

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദെരാബാദും തമ്മിലുള്ള മത്സരത്തിനിടയിൽ ഉണ്ടായ ചൂടേറിയ വാഗ്വാദങ്ങൾക്കു വിരാമമിട്ട് സഞ്ജു സാംസണും ഹെൻറിച്ച് ക്ലാസ്സെനും. ചെന്നൈയെ 5 വിക്കറ്റിന് തകർത്ത് ഹൈദരാബാദ് പ്ലേ ഓഫ് യോഗ്യത നേടിയ മത്സരത്തിന് പിന്നാലെയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ സ്നേഹം പങ്കുവെച്ചത്.
തിങ്കളാഴ്ച ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിന്റെ റൺ ചേസിനിടയിൽ 15-ാം ഓവറിലാണ് നടകീയ രംഗങ്ങൾ അരങ്ങേറിയത്. ചെന്നൈ സ്പിന്നറായ നൂർ അഹമ്മദിന്റെ പന്തിൽ ക്ലാസ്സെനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ സഞ്ജു പുറത്താക്കി. മികച്ച ഫോമിൽ നിന്ന ക്ലസ്സെനിത് കനത്ത നിരാശയുണ്ടാക്കി. ഡഗ്‌ഔട്ടിലേക്ക് മടങ്ങുന്നതിനിടെ സഞ്ജുവും ക്ലസ്സെനും തമ്മിൽ വാക്കേറ്റമുണ്ടായി. സഞ്ജു തിരിച്ച് പ്രതികരിച്ചതോടെ കാര്യങ്ങൾക്ക് ചൂടേറി. സിഎസ്കെ താരങ്ങളായ ശിവം ദുബെയും നൂർ അഹമ്മദും അമ്പയറും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.
മത്സരത്തിന്റെ പിറ്റേ ദിവസം ക്ലസ്സെനൊപ്പമുള്ള ചിത്രം സഞ്ജു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു. "കളിക്കളത്തിനുള്ളിൽ പലതും സംഭവിക്കും, പക്ഷെ അതിന് പുറത്ത് ഇത്തരമൊരു നല്ല മനുഷ്യനോട് എനിക്ക് സ്നേഹവും ബഹുമാനവും മാത്രം" സഞ്ജു അതിനോടൊപ്പം ചേർത്തു.
സഞ്ജുവിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ക്ലാസ്സെനും ഉടനെ മറുപടി നൽകി, " നിങ്ങളോടും ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട് സുഹൃത്തേ, നിങ്ങളുടെ ബാറ്റിംഗ് കാണാൻ എനിക്കെപ്പോഴും ഇഷ്ടമാണ്, അത്പോലെ തന്നെ തുടരുക. നമ്മൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല,നമ്മുടെ അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു."
പാറ്റ് കമ്മിൻസിന്റെ 3 വിക്കറ്റ് പ്രകടനവും ഇഷാൻ കിഷന്റെ തകർപ്പൻ 70 റൺസും സൺറൈസേഴ്സിന് ചെപ്പോക്കിൽ അനായാസ ജയം സമ്മാനിച്ചു. ചെപ്പോക് പിച്ചിലെ സ്ലോ ട്രാക്കിൽ 181 എന്ന വിജയലക്ഷ്യം ഹൈദരാബാദ് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്തു. 47 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറുകളും അടങ്ങിയതായിരുന്നു ഇഷാൻ കിഷന്റെ ഇന്നിംഗ്സ്.മൂന്നാം വിക്കറ്റിൽ കിഷനും ക്ലാസ്സെനും ചേർന്ന് പടുത്തുയർത്തിയ 75 റൺസാണ് ഹൈദരാബാദിന്റെ വിജയത്തിൽ നിർണായകമായത്.
നിലവിൽ 16 പോയിന്റുകൾ നേടിയ ഹൈദരാബാദ് പ്ലേ ഓഫീലോട്ട് പ്രവേശിച്ചിരിക്കുകയാണ്. ഇവരുടെ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസും 16 പോയിന്റുകളോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തിച്ചേർന്നു. 18 പോയിന്റുകളോടെ ആർസിബി നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. ഇനി അവശേഷിക്കുന്നത് ഒരേ ഒരു സ്ഥാനം മാത്രമാണ്, അവിടേക്കുള്ള കനത്ത പോരാട്ടത്തിലാണ് മറ്റു ടീമുകൾ.