
ന്യൂഡല്‍ഹി: 2025–26 ഫുട്ബോൾ സീസൺ കൃത്യസമയത്ത് ആരംഭിക്കണമെന്നും സൂപ്പർ കപ്പും മറ്റ് ആഭ്യന്തര മത്സരങ്ങളും തങ്ങളുടെ നിയന്ത്രണത്തിൽ നടത്തണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) നിർദേശം നല്‍കി സുപ്രീം കോടതി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) നടത്തുന്നതിന് വാണിജ്യ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് സുതാര്യമായി ടെൻഡർ വിളിക്കണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് എഐഎഫ്എഫിനോട് നിർദേശിച്ചു.
എഐഎഫ്എഫും ദീർഘകാല വാണിജ്യ പങ്കാളിയായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) വരാനിരിക്കുന്ന സീസണിനായി ഒരു സംയുക്ത പ്രമേയം സമർപ്പിച്ചതോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഭരണഘടന അന്തിമമാക്കുന്നതുവരെ എഐഎഫ്എഫ് പുതിയ കരാറുകളിൽ ഏർപ്പെടുന്നത് തടഞ്ഞ കോടതി ഉത്തരവ് കാരണം ഐഎസ്എല്‍ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു.
2025–26 സീസൺ സൂപ്പർ കപ്പോടെ ആരംഭിക്കുമെന്ന് ഇരുപക്ഷവും സമ്മതിച്ചതായി കോടതിയെ അറിയിച്ചു. എഐഎഫ്എഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആഭ്യന്തര ടൂർണമെന്റാണ് സൂപ്പർ കപ്പ്. ഐഎസ്എല്‍ തുടങ്ങും വരെ ടീമുകളെ സജീവമാക്കി നിർത്താനാണ് ഇത്തരത്തില്‍ ഒരു തീരുമാനം.
ഫിഫ, എഎഫ്സി ചട്ടങ്ങൾ, ദേശീയ കായിക നിയമാവലി, 2025ലെ പുതിയ ദേശീയ കായിക ഭരണ നിയമം എന്നിവയ്ക്ക് അനുസൃതമായി 2025 ഒക്ടോബർ 15നകം ഐഎസ്എൽ അവകാശങ്ങൾക്കായി തുറന്ന ടെൻഡർ വിളിക്കും. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന് കീഴിലുള്ള കരാർ അവകാശങ്ങൾ എഫ്എസ്ഡിഎൽ ഉപേക്ഷിച്ചുവെന്നും എഐഎഫ്എഫിന് ഒരു പുതിയ പങ്കാളിയെ കൊണ്ടുവരാൻ അനുവദിക്കുന്ന ഒരു നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. എഫ്എസ്ഡിഎൽ തങ്ങളുടെ സാമ്പത്തിക കുടിശ്ശികകൾ തീർത്തുവെന്നും സീസൺ നടത്തുന്നതിന് എഐഎഫ്എഫിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമെങ്കിൽ മുൻകൂർ പേയ്‌മെന്റുകൾ നൽകുമെന്നും കോടതി അറിയിച്ചു.
സുതാര്യത ഉറപ്പാക്കാന്‍ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൽ. നാഗേശ്വര റാവു ടെന്‍ഡർ പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കും. സഹായത്തിനായി വിദഗ്ധരെ ഒപ്പം നിയമിക്കാനുള്ള അധികാരവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.