
മൊഹാലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ബാറ്ററാണ് അഭിഷേക് ശർമയെന്ന് നമുക്കെല്ലാം അറിയാം. ശുഭ്മാൻ ഗില്ലിന് ശേഷം അഭിഷേക് ശർമയെയും ഇതുപോലൊരു സ്ഫോടനാത്മക ബാറ്റിങ്ങിന് ഒരുക്കിയെടുത്തത് സാക്ഷാൽ യുവരാജ് സിങ് ആണെന്നും നമ്മൾ ഇതിനോടകം പല വീഡിയോകളിലൂടെ കണ്ടറിഞ്ഞിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ ദിവസം ഇന്ത്യ എ-ഓസ്ട്രേലിയ എ ടീമുകളുടെ നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ പ്രഭ്‌സിമ്രാൻ നേടിയ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ പരമ്പര ജയം നേടിയിരുന്നു. 66 പന്തിലാണ് പഞ്ചാബി താരം അതിവേഗം സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്.
യുവി പാജി പ്രഭ്‌സിമ്രാന് ബാറ്റിങ് പരിശീലനം നൽകുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യക്കായി മികവുറ്റ ഭാവി ക്രിക്കറ്റർമാരെ പരിശീലിപ്പിക്കുന്നതിൽ യുവരാജിനുള്ള മിടുക്ക് ഒന്ന് വേറെ തന്നെയാണെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പ്രഭ്‌സിമ്രാൻ സിങ്, അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, പ്രിയാംശ് ആര്യ എന്നിങ്ങനെ യുവരാജ് സിങ് അക്കാദമിയിൽ നിന്ന് പണി പഠിച്ച ആരും പിന്നീട് മോശമാക്കിയിട്ടില്ല. വൈകാതെ തന്നെ പ്രഭ്‌സിമ്രാനെയും പ്രിയാംശിനെയും ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിൽ കാണാമെന്നും പ്രത്യാശിക്കുന്നവർ ഏറെയാണ്.