

മുംബൈ: സമീപകാലത്ത് ടി20 ക്രിക്കറ്റിൽ തുടരുന്ന മോശം ഫോമിനെ കുറിച്ച് ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരുമെന്നാണ് സൂര്യയുടെ അലസമായ രീതിയിലുള്ള മറുപടി.
"തീർച്ചയായും ഞാനും റൺസിനായാണ് കാത്തിരിക്കുന്നത്. ഞാൻ ഫോം ഔട്ട് ഒന്നുമല്ല. എന്നാൽ റൺസ് കണ്ടെത്താനുമാകുന്നില്ല. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരും," എന്നാണ് മൂന്നാം ടി20ക്ക് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ വച്ച് സൂര്യകുമാർ പറഞ്ഞത്.
ഐസിസി എക്സിൽ പങ്കുവച്ച ഈ പ്രതികരണത്തിന് താഴെ നിരവധി പേരാണ് ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ചും അനുകൂലിച്ചും ഉപദേശിച്ചുമൊക്കെ രംഗത്തെത്തിയത്. ഇത്തരം സംസാരങ്ങൾ കുറയ്ക്കൂവെന്നും പകരം അടുത്ത തവണ ബാറ്റ് ചെയ്യുമ്പോൾ പന്ത് ടൈം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ വയ്ക്കൂവെന്നുമാണ് ഒരു ആരാധകൻ്റെ മറുപടി. കഴിഞ്ഞ രണ്ട് വർഷമായി ഇതുതന്നെയാണ് സൂര്യ പറയുന്നതെന്നാണ് മറ്റൊരാളുടെ പരിഹാസം. എത്രയും വേഗം റൺസ് കണ്ടെത്തിയാൽ നിങ്ങൾക്ക് കൊള്ളാമെന്നാണ് സൂര്യയോടുള്ള മറ്റൊരാളുടെ പരിഹാസം.
അതേസമയം, സഞ്ജു സാംസണെ പോലെ നന്നായി കളിക്കുന്ന ടി20 ബാറ്റർമാരെ കളിപ്പിക്കാതെ, മോശം ഫോമിലുള്ള താരങ്ങളെ തന്നെ കളിപ്പിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്ന് ഒരാൾ വിമർശിച്ചു. സൂര്യയുടെ ഈ പ്രസ്താവന നാണക്കേടാണെന്നും മോശം പ്രകടനത്തിൻ്റെ പേരിൽ മറ്റുള്ളവരെ പുറത്താക്കുന്ന ബിസിസിഐയും സെലക്ടർമാരും കാണിക്കുന്നത് പക്ഷപാതിത്വമാണ്.
സൂര്യയും ഗില്ലും പോലുള്ളവർ മോശമായി കളിക്കുമ്പോൾ അവരെ പുറത്തിരുത്താതെ ഇതുപോലെ വായാടിത്തം നടത്തി രക്ഷപ്പെടാൻ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യൻ ആരാധകരിൽ ഒരാൾ വിമർശിച്ചു. സൂര്യകുമാർ യാദവ് ആദ്യം കരച്ചിൽ നിർത്തിയിട്ട് താൻ ഫോമിൽ അല്ലെന്ന കാര്യം തിരിച്ചറിയണമെന്ന് മറ്റൊരു ആരാധകൻ വിമർശിച്ചു.
വെടിക്കെട്ട് ഫോമിലുള്ള മലയാളി ബാറ്റർ സഞ്ജു സാംസണെ കരയ്ക്കിരുത്തിയിട്ടും ടി20യിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ഉപനായകൻ ശുഭ്മാൻ ഗില്ലും മോശം ബാറ്റിങ് പ്രകടനം തുടരുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്.
2025ൽ കളിച്ച 17 ഇന്നിങ്സുകളിൽ നിന്ന് 201 റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻ്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും താരത്തിന് ഇതിനിടയിൽ നേടാനായിട്ടില്ല. 14.35 ആണ് സൂര്യയുടെ ബാറ്റിങ് ആവറേജ്. 47 റൺസാണ് ഏറ്റവുമുയർന്ന സ്കോർ.
എല്ലാ തവണത്തേയും പോലെ ടീമിൻ്റെ ഇന്നിങ്സിൽ അഭിഷേക് ശർമയെ അമിതമായി ആശ്രയിക്കാനാകില്ലെന്നും തനിക്കും ശുഭ്മാൻ ഗില്ലിനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കാമായിരുന്നു എന്നും സൂര്യ നേരത്തെ പറഞ്ഞു. ഈ മത്സരത്തിൽ നിന്ന് കൂടുതൽ പാഠങ്ങൾ പഠിക്കാനായെന്നും തെറ്റ് തിരുത്തി അടുത്ത മത്സരത്തിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും സൂര്യ മത്സര ശേഷം പറഞ്ഞു.
ടി20യിൽ വൈസ് ക്യാപ്ടനായ ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനവും മോശമാണ്. ഇന്ന് നേരിട്ട ആദ്യ പന്തിൽ തന്നെ ലുങ്കി എങ്കിടിക്ക് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്. കരിയറിൽ ഇന്ത്യക്കായി 35 മത്സരങ്ങൾ കളിച്ച ഗിൽ 28 റൺസ് ആവറേജിൽ ആകെ നേടിയത് 841 റൺസാണ്. മൂന്ന് ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും ഗിൽ നേടിയിട്ടുണ്ടെങ്കിലും, ഇന്ത്യ ഇന്ന് പുറത്തിരുത്തിയ സഞ്ജുവിൻ്റെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ മോശം പ്രകടനമാണ്. ടി20യിൽ സമീപകാലത്ത് ഇന്ത്യക്കായി കളിച്ച 11 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു, സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലായിരുന്നു.