
ദുബായ്: 2025 ഏഷ്യ കപ്പ് ടൂർണമെൻ്റിൽ ഇതേവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച പോരാട്ടമാണ് ഇന്ത്യ-ശ്രീലങ്ക സൂപ്പർ ഫോർ മത്സരത്തിൽ കണ്ടത്. ഇന്ത്യ ഉയർത്തിയ 202 റൺസിന് മറുപടിയായി ശ്രീലങ്കയും അത്ര തന്നെ റൺസ് നേടി തിരിച്ചടിച്ചിരുന്നു. മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോഴും നാടകീയ സംഭവങ്ങൾ തുടരുന്നു.
സൂപ്പർ ഓവറിൽ സഞ്ജു സാംസൺ നടത്തിയ റണ്ണൗട്ട് അപ്പീൽ ഫീൽഡ് അംപയർ അംഗീകരിക്കാതെ പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. അർഷ്ദീപ് സിങ് എറിഞ്ഞ സൂപ്പർ ഓവറിലെ നാലാമത്തെ പന്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഓഫ് സ്റ്റംപിന് പുറത്തായി പതിച്ച അർഷ്ദീപിൻ്റെ യോർക്കർ ബോൾ ലങ്കൻ ബാറ്റർ ഷനകയുടെ ബാറ്റിൽ കൊള്ളാതെ വിക്കറ്റ് കീപ്പർ സഞ്ജുവിൻ്റെ കൈകളിലെത്തി. ഇതിന് പിന്നാലെ പന്ത് ക്യാച്ചെടുത്തതിന് അർഷ്ദീപ് അപ്പീൽ ചെയ്യുകയും അംപയർ ഗാസി സൊഹെൽ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ പന്ത് ബാറ്റിൽ കൊണ്ടില്ലെന്ന് മനസിലാക്കിയ മലയാളി താരം സഞ്ജു സാംസൺ ഷനക ക്രീസിന് വെളിയിലാണെന്ന് മനസിലാക്കി ഉടനെ വിക്കറ്റിലേക്ക് പന്തെറിഞ്ഞ് റണ്ണൗട്ടാക്കുകയും ചെയ്തു.
ഇതിൽ ഏറെ നിർണായകമായത് ലങ്കൻ ബാറ്റർ ഷനകയുടെ ബൂദ്ധികൂർമതയാണ്. അയാൾ ഉടനെ റിവ്യൂ തേടുകയും ചെയ്തു. തേർഡ് അംപയറുടെ പരിശോധനയിൽ പന്ത് ബാറ്റിൽ കൊണ്ടില്ലെന്ന് തെളിഞ്ഞതോടെ ഔട്ട് നൽകിയ തീരുമാനം ഫീൽഡ് അംപയർ പിൻവലിക്കുകയും ചെയ്തു.
ഇതോടെ റണ്ണൗട്ടിൽ വീണ്ടും അപ്പീൽ വേണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി. എന്നാൽ അതിന് നിയമതടസമുണ്ടെന്ന് ഫീൽഡ് അംപയർമാർ ഇന്ത്യൻ ടീമിനെ അറിയിച്ചു. ഐസിസിയുടെ നിയമം അനുസരിച്ച് ഒരു താരം ഔട്ട് ആയെന്ന് അംപയർ വിധിച്ചതിന് ശേഷം പന്ത് ഡെഡ് ആയാണ് വിലയിരുത്തുന്നത്. അതിനാൽ സഞ്ജു സാംസൺ നടത്തിയ റണ്ണൗട്ട് നിലനിൽക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഏറെ നേരം അമ്പയറുമായി ചർച്ച നടത്തിയാണ് സൂര്യകുമാർ അടുത്ത പന്തെറിയാൻ തയ്യാറായത്.
നിയമങ്ങൾ അനുസരിച്ച്, ഓൺ ഫീൽഡ് അംപയർ ബാറ്റർക്കെതിരെ ഔട്ട് വിളിച്ചാലുടൻ പന്ത് ഡെഡ് ആയി കണക്കാക്കും. കൂടാതെ റിവ്യൂയിലൂടെ ഈ തീരുമാനം റദ്ദാക്കിയാലും, വിക്കറ്റിന് ശേഷമുള്ള റൺ ഔട്ട് ഉൾപ്പെടെയുള്ള ഏതൊരു നടപടിയും അസാധുവായി കണക്കാക്കപ്പെടും.
ബാറ്റർ പുറത്താക്കപ്പെടുമ്പോൾ ഒരു പന്ത് ഡെഡ് ആയി കണക്കാക്കുമെന്ന് ഐസിസിയുടെ റൂൾ 20.1.1.3 പറയുന്നു. പുറത്താകലിന് കാരണമായ സംഭവം നടന്ന നിമിഷം മുതൽ പന്ത് ഡെഡ് ആയി കണക്കാക്കുമെന്നാണ് നിയമത്തിൽ പറയുന്നത്.
കൂടാതെ ഐസിസിയുടെ റൂൾ 3.7.1 പ്രകാരം, ഒരു ബാറ്ററുടെ റിവ്യൂ അഭ്യർത്ഥനയെ തുടർന്ന് ഔട്ട് എന്ന യഥാർത്ഥ തീരുമാനം നോട്ട് ഔട്ട് എന്ന് മാറ്റിയാൽ, യഥാർത്ഥ തീരുമാനം എടുക്കുമ്പോൾ പന്ത് ഇപ്പോഴും ഡെഡ് ആയി കണക്കാക്കും (ക്ലോസ് 20.1.1.3 പ്രകാരം).
അതിനാൽ, ക്രീസിന് പുറത്തായിരുന്നിട്ടും ഷനകയുടെ റൺഔട്ട് പഴയപടി ആക്കേണ്ടി വന്നു. എന്നാൽ അഞ്ചാം പന്തിൽ തന്നെ ബാറ്റ്സ്മാൻ ക്യാച്ച് നൽകി പുറത്തായതോടെ സൂപ്പർ ഓവറിൽ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എന്ന നിലയിൽ ഓൾഔട്ടായി. ഇന്ത്യ ആദ്യ പന്തിൽ തന്നെ ലക്ഷ്യം മറികടക്കുകയും ചെയ്തു.