

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റുകളായി ദക്ഷിണാഫ്രിക്ക. കരുത്തരായ ഇംഗ്ലീഷ് പെൺപടയെ 125 റൺസിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് ടിക്കറ്റെടുത്തത്. 320 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 42.3 ഓവറിൽ 194 റൺസിന് ഓൾഔട്ടായി.
ആവേശകരമായ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 319 റൺസാണ് അടിച്ചുകൂട്ടിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പ്രോട്ടീസ് പട 319 റൺസെടുത്തത്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലോറ വോൾവാർഡ് (169) നേടിയ തട്ടുപൊളിപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് അവർ കൂറ്റൻ റൺമല ഉയർത്തിയത്.
143 പന്തിൽ 20 ബൗണ്ടറികളുടെയും നാല് കൂറ്റൻ സിക്സറുകളുടെയും കരുത്തിലാണ് ലോറ 169 റൺസെടുത്തത്. തസ്മിൻ ബ്രിറ്റ്സ് (45), മാരിസാൻ കാപ്പ് (42), ക്ലോ ട്രൈയോൺ (33) എന്നിവരും തിളങ്ങി.ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ നാല് വിക്കറ്റെടുത്തു.
320 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റെടുത്ത മാരിസാൻ കാപ്പിൻ്റെ നേതൃത്വത്തിൽ പ്രോട്ടീസ് ബൗളർമാർ ചെറിയ സ്കോറിൽ എറിഞ്ഞിട്ടു. ഇംഗ്ലണ്ടിനായി നാറ്റ് സ്കൈവർ ബ്രണ്ട് (64), ആലീസ് കാപ്സി (50), ഡാനിയേൽ വ്യാറ്റ് ഹോഡ്ജ് (34), ലിൻസി സ്മിത്ത് (27) എന്നിവർ മാത്രമാണ് തിളങ്ങിയത്.