

തിരുവനന്തപുരം: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള തർക്കങ്ങളുടെ ഭാഗമായി ടി20 ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ആ ആവശ്യം നിഷേധിച്ച ഐസിസി ദക്ഷിണേന്ത്യയിലെ രണ്ട് നഗരങ്ങളിൽ മത്സരം നടത്താമെന്നാണ് ഇപ്പോൾ ബംഗ്ലാദേശിനെ അറിയിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് ആശങ്കപ്പെടുന്ന തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഇന്ത്യയിൽ ഇല്ലെന്നും ടീം അംഗങ്ങൾക്കും ആരാധകർക്കും സുരക്ഷിതമായി ലോകകപ്പിൻ്റെ ഭാഗമാവാമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ മത്സരം നടത്താൻ സൗകര്യമൊരുക്കാം എന്നാണ് ഐസിസി നിർദേശിച്ചത്.
എന്നാൽ ഈ വിഷയത്തിൽ ആലോചിച്ച് മറുപടി പറയാമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഫെബ്രുവരി 7ന് തുടങ്ങുന്ന ടൂർണമെൻ്റിന് ഇനി മൂന്നാഴ്ച സമയം മാത്രമേ ബാക്കിയുള്ളൂ. ബംഗ്ലാദേശിൻ്റെ മത്സരങ്ങൾക്ക് വേദിയാകാൻ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ചെന്നൈയിലെ ചെപ്പോക്കിൽ ഇതിനോടകം തന്നെ ഏഴ് മത്സരങ്ങൾ നടക്കാനുണ്ട്. എന്നാൽ തിരുവനന്തപുരം ലോകകപ്പ് വേദിയല്ല. ഡിസംബറിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്നു.