. പന്ത് ഹിറ്റ് ചെയ്യുമ്പോള്‍, കൂടുതല്‍ പവര്‍ ലഭിക്കാന്‍ ഇത്തരമൊരു രൂപകല്‍പ്പന സഹായകമാണ്. അതാകട്ടെ, ഏത് ടീമിനും താരത്തിനും ഓര്‍ഡര്‍ കൊടുത്ത് നിര്‍മിച്ച് സ്വന്തമാക്കാനാകും. സത്യം ഇതായിരിക്കെയാണ് ഭാനുക രജപക്സെ ബാറ്റില്‍ റബ്ബര്‍ പാളി ഉണ്ടെന്ന് പറഞ്ഞത്. പ്രശ്നം തിരിച്ചറിഞ്ഞതോടെ, താരം തിരുത്തുകയും ചെയ്തു. എന്നാല്‍, ഇതിനേക്കാള്‍ വലിയ കഥകള്‍ ക്രിക്കറ്റ് ലോകം കേട്ടിട്ടുണ്ട്. ബാറ്റില്‍ സ്പ്രിങ്ങും, കണ്ണില്‍ ലെന്‍സും വെച്ച് കളിക്കാനിറങ്ങിയവരും, അമ്പയറെ ക്രിക്കറ്റ് ബാറ്റിനാല്‍ തല്ലിക്കൊന്നവരെയും കുറിച്ച് എത്രയെത്ര കഥകളാണുള്ളത്.
കളി 10-15 ഓവര്‍ എത്തുമ്പോഴേക്കും ടീം സ്കോര്‍ 100 കടക്കുന്ന ബാറ്റിങ് വെട്ടിക്കെട്ട് ശ്രീലങ്കന്‍ ടീം കളത്തില്‍ പയറ്റുന്ന കാലം. അക്കാലത്തും ഉണ്ടായി 'വലിയൊരു കണ്ടുപിടുത്തം'. ശ്രീലങ്കയുടെ ഇടങ്കയ്യന്‍ ബാറ്റര്‍ സനത് ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്! ബാറ്റില്‍ എവിടെ വന്നു കൊണ്ടാലും പന്ത് പറപറക്കും. ജയസൂര്യ വെറുതെ ബാറ്റ് ഒന്നു വെച്ചുകൊടുത്താല്‍ മാത്രം മതി എന്നതായിരുന്നു അക്കാലത്തെ പുതിയ 'കണ്ടുപിടുത്തം'. ഒരിക്കല്‍ ബാറ്റ് ജയസൂര്യയുടെ കൈയില്‍നിന്ന് വഴുതി ഗ്രൗണ്ടില്‍ വീണു. വീഴ്ചയില്‍ ബാറ്റ് ഒന്നുരണ്ട് വട്ടം കുതിച്ചു. അതോടെ അമ്പയര്‍ക്ക് സംശയമായി. ബാറ്റ് പരിശോധിക്കാന്‍ തീരുമാനമായി. അങ്ങനെ ബാറ്റ് വെട്ടിപ്പൊളിച്ചു നോക്കിയപ്പോള്‍ ഉള്ളില്‍ സ്പ്രിങ് കണ്ടെത്തുകയായിരുന്നുവത്രേ. അതല്ല, സിക്സടിക്കാന്‍ ശ്രമിച്ച് ഔട്ടായപ്പോള്‍ ജയസൂര്യ ബാറ്റ് വലിച്ചെറിഞ്ഞെന്നും, പിച്ചില്‍ വീണ ബാറ്റ് കുതിച്ചതു കണ്ടാണ് പരിശോധന നടത്തിയതെന്നും കഥയുണ്ടായി. അരവിന്ദ് ഡിസില്‍വയുടെ ബാറ്റിലും സ്പ്രിങ് ഉണ്ടെന്ന വാദവും ശക്തി പ്രാപിച്ചിരുന്നു. ഇതോടെ, ഏകദിന ലോകകപ്പ് ശ്രീലങ്ക തിരിച്ചുകൊടുക്കേണ്ടി വരുമെന്നും കഥകള്‍ പ്രചരിച്ചിരുന്നു.
1997ല്‍ ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ താരം സയിദ് അന്‍വര്‍ 194 റണ്‍സ് എന്ന റെക്കോഡ് സ്വന്തമാക്കിയതിനു പിന്നാലെയും ചില കഥകള്‍ പ്രചരിച്ചു. സയീദ് കണ്ണില്‍ ഒരു പ്രത്യേകതരം ലെന്‍സ് വച്ചാണ് റണ്‍സ് അടിച്ചുകൂട്ടുന്നത് എന്നതായിരുന്നു പ്രചരണം. ലെന്‍സ് വയ്ക്കുന്നതോടെ, ക്രിക്കറ്റ് പന്ത് ഫുട്ബോള്‍ വലുപ്പത്തില്‍ കാണാനാകും. ബാറ്റിങ്ങിനെ അത് സഹായിക്കും. എത്ര ചീറിപ്പാഞ്ഞുവരുന്ന പന്തും അതിര്‍ത്തി കടത്താന്‍ അത് സഹായകമായി. ഒരിക്കല്‍ സയീദ് കുനിഞ്ഞപ്പോള്‍ ലെന്‍സ് അറിയാതെ ഊരി താഴെ വീണു. അമ്പയര്‍ കൈയോടെ പിടികൂടി. അതോടെയാണ് സയീദിന്റെ കള്ളക്കളി അവസാനിച്ചതെന്നുമായിരുന്നു കഥകള്‍.
2003 ലോകകപ്പ് കാലത്ത് റിക്കി പോണ്ടിങ്ങായിരുന്നു ഇര. ഫൈനലില്‍ 121 പന്തില്‍ 140 റണ്‍സെടുത്ത റിക്കി പോണ്ടിങ് ഉപയോഗിച്ചത് സ്പ്രിങ്ങുള്ള ബാറ്റ് ആയിരുന്നുവെന്നും അതല്ല, ഒളിപ്പിച്ചുവയ്ക്കാന്‍ സാധിക്കുന്ന കുഞ്ഞന്‍ മോട്ടോറുകളായിരുന്നുവെന്നും വാദമുയര്‍ന്നു. പിന്നാലെ ഐസിസിയും എംസിസിയും ബാറ്റ് പരിശോധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇത്തരത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. എല്‍ബിഡബ്ല്യു വിളിച്ച അമ്പയറെ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ദു ബാറ്റ് കൊണ്ടടിച്ചെന്നും, പിന്നീട് ഇദ്ദേഹം മരിച്ചെന്നുമായിരുന്നു ഒരു കഥ.
സച്ചിന്‍ തെണ്ടുല്‍ക്കറോട് കളിനിര്‍ത്താന്‍ ദാവൂദ് ഇബ്രാഹിം ആവശ്യപ്പെട്ടതായും കഥയുണ്ട്. ചില കഥകളില്‍ അത് ബാല്‍ താക്കറെയാണ്. മത്സരം ജയിക്കാനായി ന്യൂസിലന്‍ഡ് ടീമിന് കൂള്‍ ഡ്രിങ്ക്സില്‍ എന്തോ പൊടി കലര്‍ത്തി നല്‍കിയെന്നും, എല്ലാവര്‍ക്കും വയറിളക്കം വന്നെന്നുമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ പ്രചരിച്ച കഥ.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സ്വിങ് ലഭിക്കാനായി പ്രത്യേക പന്തുകള്‍ നല്‍കുന്നുണ്ടെന്ന് പാക് മുന്‍ താരം ഹസന്‍ റാസ ആരോപിച്ചത് 2023 ഏകദിന ലോകകപ്പ് സമയത്തായിരുന്നു. പക്ഷേ, വസീ അക്രം ഉള്‍പ്പെടെ പാക് താരങ്ങള്‍ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു. 'കോമഡി' എന്നായിരുന്നു ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചത്. ഡിആര്‍എസ് സംവിധാനത്തില്‍ ഇന്ത്യ കൃത്രിമം കാണിക്കുന്നുവെന്ന റാസയുടെ ആരോപണവും ആരും മുഖവിലയ്ക്കെടുത്തില്ല.
എം.എസ്. ധോണി ദിവസവും രാവിലെ അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കുമായിരുന്നു എന്നൊരു കഥയുണ്ട്. അതിനേക്കാള്‍ രസകരം എബി ഡിവില്ലിയേഴ്സിന്റെ കഥയാണ്. ഡിവില്ലിയേഴ്സ് സഞ്ചരിക്കുന്ന സ്പോര്‍ട്സ് അക്കാദമി ആണത്രേ. ക്രിക്കറ്റ് മാത്രമല്ല, റഗ്ബി, ഹോക്കി, നീന്തല്‍, ടെന്നിസ്, ഗോള്‍ഫ്, ബാഡ്‌മിന്റണ്‍, സ്കൈ ഡൈവിങ്ങില്‍ ഉള്‍പ്പെടെ പ്രാവീണ്യമുണ്ടായിരുന്നത്രേ. 1865ല്‍ നടന്ന ഒരു മത്സരത്തില്‍, ഒരു പന്തില്‍ 286 റണ്‍സ് പിറന്നു എന്നൊരു കഥയുണ്ട്. യാതൊരു തെളിവുമില്ലാത്ത കഥ. ഒരുപക്ഷേ, ഇത്തരം ഇല്ലാക്കഥകളുടെയൊക്കെ തുടക്കം അവിടെ നിന്നായിരിക്കണം.