

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ ഏറ്റവും പുതിയ കരാർ പ്രകാരം സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും പ്രതിഫലം രണ്ട് കോടിയായി കുറയുമെന്ന് റിപ്പോർട്ട്. എൻഡിടിവി റിപ്പോർട്ട് പ്രകാരം ബിസിസിഐയുടെ പുതിയ സൈക്കിളിൽ ശമ്പളം കുറയുമെന്നാണ് വിവരം.
താരങ്ങൾക്കുള്ള പ്രതിഫലം അവർ മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണുള്ളത്. നാല് കാറ്റഗറികളിലായാണ് താരങ്ങളുടെ പ്രതിഫലം ബിസിസിഐ പ്രഖ്യാപിക്കാറുള്ളത്.
ഗ്രേഡുകൾ അനുവദിക്കുന്നത് ബിസിസിഐ ഏറ്റെടുക്കുന്ന ഒരു വാർഷിക പ്രക്രിയയാണ്. സെലക്ഷൻ കമ്മിറ്റി, ഹെഡ് കോച്ച്, ടീം ക്യാപ്റ്റൻ എന്നിവരുമായി അടുത്ത കൂടിയാലോചനകൾ നടത്തിയാണ് അന്തിമ തീരുമാനമെടുക്കുന്നത്.
ബിസിസിഐയുടെ കരാർ സമ്പ്രദായത്തെ എ പ്ലസ്, എ, ബി, സി, എന്നിങ്ങനെ നാല് വ്യത്യസ്ത ഗ്രേഡുകളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും ഒരു നിശ്ചിത വാർഷിക ശമ്പളമുണ്ട്. ഇത് റിട്ടെയ്‌നർഷിപ്പ് എന്നറിയപ്പെടുന്നു. വർഷം മുഴുവനും എത്ര മത്സരങ്ങൾ കളിച്ചാലും, മാച്ച് ഫീ വരുമാനത്തിൽ നിന്ന് വേറിട്ടാണ് ഈ തുക കളിക്കാരന് നൽകുന്നത്.
നിലവിൽ എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ സജീവമല്ലാത്തതിനാൽ തരംതാഴ്ത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി20യിൽ നിന്നും വിരമിച്ച രവീന്ദ്ര ജഡേജ ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സജീവ അംഗമായതിനാൽ എ+ വിഭാഗത്തിൽ തന്നെ തുടരാനാണ് സാധ്യത.
കോഹ്‌ലിയും രോഹിത്തും എ കാറ്റഗറിയിലേക്ക് തരം താഴ്ത്തപ്പെട്ടാൽ, ഇരുവർക്കും രണ്ട് കോടി രൂപ കുറവായിരിക്കും. ബിസിസിഐയുടെ എ പ്ലസ് കരാറിന് ഏഴ് കോടി രൂപയും, എ കരാറിന് അഞ്ച് കോടി രൂപയുമാണ് ലഭിക്കുക.