ട്വൻ്റി 20 പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ; ഏകദിനത്തിലെ കണക്ക് തീർക്കാൻ ദക്ഷിണാഫ്രിക്ക
ഭുവനേശ്വർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നേട്ടത്തിന് പിന്നാലെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് ട്വൻ്റി 20 പരമ്പര. പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒഡീഷയിലെത്തി. ഇരു ടീമും ഇന്ന് പരിശീലനം നടത്തും. നാളെയാണ് ട്വൻ്റി 20 പരമ്പരയിലെ ആദ്യ മത്സരം.
കണക്കുകൾ വീട്ടി, ഇനി ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഒഡീഷയിൽ ഗംഭീറിന് മുന്നിലുള്ളത് പ്രതിഭകൾ കൊണ്ട് നിറഞ്ഞ ഒരു കൂട്ടം യുവനിര. ആരൊക്കെ ആദ്യ ഇലവനിൽ ഇടം നേടുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പരിക്കേറ്റ് പുറത്തായിരുന്ന ശുഭ്മാൻ ഗില്ലും, ഹാർദിക് പാണ്ഡ്യയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വൻ്റി 20 ടീമിലുണ്ട്. ഫിറ്റ്നസ് തെളിയിച്ചെങ്കിലും ആദ്യ മത്സരത്തിൽ ഗിൽ കളിച്ചേക്കില്ല. അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസൺ ഓപ്പണർ ആയി എത്താനാണ് സാധ്യത.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഇരുവരുടെയും പ്രകടനം സെലക്ഷൻ കമ്മിറ്റി വിലയിരുത്തിയെന്നാണ് റിപ്പോർട്ടുകൾ. തിലക് വർമയും,ക്യാപ്റ്റൻ സൂര്യകുമാർ യാദവും പിന്നാലെ എത്തും ഹർദിക് പണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ശിവം ദൂബെ,അക്ഷർ പട്ടേൽ എന്നിവർ ഓൾറൌണ്ടർമാരായും ടീമിലിടം നേടും. ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നതോടെ ബൗളിംഗിൽ കരുത്ത് കൂടും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും ആദ്യമത്സരത്തിൽ ടീമിൽ ഇടം പിടിച്ചേക്കും.
മറുവശത്ത് ട്വൻ്റി 20യിൽ പാകിസ്താനോടേറ്റ തോൽവിയിൽ നിന്ന് കരകയറാനാണ് ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നത്. പാകിസ്താനെതിരെ കളിച്ച ട്വൻ്റി 20 ടീമിൽ നിന്ന് 7 മാറ്റങ്ങൾക്കാണ് സാധ്യത. എയ്ഡൻ മാക്രം, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, ആൻറിച്ച് നോർക്യാ, ലുംഗി എൻഗിഡി, കേശവ് മഹരാജ് തുടങ്ങിയവർ ടീമിൽ തിരിച്ചെത്തിയേക്കും. ലോകകപ്പിന് മുന്നോടിയായി മികച്ച സംഘത്തെ കണ്ടെത്തുകയാണ് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും മുന്നിലുള്ള വെല്ലുവിളി.
