

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി ശ്രേയസ് അയ്യര്‍. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമാണ് ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയത്. പരിക്ക് കാരണം ഏകദിന പരമ്പര നഷ്ടമായ വാഷിങ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്‌ണോയിക്കും ടീമില്‍ ഇടം ലഭിച്ചു.
അടുത്ത മാസം ഏഴിന് ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലൻഡുമായി അഞ്ച് ടി20കളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജനുവരി 21ന് നാഗ്പൂരിലാണ് പരമ്പരയിലെ ആദ്യ പോരാട്ടം. പതിവ് പോലെ നാലാമനായിട്ടാവും ശ്രേയസ് അയ്യര്‍ ക്രീസിലെത്തുക.
ഇതോടെ ഇന്ത്യയുടെ ടോപ്പ് ഫോറും സെറ്റായിക്കഴിഞ്ഞു. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്ത് ഈ പൊസിഷനില്‍ തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാവും. തിലക് വര്‍മയുടെ അഭാവത്തില്‍ ആദ്യ മൂന്ന് ടി20കളില്‍ ലഭിക്കുന്ന അവസരം ശ്രേയസ് അയ്യർ പരമാവധി മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇതോടെ പണി കിട്ടിയത് വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. കാരണം തിലക് പിന്‍മാറിയതോടെ പകരം ഇന്ത്യന്‍ ഇലവനില്‍ തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇഷാൻ. പക്ഷെ ശ്രേയസിൻ്റെ വരവോടെ അത് അവസാനിച്ചിരിക്കുകയാണ്. ഇനി പരമ്പരയിലെ ഒരു കളിയില്‍ പോലും ഇഷാന് അവസരം ലഭിക്കാനും സാധ്യതയില്ല. ഇത് സഞ്ജുവിന് കൂടുതൽ ഗുണകരമാകും.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി20കളില്‍ മാത്രം), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്.